‘അലക്ഷ്യമായി റോഡ് മുറിച്ചുകടക്കരുത്’
text_fieldsദുബൈ: അലക്ഷ്യമായി റോഡ് മുറിച്ചുകടക്കുന്നതിനെതിരെ ബോധവത്കരണവുമായി ദുബൈ പൊലീസ്. റോഡപകടങ്ങൾ കുറക്കാനും ജീവൻ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രത്യേക റോഡ് സുരക്ഷാ ബോധവൽകരണ വർക്ക്‌ഷോപ് സംഘടിപ്പിച്ചു. കാൽനടയാത്രക്കാരുടെ സുരക്ഷിതത്വത്തിലൂന്നിയ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനും നിശ്ചിത സ്ഥലങ്ങളിലൂടെ മാത്രം റോഡ് മുറിച്ചുകടക്കാൻ പ്രേരിപ്പിക്കുന്നതിനുമായി ദുബൈ പൊലീസ് സംഘടിപ്പിച്ച പരിപാടിയിൽ 450ലധികം പേർ പങ്കെടുത്തു.
ട്രാഫിക് സുരക്ഷാ സംവിധാനത്തിന്‍റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ് കാൽനടയാത്രക്കാരുടെ സുരക്ഷയെന്ന് ദുബൈ പൊലീസിലെ ജനറൽ ഡിപാർട്ട്മെന്‍റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ പറഞ്ഞു. നിശ്ചിത കാൽനട ക്രോസിങ്ങുകൾ ഉപയോഗിക്കുന്നത് ജീവൻ സംരക്ഷിക്കുന്നതിലും റോഡപകടങ്ങൾ കുറക്കുന്നതിലും നേരിട്ട് പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘അലക്ഷ്യമായി റോഡ് മുറിച്ചുകടക്കുന്നത് ഏറ്റവും അപകടകരമായ റോഡ് ശീലങ്ങളിൽ ഒന്നാണ്. ഇത് പലപ്പോഴും ഗുരുതരമായ പരിക്കുകൾക്കോ മരണത്തിനോ കാരണമാകുന്നു. അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നത് സമയം ലാഭിക്കുമെന്ന് ചിലർ കരുതുന്നു. എന്നാൽ, അത്തരം ധിറുതി പിടിച്ച പെരുമാറ്റം ദാരുണമായ അപകടങ്ങളിലേക്കോ, സ്ഥിരമായ പരിക്കുകളിലേക്കോ, അല്ലെങ്കിൽ മറ്റ് വാഹനങ്ങൾ കൂടി ഉൾപ്പെടുന്ന തുടർച്ചയായ അപകടങ്ങളിലേക്കോ നയിച്ചേക്കാം’ -അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

