മരുഭൂമിയിലെ പരിചിതമല്ലാത്ത ഔഷധ സസ്യങ്ങൾ കഴിക്കരുത്
text_fieldsഅബൂദബി: ശൈത്യകാലത്ത് മരുഭൂമികളിൽ വളരുന്ന പരിചിതമല്ലാത്ത ഔഷധ സസ്യങ്ങൾ കഴിക്കരുതെന്ന് മുന്നറിയിപ്പുമായി അബൂദബി കാർഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി. മരുഭൂമികളിൽ ക്യാമ്പിങ് നടത്തുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം.
മഴക്കു ശേഷം മരുഭൂമികളിലെ ചിലയിടങ്ങളിലും ക്യാമ്പിങ് സൈറ്റുകളിലും ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമായും ചെടികളും ഔഷധ സസ്യങ്ങളും വളരുന്നുണ്ട്. എന്നാൽ, പരിചിതമല്ലാത്ത ഇത്തരം സസ്യങ്ങൾ കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കാർഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി വ്യക്തമാക്കി.
പരിചയമുള്ള സസ്യങ്ങൾ കഴിക്കുന്നതിന് മുമ്പ് നല്ല പോലെ വൃത്തിയാക്കണം. അതോടൊപ്പം വലിയ അളവിൽ ഇത്തരം സസ്യങ്ങൾ കഴിക്കരുത്. അതോടൊപ്പം മരുഭൂമികളിൽ വിനോദ യാത്ര പോകുന്നവർക്കും ക്യാമ്പ് ചെയ്യുന്നവർക്കും അതോറിറ്റി ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. മാംസം, കോഴി, മത്സ്യം, മുട്ട തുടങ്ങിയ വേഗത്തിൽ നശിച്ചുപോകുന്ന ഭക്ഷണസാധനങ്ങൾ സംഭരിക്കുന്നതിന് കൂളറുകളിൽ ആവശ്യത്തിന് ഐസിന്റെ ലഭ്യത ഉറപ്പാക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
പഴം-പച്ചക്കറികൾ പോലുള്ള പാകം ചെയ്തതോ കഴിക്കാൻ തയാറായതോ ആയ ഭക്ഷണങ്ങളിൽ നിന്ന് വേറിട്ട് പ്രത്യേകം പൊതിഞ്ഞ ബാഗുകളിലായിരിക്കണം മത്സ്യ, മാംസങ്ങൾ സൂക്ഷിക്കേണ്ടത്. ജാം, ചീസ്, ട്യൂണ, ജ്യൂസുകൾ തുടങ്ങിയ ടിന്നിലടച്ച സാധനങ്ങൾ തുറന്നതിന് ശേഷം പൂർണ ഉപഭോഗം ഉറപ്പാക്കാൻ ചെറിയ വലുപ്പത്തിലുള്ള പാക്കറ്റുകൾ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.
അതോടൊപ്പം കൈകളും ഭക്ഷണം പാകം ചെയ്യാനുള്ള ഉപകരണങ്ങളും വൃത്തിയാക്കാൻ പേപ്പർ ടവലുകൾ ഉപയോഗിക്കണം. ബാർബിക്യൂകൾക്കായി പ്രകൃതിദത്തമായ കരിയോ മരമോ ഉപയോഗിക്കാനും ജനങ്ങൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ നിന്ന് അകലം പാലിക്കാനും അതോറിറ്റി നിർദേശിച്ചു. തണുത്തതും ചൂടുള്ളതുമായ ഭക്ഷ്യ വസ്തുക്കൾ സൂക്ഷിക്കാൻ പ്ലാസ്റ്റിക് കണ്ടെയ്നറുകൾ ഉപയോഗിക്കരുത്. ഭക്ഷ്യമാലിന്യങ്ങൾ സീൽ ചെയ്ത ബാഗുകളിലാക്കി വേണം അതത് മാലിന്യ കുട്ടകളിൽ നിക്ഷേപിക്കാനെന്നും അതോറ്റി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

