കേൾവിക്കുറവിനെ എഴുതിത്തള്ളരുത്
text_fieldsഡോ. മനോജ് കെ. രവീന്ദ്രൻ
ഇ.എൻ.ടി സ്പെഷലിസ്റ്റ്
ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ്
നഗരത്തിലെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് അകലെ ശാന്തമായൊരിടത്തു ഹൃദ്യമായ ഗാനങ്ങൾ കേട്ടു വിശ്രമിക്കാൻ ആഗ്രഹിക്കാത്ത ആരും തന്നെയുണ്ടാകില്ല. പ്രകൃതിയുടെയോ അല്ലെങ്കിൽ മനോഹരമായ മറ്റെന്തിെൻറയുമോ ശബ്ദം നിങ്ങളിൽ എത്തുന്നില്ല എങ്കിലോ !!!കേൾവിക്കുറവ് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കാതെ ഒളിഞ്ഞിരിക്കുന്ന ഒന്നു തന്നെയാണ്. നമ്മുടെ പഞ്ചേന്ദ്രിയങ്ങളിൽ ഒന്നായ ചെവിക്ക് മൂന്നു ഭാഗങ്ങളാണുള്ളത്. ബാഹ്യ കർണം, മധ്യ കർണം, ആന്തര കർണം.
നാം കേൾക്കുന്ന ശബ്ദതരംഗങ്ങൾ ബാഹ്യ കർണത്തിലൂടെ കർണപടത്തിൽ എത്തുന്നു. അവിടെ നിന്നും നേരിയ മൂന്നു എല്ലുകളിലൂടെ ഈ തരംഗങ്ങൾ ആന്തരകർണത്തിലെ ഓവൽ വിൻഡോയിലേക്ക് സഞ്ചരിച്ച് അവിടെ നിന്നും കേൾവിയുടെ ഏറ്റവും പ്രധാന ഭാഗമായ കോക്ലിയയിലേക്ക് കടക്കുന്നു. കോക്ലിയയിലെ ചെറു കോശങ്ങളുടെ സഹായത്താൽ ഇത് വൈദ്യുത വികിരണങ്ങളായി മാറുകയും അതു തലച്ചോറിലേക്ക് എത്തുകയുമാണ് ചെയ്യുന്നത്.
കേൾവിക്കുറവ് മൂന്നു തരം:
- 1. കണ്ടക്ടിവ് ഹിയറിങ് ലോസ്:
ബാഹ്യ കർണത്തിലും മധ്യ കർണത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ മൂലം രോഗിക്ക് വരുന്ന കേൾവിക്കുറവിനെയാണ് കണ്ടക്ടിവ് ഹിയറിങ് ലോസ് എന്ന് പറയുന്നത്. ചെവിയിലെ പഴുപ്പ്, ചെവിയിൽ വെള്ളം കെട്ടി നിൽക്കുക, ഇയർ ഡ്രമ്മിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാകുക മുതലായവയാണ് ഇതിനുള്ള പ്രധാന കാരണങ്ങൾ. ഇത്തരം കേൾവിക്കുറവ് കുട്ടികളിൽ സ്ഥിരമായി കാണുന്നതാണ്. നല്ലൊരു ഇ.എൻ.ടി സ്പെഷലിസ്റ്റിന് മരുന്നുകളിലൂടെയും ചെറിയ ശസ്ത്രക്രിയകളിലൂടെയും ഇത്തരം കേൾവിക്കുറവ് പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയും.
- 2. സെൻസറി ന്യൂറൽ ഹിയറിങ് ലോസ്:
ആന്തര കർണത്തിലും നാഡികളിലും ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് സെൻസറി ന്യൂറൽ ഹിയറിങ് ലോസ്. ഹിയറിങ് എയ്ഡ് തന്നെയാണ് ഇതിനുള്ള പരിഹാരം. ചെവിക്കുള്ളിൽ വെക്കുന്നത്, ചെവിക്ക് പുറമെ വെക്കുന്നത്, കണ്ണടയോട് ചേർത്തുവെക്കുന്നത് എന്നിങ്ങനെ പല തരത്തിലുള്ള ഹിയറിങ് എയ്ഡുകൾ ലഭ്യമാണ്.
