സൂക്ഷിക്കുക, ഹെഡ്ഫോൺ ഉപയോഗം അമിതമാകരുത്
text_fieldsഅബൂദബി: ഉയർന്നശബ്ദത്തിലുള്ള ഹെഡ്ഫോണിന്റെ അമിത ഉപയോഗം കേൾവിളിയെ പ്രതികൂലമായി ബാധിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായി യു.എ.ഇയിലെ ആരോഗ്യവിദഗ്ധർ. മുതിർന്നവരും കുട്ടികളും വ്യാപകമായി ഹെഡ്ഫോൺ ഉപയോഗിക്കുന്നുണ്ട്. കോവിഡാനന്തരം വർക് ഫ്രം ഹോം അടക്കമുള്ളരീതികൾ വ്യാപകമായതോടെ ഹെഡ് ഫോൺ ഉപയോഗം മുതിർന്നവരിലും വർധിച്ചു. ഉയർന്നശബ്ദത്തിലുള്ള ഹെഡ്ഫോണിന്റെ അമിത ഉപയോഗമാണ് കേൾവിത്തകരാറിന് കാരണമാവുക.
സംഗീതനിശകൾ, കായികപരിപാടികൾ എന്നിവിടങ്ങളിൽനിന്നുള്ള അമിത ശബ്ദവും കേൾവിത്തകരാറിന് കാരണമാവും. 2050ഓടെ ലോകത്ത് 2.5 ബില്യൻ ആളുകൾക്ക് കേൾവിത്തകരാർ സംഭവിക്കുമെന്ന് ലോകാരോഗ്യസംഘടന 2021ലെ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഹെഡ്ഫോണിന്റെ അമിത ഉപയോഗം കേൾവിയെ പ്രതികൂലമായി ബാധിക്കുമെന്ന് ആംബുലേറ്ററി ഹെൽത്ത് കെയർ സർവിസസിലെ ഓഡിയോളജി വിഭാഗം മേധാവി ഡോ. സ്നിതിൻ ശശീന്ദ്രൻ വ്യക്തമാക്കി. കുട്ടികൾ ഹെഡ്ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ അമിതശബ്ദം അനുവദിക്കരുത്. നിരവധി കുട്ടികൾക്ക് കേൾവിക്കുറവുള്ളതിനാലാണ് സ്കൂളിൽ മോശം പ്രകടനം കാഴ്ചവെക്കുന്നത്. വിഡിയോ ഗെയിം നിരന്തരം കളിക്കുന്നതിലൂടെയാണ് അധികം കുട്ടികൾക്കും കേൾവിത്തകരാർ സംഭവിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു.
കുട്ടികളുടെ അമിത ഇന്റര്‍നെറ്റ് ഉപയോഗം അവരെ മാനസികവും ശാരീരികവും വൈകാരികവുമായി ബാധിക്കുന്നത് വെല്ലുവിളിയാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗം വീട്ടുകാര്‍ നിരീക്ഷിക്കണം. അനാവശ്യ ഉള്ളടക്കങ്ങള്‍ കുട്ടികള്‍ കാണുന്നത് തടയാനും ഇന്റര്‍നെറ്റില്‍ വലവിരിക്കുന്ന ചതിയന്മാരുടെ പിടിയില്‍പെടുന്നത് ഒഴിവാക്കാനും കഴിയും. ദിവസവും നാലു മണിക്കൂറോളം സമയം കുട്ടികള്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്നുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ഇത് കുട്ടികളുടെ മാനസികനിലയെ ബാധിക്കും. ദേഷ്യം, വെറുപ്പ്, വിഷാദം, ശാരീരികമായ അസ്വസ്ഥതകള്‍ തുടങ്ങിയവയിലാണ് ഇത് എത്തുകയെന്നും അവർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

