വാഹനമോടിക്കുമ്പോൾ ശ്രദ്ധ തെറ്റരുത്; മുന്നറിയിപ്പുമായി ഷാർജ പൊലീസ്
text_fieldsനടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കുന്ന വാൻ
ഷാർജ: വാഹനമോടിക്കുമ്പോൾ ശ്രദ്ധ തെറ്റുന്നത് ഗുരുതര അപകടങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പുമായി ഷാർജ പൊലീസ്. എമിറേറ്റിൽ സ്ഥാപിച്ച സ്മാർട്ട് കാമറയിൽ പതിഞ്ഞ ഗുരുതര അപകടത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് അധികൃതർ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
റോഡുകൾ 24 മണിക്കൂറും ജാഗ്രതയോടെ നിരീക്ഷിക്കുന്ന സേനയുടെ ഹൈടെക് ഓപറേഷൻസ് സെന്ററിൽ നിന്ന് ആരംഭിക്കുന്ന രീതിയിലാണ് വിഡിയോ ദൃശ്യമുള്ളത്. തുടർന്ന് തിരക്കേറിയ ഒരു കവലയിൽ കറുത്ത വാൻ സാധാരണ വേഗതയിൽ സഞ്ചരിക്കുന്നതും പിന്നീട് പെട്ടെന്ന് പാതയിൽ നിന്ന് വ്യതിചലിക്കുന്നതും കാണാം. ബ്രേക്ക് ചെയ്യാതെ, വാഹനം നടപ്പാതയിലേക്ക് കയറുകയും ഡിവൈഡറുകൾ കടന്ന് റോഡിന്റെ എതിർവശത്തുള്ള കോൺക്രീറ്റ് ബാരിയറും ട്രാഫിക് സിഗ്നലും ഇടിച്ച് തകർക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
ആഘാതത്തിന്റെ ശക്തിയിൽ വാനിന്റെ ചില ഭാഗങ്ങൾ തകർന്ന് റോഡിൽ വീഴുന്നുമുണ്ട്. മൊബൈൽ ഫോൺ ഉപയോഗമോ മറ്റ് കാരണങ്ങളാലോ ഡ്രൈവറുടെ ശ്രദ്ധ തെറ്റിയതാണെന്നാണ് കണക്കാക്കുന്നത്.
വാഹനമോടിക്കുമ്പോൾ പൂർണമായും ശ്രദ്ധ പാലിക്കണമെന്ന് ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ഷാർജ പൊലീസ് ഓർമിപ്പിച്ചു. ഒരു സെക്കന്റിന്റെ അശ്രദ്ധ അപകടത്തിന് കാരണമാകുമെന്നും ദൃശ്യം ഓർമിപ്പിക്കുന്നു. ഷാർജയിൽ അശ്രദ്ധമായ ഡ്രൈവിങ് മൂലമുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്നത് തടയുന്നതിനായി ഫെഡറൽ ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കിവരികയാണ്.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതോ മറ്റ് തരത്തിലുള്ള ശ്രദ്ധ തിരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോ പിടിക്കപ്പെട്ടാൽ 800 ദിർഹം പിഴയും ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.
എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഈ നടപടികൾ നിർണായകമാണെന്ന് അധികൃതർ വ്യക്തമാക്കി. വാഹനമോടിക്കുന്നവർ ഫോണുകൾ മാറ്റിവെക്കാനും ഗതാഗതനിയമങ്ങൾ പാലിക്കാനും ജാഗ്രത പാലിക്കാനും ഷാർജ പൊലീസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

