ദൈവത്തിെൻറ സ്വന്തം നാട്ടുകാര്‍ക്ക് കണ്ട് പഠിക്കാം
text_fieldsറാസല്‍ഖൈമ: വിശപ്പിനെ കൊല്ലുന്നതിന് പകരം മനുഷ്യ ജീവനെടുത്ത കേരളത്തിെൻറ കറുത്ത മന$സാക്ഷിക്ക് മുന്നിലേക്ക് മണലാരണ്യത്തില്‍ നിന്ന് നന്മയുടെ പ്രകാശം പ്രസരിപ്പിക്കുകയാണ് നാഡ്ജെയും സംഘവും. പ്രവാസലോകത്ത് വിജയകിരീടം ചൂടിയവരുടെ വാര്‍ത്തകള്‍ക്കുമപ്പുറം സഹജീവികളുടെ പ്രശ്നപരിഹാരത്തിന് സമയവും പണവും ചെലവഴിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വേറിട്ട സേവന പാതയിലൂടെയാണ് ഫ്രഞ്ചുകാരി നാഡ്ജെയുടെയും കൂട്ടരുടെയും സഞ്ചാരം. മരുഭൂമിയില്‍ അലഞ്ഞു തിരിയുന്ന പക്ഷി മൃഗാദികളുടെ സംരക്ഷണം ഏറ്റെടുത്താണ് റാസല്‍ഖൈമ അല്‍ ജസീറ അല്‍ ഹംറ പ്രദേശത്ത് ഈ ഒമ്പതംഗ സംഘത്തിെൻറ പ്രവര്‍ത്തനം. ഒരു കാലത്ത് യാത്രക്കും ചരക്ക് നീക്കത്തിനും കാര്‍ഷിക വൃത്തിക്കും മുഖ്യ ആശ്രയമായിരുന്ന കഴുതകളുടെ അതിജീവനത്തിനാണ് തങ്ങള്‍ മുഖ്യ ശ്രദ്ധ പതിപ്പിക്കുന്നതെന്ന് നാഡ്ജെ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ കഴുതകള്‍ പുറമ്പോക്കിലേക്ക് തള്ളപ്പെടുകയായിരുന്നു. ആരോഗ്യകരമായ പ്രകൃതിക്കും ഭാവി തലമുറയുടെ സുരക്ഷക്കും ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തണം. ഓരോ ചെറു പ്രാണികളും മൃഗങ്ങളും മനുഷ്യ സമൂഹത്തിെൻറ ആരോഗ്യകരമായ നിലനില്‍പ്പിന് ചെറുതല്ലാത്ത പങ്കാണ് വഹിക്കുന്നത്. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഒട്ടകങ്ങളെയും ആടു മാടുകളെയും പോലെ കഴുതകള്‍ക്കും ഭക്ഷണവും വെള്ളവും ആരോഗ്യ പരിപാലനവും സമൂഹം ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍, വര്‍ത്തമാനകാലത്ത് ഇവ വംശനാശ ഭീഷണി വരെ നേരിടുകയാണെന്ന് നാഡ്ജെ അഭിപ്രായപ്പെട്ടു.
തെരുവിലെ മൃഗ സുരക്ഷക്ക് ഇറങ്ങിയ സംഘത്തില്‍ ഉദ്യോഗസ്ഥരും ബിസിനസുകാരുമുണ്ട്. ജോലി സമയം ക്രമീകരിച്ചാണ് ഓരോ അംഗവും മൃഗ പരിപാലനത്തിനിറങ്ങുന്നത്. ജസീറയിലെ ഹോട്ടലുകളില്‍ നിന്നും റാക് പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന പഴവര്‍ഗങ്ങളും പച്ചക്കറികളും റൊട്ടിയും വെള്ളവുമെല്ലാം മൃഗങ്ങള്‍ വ്യാപരിക്കുന്നയിടങ്ങളിലെത്തിക്കും. വാഹനങ്ങള്‍ തട്ടിയും മറ്റും പരിക്കേല്ക്കുന്നവയെയും ചികില്‍സ ആവശ്യമുള്ളവയെയും റാക് ആനിമല്‍ വെല്‍ഫെയര്‍ സെന്ററില്‍ എത്തിക്കും. സൗജന്യ സേവനമാണ് മിണ്ടാപ്രാണികള്‍ക്ക് ഇവിടെ നല്‍കുന്നത്. സെൻററില്‍ നിന്ന് നല്ല പിന്തുണയാണ് ഈ സംഘാംഗങ്ങള്‍ക്ക് ലഭിക്കുന്നത്്. മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നല്കിയ ശേഷം യാതൊരു വിമുഖതയുമില്ലാതെയുള്ള സംഘാംഗങ്ങളുടെ ശുചീകരണ പ്രവൃത്തികളും ശ്രദ്ധേയമാണ്.
ഭക്ഷണവും വെള്ളവും ആരോഗ്യ സുരക്ഷയും ഭാവിയിലെ അതിജീവനവുമാണ് കഴൂതകള് നേരിടുന്ന സുപ്രധാന പ്രശ്നങ്ങളെന്ന് നാഡ്ജെ വ്യക്തമാക്കി. ജസീറയിലെ മരുഭൂമി കേന്ദ്രീകരിച്ച് ഒട്ടേറെ കഴുതകളാണുള്ളത്. വാഹനങ്ങള്‍ ഇടിച്ചിടുന്നതിന് പുറമെ ജനങ്ങളുടെ ക്രൂര വിനോദങ്ങള്‍ക്കും ഒട്ടകങ്ങളും ആടുകളും കഴുതകളും നേരിടുന്നുണ്ട്്. 2015 ആഗസ്റ്റിലും 2017 ജനുവരിയിലും ഈ പ്രദേശത്ത് മൃഗങ്ങളെ വെടിവെച്ച് കൊന്നിരുന്നു. അശ്രദ്ധമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബാഗുകളും മറ്റും മൃഗങ്ങളെ ദുരന്തത്തിലകപ്പെടുത്തുന്ന ഘടകങ്ങളാണ്. വിശന്ന് അലയുന്ന മൃഗങ്ങള്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ ഭക്ഷിക്കുന്നത് അവയുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്നു. പരിസ്ഥിതി സന്തുലനം നിലനിര്‍ത്തുന്നതിനും സമാധാനപൂര്‍ണമായ ലോകത്തിനും മനോഹരമായ മൃഗങ്ങള്‍ ആരോഗ്യപൂര്‍ണമായി കഴിയേണ്ടത് അനിവാര്യമാണെന്നും നാഡ്ജെ തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
