ചിത്രങ്ങൾ പകർത്തരുത്; മുന്നറിയിപ്പുമായി അറ്റോർണി ജനറൽ
text_fieldsഅബൂദബി: രാജ്യത്ത് ഡ്രോൺ ചീളുകളോ മറ്റോ വീഴുന്ന സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുകയോ പ്രസിദ്ധീകരിക്കുകയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് യു.എ.ഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ശംസി മുന്നറിയിപ്പ് നൽകി. ഇത്തരം ദൃശ്യങ്ങളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്നത് പൊതുജനങ്ങളിൽ ആശങ്കയും രാജ്യത്തെ യഥാർഥ അവസ്ഥയെ കുറിച്ച് മോശം ധാരണയും സൃഷ്ടിക്കാമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ജീവിതം സാധാരണ നിലയിലാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവസ്ഥലങ്ങൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് അധികൃതരുടെ രക്ഷാപ്രവർത്തനത്തെയും നിയന്ത്രണ നടപടികളെയും ബാധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള ദൃശ്യങ്ങളോ തെറ്റായ വിവരങ്ങളോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് നിയമലംഘനമാണെന്ന് അറ്റോർണി ജനറൽ മുന്നറിയിപ്പ് നൽകി. നിർമ്മിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നതും ഗുരുതര കുറ്റമാണെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുകയും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ നിയമങ്ങൾ പാലിക്കുകയും വേണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

