വാഹനം റോഡരികിൽ നിർത്തരുത്; എക്സിറ്റിലേക്ക് മാറ്റണം
text_fieldsറോഡരികിൽ നിർത്തിയിട്ട വാഹനത്തിൽ മറ്റൊരു വാഹനം
ഇടിച്ചുണ്ടായ അപകടം
അബൂദബി: വാഹനങ്ങൾ തകരാറിലായാൽ റോഡരികിൽ നിർത്തുന്നതിന്റെ അപകടം വ്യക്തമാക്കുന്ന വിഡിയോ പുറത്തുവിട്ട് അബൂദബി പൊലീസ്. നിർത്തിയിട്ട വാഹനം ശ്രദ്ധിക്കാതെ പിന്നാലെ വന്ന വാഹനം ഇതിൽ ഇടിച്ചുകയറുകയും ഈ സമയം വാഹനത്തിന് സമീപം നിന്നവർ അപകടത്തിൽപെടുന്നതുമാണ് വിഡിയോയിലെ ഒരു ദൃശ്യം.
ഇത്തരം സാഹചര്യങ്ങളിൽ റോഡിന്റെ ഇടത്തേ അരികിലോ വലത്തേ അരികിലോ വാഹനങ്ങൾ നിർത്തരുതെന്നും അടുത്തുള്ള എക്സിറ്റിലേക്ക് മാറ്റിയിട്ട് സുരക്ഷിതരാകണമെന്നും ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടററ്റേ് നിർദേശിച്ചു.
വാഹനം റോഡിൽ നിന്ന് മാറ്റാനാകുന്നില്ലെങ്കിൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് സഹായം തേടണമെന്നും അധികൃതർ നിർദേശിച്ചു. സമാന രീതിയിൽ റോഡിന്റെ വലത്തേ അറ്റത്ത് നിർത്തിയിട്ട വാഹനത്തിലും പിന്നാലെ വരുന്ന വാഹനം ഇടിച്ചുകയറുന്ന ദൃശ്യവും അധികൃതർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
വാഹനമോടിക്കുമ്പോൾ പൂർണശ്രദ്ധ റോഡിലാകണമെന്നും എങ്കിൽ മാത്രമേ അടിയന്തര സാഹചര്യങ്ങളിൽ ദ്രുതഗതിയിൽ പ്രവർത്തിക്കാനാവൂ എന്നും അധികൃതർ പറഞ്ഞു. അശ്രദ്ധമായ ഡ്രൈവിങ് ഗുരുതരമായ പരിക്കിനും മരണത്തിനും വരെ കാരണമാകുമെന്നും പിന്നീട് നിയമനടപടികൾക്ക് വിധേയരാകേണ്ടി വരുമെന്നും ഡയറക്ടറേറ്റ് ഓർമിപ്പിച്ചു.
ഓടിക്കൊണ്ടിരിക്കെ വാഹനം തകരാറിലായാൽ ഉള്ളിൽ ഇരിക്കാതെ പുറത്തിറങ്ങുകയും റോഡിൽ നിന്ന് മാറിനിൽക്കുകയും വേണം, അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ നിർദേശിച്ചിരിക്കുന്ന ഇടമാവണം ഇതിനായി തിരഞ്ഞെടുക്കേണ്ടത്, റോഡിന്റെ അരികിൽ വാഹനം നിർത്തരുത്, വാഹനം സമീപത്തു തന്നെയുള്ള റോഡരികിലെ പാർക്കിങ് സ്ഥലത്തേക്ക് മാറ്റണം, തെറ്റായ പാർക്കിങ്ങിന് 500 ദിർഹം പിഴ ചുമത്തുമെന്നും ഡയറക്ടറേറ്റ് ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