- 3. മിക്സഡ് ഹിയറിങ് ലോസ്:
നേരത്തെ പറഞ്ഞ രണ്ടു വിഭാഗങ്ങൾ ഒരുമിച്ചു വരുന്ന അവസ്ഥയെയാണ് മിക്സഡ് ഹിയറിങ് ലോസ് എന്ന് വിളിക്കുന്നത് . നിങ്ങൾ സ്ഥിരമായി മറ്റുള്ളവരെ അപേക്ഷിച്ചു ടി.വിയുടെ ശബ്ദം ഉയർത്തി വെക്കാറുണ്ടോ !! കേൾവിക്കുറവ് കണ്ടെത്താൻ വേണ്ടി ചെയ്യുന്ന പരിശോധനയാണ് ഓഡിയോമെട്രി. ഓഡിയോ മീറ്റർ എന്ന ഉപകരണത്തിെൻറ സഹായത്തോടെ വിവിധ ഫ്രീക്വൻസികളിൽ നിങ്ങൾക്ക് എന്തു മാത്രം കേൾവിക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നു മനസ്സിലാക്കാൻ സാധിക്കും. മേൽപറഞ്ഞ എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ അടുത്തുള്ള ഇ.എൻ.ടി സ്പെഷലിസ്റ്റിനെ സമീപിക്കണം.
ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ്ഇയർഫോണുകൾ കേൾവിയെ ബാധിക്കുമോ?
കേള്‍വി ശക്തിയെ ഇയര്‍ ഫോണ്‍ ഉപയോഗം ബാധിക്കുമെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും 60 ഡിബി (ഡെസിബെൽ) ശബ്ദ തീവ്രത നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. പരമാവധി 80 ഡിബി ശബ്ദത്തിൽ ഇയർ ഫോണുകൾ ഉപയോഗിക്കാവുന്നതാണ്. സാധാരണ സംഭാഷണത്തിന് 60 ഡിബി മതിയാകും. അഞ്ചും ആറും മണിക്കൂർ തുടർച്ചയായി ഇയർഫോൺ ഉപയോഗിക്കുന്നത് കേൾവിക്കുറവിന് കാരണമാകും. 10 മിനിറ്റ് നേരം പാട്ടു കേട്ടതിന് ശേഷം അഞ്ച് മിനിറ്റെങ്കിലും ചെവിക്ക് വിശ്രമം നൽകണം. ഉച്ചത്തിൽ പാട്ടു കേൾക്കുന്നത് കേൾവിശക്തി നഷ്ടപ്പെടാൻ ഇടയാക്കും. ഇയർഫോൺ ഉപയോഗം ചെവിയുടെ കനാലില്‍ ഉയർന്ന താപനിലയും ഈർപ്പവും ഉള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇത് ബാക്ടീരിയക്കും ഫംഗസിനും അനുയോജ്യമായ പ്രജനന കേന്ദ്രമാണ്. മൃദുവായ ഇയർബഡുകളുള്ള ഇയർഫോൺ തിരഞ്ഞെടുക്കുന്നത് അണുബാധക്കുള്ള സാധ്യത ഒരു പരിധി വരെ കുറയ്ക്കും. ചെവിക്കായം അഥവ ഇയര്‍വാക്സ് നമ്മുടെയെല്ലാം ചെവിയില്‍ ഉണ്ട്. ചെവിയുടെ സംരക്ഷണത്തിനും ശുചിത്വത്തിനും സുഗമമായ പ്രവര്‍ത്തനത്തിനും എല്ലാം ചെവിക്കായം അത്യാവശ്യമായ ഒന്നാണ്. എന്നാൽ, ഇയർഫോണുകളുടെ ഉപയോഗം ഇയർവാക്സ് ചെവിയുടെ ഉള്ളിൽ കഠിനമായി പറ്റിപ്പിടിച്ചിരിക്കാൻ ഇടയാക്കുന്നു. ഇയർഫോണുകൾ പതിവായി വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. പൊടി, സൂക്ഷ്മാണുക്കൾ, മറ്റേതെങ്കിലും വസ്തുക്കൾ എന്നിവ ഇയർഫോണിൽ പറ്റിപ്പിടിച്ചിരിക്കുന്നുവെങ്കിൽ അത് വൃത്തിയാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
