കുട്ടികളെ മുന്‍ സീറ്റിലിരുത്തി യാത്ര ചെയ്യരുത്; മുന്നറിയിപ്പുമായി അജ്മാൻ പൊലീസ്
text_fieldsഅജ്മാന്: വാഹനത്തിലെ മുന്‍ സീറ്റില്‍ കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നവർക്കെതിരെ പൊലീസ്. ഇത്തരം നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പിഴ ഈടാക്കുമെന്ന് അജ്മാന് പൊലീസ് മുന്നറിയിപ്പുനൽകി. പത്ത് വയസ്സിന് താഴെയുള്ളതോ 145 സെന്റമീറ്ററിൽ താഴെയുള്ളതോ ആയ കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തി യാത്ര ചെയ്യാൻ പടില്ല. ഇത്തരത്തില്‍ കുട്ടികളെ മുന്‍ സീറ്റിലിരുത്തി യാത്ര ചെയ്യുമ്പോള്‍ വാഹനമോടിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാനും കുട്ടികള്‍ വഴി അപകടമുണ്ടാകാനുമുള്ള സാധ്യതയും കണക്കിലെടുത്താണ് പൊലീസ് നിർദേശം. നേരത്തെ പൊലീസ് നല്കിയ മുന്നറിയിപ്പ് അവഗണിച്ച് കുട്ടികള്‍ മുന്‍ സീറ്റിലിരുന്ന് യാത്ര ചെയ്തത് മൂലം നിരവധി അപകടങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് പിഴയടക്കമുള്ള ശക്തമായ നടപടികൾ സ്വീകരിക്കാൻ പൊലീസ് നീങ്ങുന്നത്. ഇതിന്റെ ലംഘനത്തിന് 400 ദിര്‍ഹം പിഴ ഈടാക്കും.
അതേസമയം, കുട്ടികൾ പൊതുറോഡിൽ ഇരുചക്രവാഹനങ്ങളുമായി ഇറങ്ങുന്നത് തടയാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കുട്ടികൾ സൈക്കിളിലും ബൈക്കിലും റോഡിൽ വിലസുന്ന ദൃശ്യങ്ങൾ പങ്കുവെച്ചാണ് പൊലീസിന്റെ മുന്നറിയിപ്പ്. കുട്ടികളുടെ സുരക്ഷയിൽ ആദ്യത്തെ ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണെന്ന് അജ്മാൻ പൊലീസ് പറയുന്നു. റോഡിലിറക്കാൻ അനുമതിയില്ലാത്ത വാഹനങ്ങളുമായി കുട്ടികൾ വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലെത്തുന്നത് വൻ അപകടങ്ങൾക്ക് കാരണമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
അജ്മാനിൽ നേരത്തേ ഇ-സ്കൂട്ടറുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ കുട്ടികൾ പലരും കളിപ്പാട്ടമായി ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങൾ വരെ റോഡിലിറങ്ങാൻ ഉപയോഗിക്കുന്നുണ്ടെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

