ഭാര്യയെ മർദിച്ച കേസ്: ഭര്‍ത്താവ് 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധി
text_fieldsഅബൂദബി: ഭാര്യയെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവ് 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് അബൂദബി അല്‍ ദഫ്റ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഉത്തരവിട്ടു. നാവില്‍ ആഴത്തിലുള്ള മുറിവേല്‍ക്കുകയും മുകള്‍നിര പല്ലുകള്‍ ഒടിയുകയും വലത് തോളിന് ചതവുപറ്റുകയും ചെയ്ത സംഭവത്തിലാണ് കോടതി വിധി.
ഭര്‍ത്താവിനെതിരെയുള്ള അന്തിമ ക്രിമിനല്‍ ശിക്ഷാവിധി സിവില്‍ നടപടിക്രമങ്ങളിലും ബാധകമാണ്. ആക്രമണം നടന്നതായി വ്യക്തമായെന്നും അതിന് ഭര്‍ത്താവാണ് ഉത്തരവാദിയെന്നും കോടതി വ്യക്തമാക്കി. സിവില്‍ ബാധ്യതക്ക് ആവശ്യമായ തെറ്റായ പ്രവൃത്തി, നാശനഷ്ടം, ഇവ തമ്മിലുള്ള ബന്ധം എന്നിവയും കേസില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ പൗരനായ ഭര്‍ത്താവിനെതിരെ പരിക്കുകള്‍ മൂലം ഉണ്ടായ ഭൗതിക, മാനസിക, ശാരീരിക, സൗന്ദര്യപരമായ നഷ്ടങ്ങള്‍ക്ക് ഒരുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഭാര്യ കോടതിയെ സമീപിച്ചത്. ഇതിനുപുറമേ അഞ്ചു ശതമാനം വൈകിയുള്ള പലിശയും കോടതി ചെലവുകളും അഭിഭാഷക ഫീസും നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് മുറിയില്‍ അതിക്രമിച്ചുകയറി മുഖത്തും ശരീരത്തിലും അടിക്കുകയായിരുന്നുവെന്നും, ആക്രമണത്തില്‍ പരിക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും കേസില്‍ പറയുന്നു. ശാരീരിക ഉപദ്രവം ഏല്‍പ്പിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവിന് നേരത്തെ ക്രിമിനല്‍ കോടതി രണ്ട് മാസത്തെ തടവ് ശിക്ഷ വിധിച്ചിരുന്നുവെങ്കിലും ശിക്ഷ നടപ്പാക്കുന്നത് സസ്‌പെന്‍ഡ് ചെയ്യുകയും 10,000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് സിവില്‍ കേസ് ബന്ധപ്പെട്ട കോടതിയിലേക്ക് മാറ്റുകയായിരുന്നു. നഷ്ടപരിഹാര തുകയായ 100,000 ദിര്‍ഹത്തിന് ആധാരമായ ഭൗതികവും ഭാവിയിലുള്ളതുമായ നഷ്ടങ്ങളുടെ വ്യാപ്തിയും മൂല്യവും തെളിയിക്കുന്നതില്‍ ഭാര്യ പരാജയപ്പെട്ടുവെന്ന് കാണിച്ച് കേസ് തള്ളിക്കളയണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ക്രിമിനല്‍ നടപടികള്‍ക്ക് ആധാരമായ നിയമവിരുദ്ധ പ്രവൃത്തി തന്നെയാണ് ഭാര്യയുടെ സിവില്‍ അവകാശവാദത്തിനും അടിസ്ഥാനമെന്ന് കോടതി വ്യക്തമാക്കി. ക്രിമിനല്‍ കേസ് അന്തിമമായതിനാല്‍ ആക്രമണവും അതിന്‍റെ നിയമപരമായ സ്വഭാവവും ഭര്‍ത്താവിന്‍റെ ഉത്തരവാദിത്തവും കോടതിയില്‍ പൂർണമായും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെന്ന് വിധിയില്‍ ചൂണ്ടിക്കാട്ടി. ഭാര്യയുടെ നാവില്‍ ആഴത്തിലുള്ള മുറിവും മുകള്‍നിര പല്ലുകള്‍ക്ക് ഒടിവും വലത് തോളിന് ചതവും സംഭവിച്ചതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ടെന്നും, ഈ പരിക്കുകള്‍ ആക്രമണത്തിന്‍റെ നേരിട്ടുള്ള ഫലമാണെന്നും കോടതി നിരീക്ഷിച്ചു.
ഈ സംഭവം ഭാര്യക്ക് കടുത്ത മാനസികവും വൈകാരികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയതായും, അതിനും ഭര്‍ത്താവ് നഷ്ടപരിഹാരം നല്‍കാന്‍ നിയമപരമായി ബാധ്യസ്ഥനാണെന്നും കോടതി കണ്ടെത്തി. ഇതേതുടര്‍ന്നാണ് ഭര്‍ത്താവ് ഭൗതികവും ധാർമികവുമായ നഷ്ടപരിഹാരമായി 50,000 ദിര്‍ഹവും, തുക പൂർണമായി അടച്ചുതീരുന്നത് വരെ പ്രതിവര്‍ഷം നാലുശതമാനം നിരക്കില്‍ പലിശയും നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്. കൂടാതെ കോടതി ചെലവുകളും അഭിഭാഷക ഫീസായി 200 ദിര്‍ഹവും നല്‍കാനും കോടതി ഉത്തരവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

