‘ഡിവൈസുകൾ സംഭാവന ചെയ്യാം’ കാമ്പയിന് മികച്ച പ്രതികരണം
text_fields‘ഡിജിറ്റൽ സ്കൂൾ’ ആരംഭിച്ച ‘ഡിവൈസുകൾ സംഭാവന ചെയ്യാം’ കാമ്പയിനിൽ ശേഖരിച്ച ഉപകരണങ്ങൾ വിദേശത്തെ സ്കൂളിൽ എത്തിക്കുന്നു
ദുബൈ: യു.എ.ഇ ‘ഡിജിറ്റൽ സ്കൂൾ’ ആരംഭിച്ച ‘ഡിവൈസുകൾ സംഭാവന ചെയ്യാം’ കാമ്പയിനിന്‍റെ രണ്ടാം പതിപ്പിന് മികച്ച പ്രതികരണം. ലക്ഷം ഉപകരണങ്ങൾ സമാഹരിക്കാനുള്ള ലക്ഷ്യവുമായി ആരംഭിച്ച പദ്ധതിയിൽ ഇതിനകം 70 ശതമാനം കൈവരിച്ചതായി അധികൃതർ അറിയിച്ചു.
എമിറേറ്റ്സ് റെഡ് ക്രസന്‍റിന്‍റെ സഹകരണത്തോടെ 2025 ആഗസ്റ്റിൽ ആരംഭിച്ച പദ്ധതി 140 ലധികം സർക്കാർ, സ്വകാര്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ ശേഖരിച്ച് സുരക്ഷിതമായി ഡാറ്റ നീക്കം ചെയ്ത് പുനരുദ്ധരിച്ച് ആവശ്യക്കാരായ വിദ്യാർഥികൾക്ക് വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതിനകം പദ്ധതിയുടെ ഭാഗമായി ഏകദേശം 320 മെട്രിക് ടൺ ഭാരമുള്ള ഉപകരണങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഇതിലൂടെ 320 ടൺ കാർബൺ പുറന്തള്ളൽ കുറക്കാനും 15 ലക്ഷം കിലോവാട്ട് വൈദ്യുതി ലാഭിക്കാനും 460,000 ലിറ്റർ ഇന്ധനം സംരക്ഷിക്കാനും സാധിച്ചതായി അധികൃതർ വ്യക്തമാക്കുന്നു. കൂടാതെ വലിയ തോതിലുള്ള ഇ-മാലിന്യം കുറക്കാനും ഇത് സഹായിച്ചു.
പുതുക്കിയ ഉപകരണങ്ങൾ ജോർഡൻ, മൗറിത്താനിയ, ലബനാൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്കും യു.എ.ഇയിലെ സ്കൂളുകളിലേക്കും ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ ലിസോതോ, നമീബിയ, അംഗോള എന്നീ രാജ്യങ്ങളിലേക്ക് 1050 കമ്പ്യൂട്ടറുകളും അയച്ചു. ഇതുവഴി 30 സ്കൂളുകളിൽ ഡിജിറ്റൽ പഠന സൗകര്യം ഒരുക്കിയതായും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
കൂടുതൽ പേർ ഉപകരണങ്ങൾ സംഭാവന ചെയ്ത് ഈ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന് അധികൃതർ അഭ്യർഥിച്ചു. എമിറേറ്റ്സ് റെഡ് ക്രസന്റുമായി സഹകരിച്ച് ഔദ്യോഗിക ചാനലുകൾ വഴിയോ കാമ്പയിനിന്റെ വെബ്‌സൈറ്റായ www.donateyourowndevice.org വഴിയോ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ സംഭാവന ചെയ്തുകൊണ്ടോ സാമ്പത്തിക സംഭാവനകൾ നൽകിയോ കാമ്പയിനിൽ പങ്കാളികളാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

