ദീവയുടെ രണ്ടാമത്തെ നാനോ സാറ്റലൈറ്റ് വിക്ഷേപണം ഇന്ന്
text_fieldsവിക്ഷേപണത്തിനൊരുങ്ങിയ ദീവ സാറ്റ്-2
ദുബൈ: ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദീവ) രണ്ടാമത്തെ നാനോ സാറ്റലൈറ്റ് ബുധനാഴ്ച വിക്ഷേപിക്കും. യു.എ.ഇ സമയം രാവിലെ 10.30ന് കാലിഫോർണിയയിലെ വാൻഡൺബർഗ് എയർഫോഴ്സ് ബേസിൽനിന്നാണ് വിക്ഷേപണം. ചൊവ്വാഴ്ച വിക്ഷേപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
സ്പേസ് എക്സ് ഫാൽക്കൺ -9 റോക്കറ്റാണ് ദീവ സാറ്റ്-2വുമായി കുതിക്കുന്നത്. ആദ്യ സാറ്റലൈറ്റ് വിക്ഷേപിച്ച് ഒരുവർഷം പിന്നിടുമ്പോഴാണ് ദീവ അടുത്ത ഉപഗ്രഹം അവതരിപ്പിക്കുന്നത്.
ഭൂമിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് 4.7 മീറ്ററുള്ള ഹൈ റെസല്യൂഷൻ കാമറ ഇതിലുണ്ട്. 2021ൽ ദീവ പ്രഖ്യാപിച്ച സ്പേസ് -ഡി പദ്ധതിയുടെ ഭാഗമായാണ് പുതിയ സാറ്റലൈറ്റ് വിക്ഷേപിക്കുന്നത്. ലിത്വാനിയയിലെ നാനോ ഏവിയോനിക്സിന്റെ സഹകരണത്തോടെ ദീവയുടെ ആർ ആൻഡ് ഡി സെന്ററാണ് ഉപഗ്രഹം നിർമിച്ചത്. വൈദ്യുതി, ജലം തുടങ്ങിയവ വിതരണം ചെയ്യുന്ന ദീവ ഉൾപ്പെടെയുള്ള യൂട്ടിലിറ്റി സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ മാപ്പ് ചെയ്യാനും നിരീക്ഷിക്കാനും പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് മനസ്സിലാക്കാനും ഉപഗ്രഹം ഉപകരിക്കും. ദീവയുടെ സർവിസുകളിൽ ജലം ചോരുന്നത് അടക്കം നിരീക്ഷിച്ച് കണ്ടെത്താനും ഈ സ്ഥാപനങ്ങൾക്ക് സേവനങ്ങൾ മെച്ചപ്പെടുത്താനും ഇതുവഴി കഴിയും. വികസന പ്രവർത്തനങ്ങൾക്കായി ലോകത്ത് ആദ്യമായി നാനോ സാറ്റലൈറ്റ് വിക്ഷേപിച്ച യൂട്ടിലിറ്റി സ്ഥാപനം ദീവയാണ്.
കഴിഞ്ഞ വർഷം ജനുവരിയിലാണ് ദീവ സാറ്റ്-1 വിക്ഷേപിച്ചത്. സാറ്റ് -2വിന്റെ വിക്ഷേപണം തത്സമയം കാണാനും അവസരമൊരുക്കിയിട്ടുണ്ട്. ദീവയുടെ വെബ്സൈറ്റ്, സ്പേസ് എക്സിന്റെ യൂ ട്യൂബ് ചാനൽ (SpaceX) എന്നിവ വഴി തത്സമയം വീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

