നിങ്ങൾക്ക് മാനസികാരോഗ്യ പിന്തുണ വേണോ? അരികിലുണ്ട് ‘ഇത്മഇൻ’
text_fieldsദുബൈ: എമിറേറ്റിലെ താമസക്കാർക്ക് മാനസികാരോഗ്യ പിന്തുണ നൽകുന്നതിന് ‘ഇത്മഇൻ’ എന്ന പേരിൽ പുതിയ ഹെൽപ്ലൈൻ സംരംഭം ആരംഭിച്ച് ദുബൈ അധികൃതർ. മാനസികമായ പ്രശ്നങ്ങൾക്കുള്ള പരിഹാരത്തിനും മാർഗനിർദേശങ്ങൾക്കുമായി ദുബൈയിലെ പൗരൻമാർ, താമസക്കാർ, സന്ദർശകർ തുടങ്ങിയവർക്ക് തികച്ചും സ്വകാര്യമായ ഈ ഹെൽപ്ലൈനിൽ സഹായം തേടാം. 800506 എന്നതാണ് ഹോട്ട്ലൈൻ നമ്പർ. സേവനങ്ങൾ പൂർണമായും സൗജന്യമായിരിക്കും.
ഈ നമ്പറിൽ വിളിക്കുന്നവരെ മാനസികാരോഗ്യ രംഗത്ത് വിദഗ്ധരായ കൗൺസിലർമാരുമായി ബന്ധിപ്പിക്കുകയും ഇവർ ആവശ്യമായ മാർഗ നിർദേശങ്ങളും സഹായങ്ങളും നൽകുകയും ചെയ്യും. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ അർധരാത്രിവരെ ഹോട്ട്ലൈൻ നമ്പർ ലഭ്യമാകും.
ദുബൈ ഹെൽത്ത്, കമ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി (സി.ഡി.എ) എന്നിവരുടെ സംയുക്ത സഹകരണത്തിലൂടെ അവതരിപ്പിച്ചിരിക്കുന്ന പുതിയ സംരംഭം സമൂഹത്തിന്‍റെ ആണിക്കല്ല് എന്ന നിലയിൽ മാനസികാരോഗ്യത്തിന് മുൻഗണന നൽകുന്നതിൽ ദുബൈ സർക്കാറിന്‍റെ ഏകീകൃത സമീപനമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സംരംഭത്തിലേക്ക് സന്നദ്ധ സേവനം ചെയ്യാൻ ആഗ്രഹിക്കുന്ന വൈദ്യശാസ്ത്രം, നഴ്സിങ്, സൈക്കോളജി, സാമൂഹിക സേവനം എന്നിവയിൽ വിദഗ്ധരായവർക്ക് ദുബൈ നൗ ആപ്ലിക്കേഷനിലൂടെ അപേക്ഷ സമർപ്പിക്കാമെന്ന് സി.ഡി.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

