ദിയാ ധനം നൽകാനില്ല, റാഫി ജയിലിനുള്ളിൽ
text_fieldsദുബൈ: പ്രയാസങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പ്രവാസം സ്വീകരിക്കുന്ന എല്ലാ ചെറുപ്പക്കാരെയും പോലെ കൊച്ചു സ്വപ്നങ്ങളുമായാണ് തളിക്കുളത്തു കാരൻ റാഫി യു.എ.ഇയിലേക്ക് വിമാനം കയറിയത്. വീട്ടിലെ കടബാധ്യതകൾ തീർക്കണം, ഒരു പാട് കഷ്ടങ്ങൾ അനുഭവിച്ച ഉമ്മാക്ക് മനസ് നിറയുവോളം സന്തോഷങ്ങൾ നൽകണം, കടങ്ങളെല്ലാം തീർത്ത് ഏറ്റവും പെെട്ടന്ന് ഭാര്യക്കും കുഞ്ഞുങ്ങൾക്കുമൊപ്പം ഇമ്പമുള്ള കുടുംബം കെട്ടിപ്പടുക്കണം. ജുമൈറയിലെ റസ്റ്റോറൻറിൽ ഡെലിവറി ബോയിയായി ജോലിക്ക് കയറിയതോടെ ആ സ്വപ്നങ്ങൾക്ക് ചിറകുവെച്ചു. എല്ലാം എളുപ്പം സഫലമാകുമെന്ന് അവനും പ്രിയപ്പെട്ടവരും കിനാവു കണ്ടു. പക്ഷെ ഇന്ന് സ്വപ്നങ്ങൾ കാണാൻ പോലും അശക്തനാണ് റാഫി. തെൻറതല്ലാത്ത പിഴവിെൻറ പേരിൽ മാസങ്ങളായി ജയിലിൽ കുടുങ്ങിയിരിക്കുന്നു. പുറം ലോകത്തെത്തണമെങ്കിൽ ഒരു ലക്ഷം ദിർഹം (18 ലക്ഷം രൂപ) കണ്ടെത്തണം.
കഴിഞ്ഞ നവംബറിൽ ബൈക്കിൽ സഞ്ചരിക്കവെ മറ്റൊരു ബൈക്ക് പിറകെ വന്നിടിക്കുകയും അത് ഒാടിച്ചിരുന്ന ഇറാനി യുവാവ് മരണപ്പെടുകയുമായിരുന്നു. റാഫി ഒാടിച്ചിരുന്ന കമ്പനി ഉടമസ്ഥതയിലുള്ള ബൈക്കിെൻറ ഇൻഷുറൻസ് പുതുക്കിയിരുന്നില്ലെന്നത് കേസിൽ തിരിച്ചടിയായി.
തുടർന്ന് ദുബൈ കോടതി ഒരു മാസം തടവു ശിക്ഷയും 5600 ദിർഹം പിഴയും മരണപ്പെട്ട യുവാവിെൻറ കുടുംബത്തിന് ഒരു ലക്ഷം ദിർഹം ബ്ലഡ്മണി (ദിയാധനം)യും നൽകാൻ വിധിച്ചു.
ദിയാധനത്തിനുള്ള പണം സംബന്ധിച്ച് തളിക്കുളം മഹല്ല് വെൽഫെയർ നോർത്തേൺ എമിറേറ്റ്സ് കമ്മിറ്റി അംഗങ്ങൾ പലതവണ സംസാരിച്ചെങ്കിലും പിഴ തുകയല്ലാതെ മറ്റൊന്നും നൽകാനാവില്ലെന്ന് മുംബൈ സ്വദേശികളായ റസ്റ്ററൻറ് ഉടമകൾ കൈയൊഴിഞ്ഞതോടെ മാസങ്ങൾ കഴിഞ്ഞിട്ടും റാഫിക്ക് പുറത്തിറങ്ങാനാവുന്നില്ല.
14 വർഷം മുൻപ് പിതാവ് അമ്പലത്തു വീട്ടിൽ ഇബ്രാഹിം കുട്ടി മരണപ്പെട്ടതു മുതൽ കുടുംബത്തിെൻറ ഏക വരുമാന ശ്രോതസാണ് ഇൗ ചെറുപ്പക്കാരൻ. ഒരു സഹായ സമിതി നിർമിച്ചു നൽകിയ വീട്ടിലിരുന്ന് ഇയാളുടെ മോചനത്തിനായി പ്രാർഥിക്കാൻ മാത്രമേ ഉമ്മക്കും ഭാര്യക്കും കഴിയൂ. 18 ലക്ഷം രൂപയെന്നത് അവർക്ക് കൂട്ടിയാൽ കൂടാത്ത തുകയാണ്. പക്ഷെ പ്രവാസലോകത്തെ പത്ത് സഹൃദയർ മനസുവെച്ചാൽ സ്വരൂപിക്കാവുന്നതേയുള്ളൂ ഇൗ പണം. നൻമയുടെ തിരിനാളങ്ങൾ കെട്ടുപോയിട്ടില്ല. പ്രവാസി മലയാളി സമൂഹം മനസു വെക്കും, റാഫി പുറത്തിറങ്ങുക തന്നെ ചെയ്യും. നമുക്ക് കാത്തിരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
