ഊർജ വിതരണത്തിൽ എ.ഐ ഉപയോഗം വർധിപ്പിച്ച് ദീവ
text_fieldsദീവയുടെ ബിഗ് ഡേറ്റ അനലറ്റിക്കൽ സെന്റർ
ദുബൈ: സേവനങ്ങളുടെ വിശ്വാസ്യതയും നെറ്റ്വർക്കുകളുടെ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന് ഊർജ വിതരണത്തിൽ നിർമിത ബുദ്ധിയുടെ (എ.ഐ) ഉപയോഗം വർധിപ്പിച്ച് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). സമഗ്രമായ ഡിജിറ്റൽ പരിവർത്തന നയത്തിന്റെ ഭാഗമായാണ് എ.ഐ ഉപയോഗത്തിന്റെ വ്യാപ്തി കൂട്ടാൻ ദീവ തീരുമാനിച്ചിരിക്കുന്നത്. സ്മാർട്ട് ഗ്രിഡ് ആണ് ഈ മാറ്റത്തിൽ പ്രധാനം. 2035 വരെ ഇതിനായി 700 കോടി ദിർഹമാണ് ദീവയുടെ നിക്ഷേപം. ദീവയുടെ വിതരണ ശൃംഖല സ്മാർട്ട് സെന്റർ പ്രതിദിനം 1.5 കോടി യൂനിറ്റ് ഡേറ്റകളാണ് വിശകലനം ചെയ്യുന്നത്. സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നതിൽ ഈ വിശകലന റിപ്പോർട്ടുകളും സംവേദനപരമായ ഡാഷ്ബോർഡുകളും നിർണായകമായ പിന്തുണ നൽകുന്നതായി ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
വൈദ്യുതി ശൃംഖലയിലെ തകരാറുകൾ കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമായി ബിഗ് ഡേറ്റ, എ.ഐ മെഷീൻ ലേണിങ് എന്നിവയും കേന്ദ്രം പ്രയോജനപ്പെടുത്തുന്നു. നവീകരണ പ്രവർത്തനങ്ങളിൽ പ്രതികരണം വേഗത്തിലാക്കാനും ഉപഭോക്താക്കളുടെ സംതൃപ്തി മെച്ചപ്പെടുത്താനും ഇത് സഹായിക്കും. 2024ൽ ഒരു ഉപഭോക്താവിന് 0.94 മിനിറ്റ് മാത്രമാണ് വൈദ്യുതി നഷ്ടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
2024ന്റെ അവസാനത്തിൽ എമിറേറ്റിൽ 6933 കെ.വി സബ്സ്റ്റേഷനുകളും 45,317 മീഡിയം വോൾട്ടേജ് സബ്സ്റ്റേഷനുകളും കമീഷൻ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

