ഗാര്‍ഹിക പീഡനം: ഗൃഹനാഥന് ആറുമാസം തടവുശിക്ഷ
text_fieldsറാസല്‍ഖൈമ: ഗാര്‍ഹിക പീഡന പരാതിയിൽ പത്ത് കുട്ടികളുടെ പിതാവിന് ആറു മാസം തടവുശിക്ഷ വിധിച്ച് റാസല്‍ഖൈമ കോടതി. ഭാര്യയെയും വീട്ടു ജോലിക്കാരിയെയും മർദിക്കുക, മക്കളെ അവഗണിക്കുക തുടങ്ങി ഒന്നിലേറെ കുറ്റകൃത്യങ്ങളാണ് പിതാവിനെതിരെ പൊലീസ് ചുമത്തിയത്.
മദ്യപാനാസക്തിയാണ് പ്രതിയെ കുടുംബത്തിനെതിരെയുള്ള ഉപദ്രവങ്ങളിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍. അക്രമാസക്തമായ പെരുമാറ്റം ഇയാളുടെ സര്‍ക്കാര്‍ ജോലി നഷ്ടപ്പെടുന്നതിനും ഇടയാക്കി. ഭാര്യയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് പ്രതിക്ക് മേലുള്ളത്. ഇതില്‍ മൂന്ന് കേസുകളില്‍ കോടതി വിധി പുറപ്പെടുവിച്ചു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഭാര്യ സഖര്‍ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
ഭാര്യയെ ആക്രമിച്ചതിന് പുറമെ മക്കളെ അവഗണിച്ചതായും പ്രോസിക്യൂഷൻ ആരോപിച്ചു. ദമ്പതികള്‍ക്ക് രണ്ട് ജോടി ഇരട്ടകളുള്‍പ്പെടെ 10 കുട്ടികളുണ്ട്. കുട്ടികള്‍ പോഷകാഹാര കുറവുള്ളവരാണെന്നും അവഗണന മൂലം ശാരീരിക-മാനസികാഘാതമേറ്റതായും അന്വേഷണത്തില്‍ കണ്ടെത്തി. വീട്ടില്‍ വൈദ്യുതി, ജലം, ഫര്‍ണിച്ചര്‍ തുടങ്ങി അവശ്യ ജീവിത സാഹചര്യങ്ങളും പ്രതി ഒരുക്കിയിരുന്നില്ല. പീഡനം സ്ഥിരീകരിക്കുന്ന മെഡിക്കല്‍ തെളിവുകള്‍ പരിശോധിക്കുകയും ഇരകളുടെ മൊഴി രേഖപ്പെടുത്തിയുമാണ് നിയമ നടപടികള്‍ മുന്നോട്ടു പോയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ചോദ്യം ചെയ്യലില്‍ പ്രതി മദ്യം കഴിക്കുന്നത് നിഷേധിച്ചെങ്കിലും തെളിവുകള്‍ എതിരായിരുന്നു. ഭാര്യയെ ആക്രമിച്ച കേസില്‍ ആറു മാസം തടവും 10,000 ദിര്‍ഹം പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.
കുട്ടികളെ അവഗണിച്ചതിനും പീഡന കുറ്റം ഉള്‍പ്പെടെയുള്ള കേസുകളിലും കോടതി അന്തിമ വിധി പറഞ്ഞിട്ടില്ല. ഇതുള്‍പ്പെടെയുള്ള മറ്റു കേസുകള്‍ പരിശോധിച്ചുവരുകയാണെന്ന് കോടതി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.