നിശ്ചിത സ്ഥലത്തല്ലാതെ റോഡ് മുറിച്ചുകടക്കരുത്; മുന്നറിയിപ്പുമായി ഷാർജ പൊലീസ്
text_fieldsനിശ്ചിത സ്ഥലത്തല്ലാതെ റോഡ് മുറിച്ചുകടക്കുന്നതിനിടെ
അപകടമുണ്ടായതിനെതിരായ ബോധവത്കരണത്തിന്റെ
ഭാഗമായി ഷാർജ പൊലീസ് പുറത്തുവിട്ട വിഡിയോ ദൃശ്യം
ഷാർജ: റോഡ് മുറിച്ചുകടക്കുമ്പോൾ നിയമം പാലിക്കണമെന്നും നിശ്ചിത സ്ഥലത്തല്ലാതെ മുറിച്ചുകടക്കരുതെന്നും മുന്നറിയിപ്പ് നൽകി ഷാർജ പൊലീസ്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടമുണ്ടാകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് അധികൃതർ ഇക്കാര്യം ഓർമിപ്പിച്ചത്.
സീബ്ര ലൈനിൽ വാഹനങ്ങൾക്ക് ഗ്രീൻ ലൈറ്റ് ലഭിച്ച ശേഷം മുറിച്ചു കടക്കുന്നതിനിടെ ഒരാളെ കാർ ഇടിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. ഇത്തരം പ്രവൃത്തി സ്വന്തം ജീവിതത്തെയും മറ്റുള്ളവരുടെ ജീവിതത്തെയും അപകടത്തിലാക്കുന്നതാണെന്ന് മുന്നറിയിപ്പിൽ പറഞ്ഞു. ഓരോരുത്തരുടെയും സുരക്ഷ ഉത്തരവാദിത്തമാണെന്നും നിയമം പാലിച്ച് സുരക്ഷിതമായ മുറിച്ചുകടക്കൽ ഉറപ്പാക്കണമെന്നും സന്ദേശത്തിൽ പറഞ്ഞു.
ഇക്കഴിഞ്ഞ മാർച്ചിൽ പരിഷ്കരിച്ച നിയമമനുസരിച്ച് നിശ്ചിത സ്ഥലത്തല്ലാതെ റോഡ് മുറിച്ചു കടന്നാൽ കർശന ശിക്ഷയാണ് ലഭിക്കുക. മുറിച്ചുകടക്കൽ അപകടത്തിന് കാരണമായാൽ 5000 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കാം. കൂടാതെ, 80 കിലോമീറ്ററോ അതിൽ കൂടുതലോ വേഗപരിധിയുള്ള റോഡുകളിൽ നിയമവിരുദ്ധമായി മുറിച്ചുകടക്കുന്നവർക്ക് വലിയ പിഴയും നേരിടേണ്ടിവരും. 10,000 ദിർഹം മുതൽ പിഴയും മൂന്നു മാസത്തിൽ കുറയാത്ത തടവുമാണ് ഇതിനുള്ള ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

