റമദാനിൽ പകൽ ഭക്ഷ്യവിതരണം; പെർമിറ്റ് നൽകിത്തുടങ്ങി
text_fieldsഷാർജ: എമിറേറ്റിൽ റമദാനിലെ പകൽ സമയങ്ങളിൽ ഹോട്ടലുകൾക്ക് മുന്നിൽ ഭക്ഷണ വസ്തുക്കൾ പ്രദർശിപ്പിക്കാനും തയാറാക്കുന്നതിനുമുള്ള പ്രത്യേക പെർമിറ്റുകൾ അനുവദിച്ചു തുടങ്ങി. ഷോപ്പിങ് മാളുകൾക്കുള്ളിൽ പ്രദർശിപ്പിക്കുന്നതിനും പെർമിറ്റ് നിർബന്ധമാണ്. പകൽ സമയങ്ങളിൽ ഔട്ട്ലറ്റുകളിലും റസ്റ്റാറന്റുകളിലും ഭക്ഷണം തയാറാക്കുന്നതിനുള്ള പെർമിറ്റ് ഫീസ് 3,000 ദിർഹമാണ്. എന്നാൽ, റമദാനിന്റെ പകൽ സമയങ്ങളിൽ റസ്റ്റാറന്റിനകത്തേക്ക് ഉപഭോക്താക്കളെ സ്വീകരിക്കാനോ ഭക്ഷണം നൽകാനോ പാടില്ല.
അടുക്കളകളിൽ മാത്രമേ ഭക്ഷണം തയാറാക്കാൻ അനുവദിക്കൂ. ഇഫ്താർ സമയത്തിനു മുമ്പ് ഹോട്ടലുകൾ, കഫ്റ്റീരിയ, ബേക്കറികൾ എന്നിവക്ക് മുന്നിൽ പകൽ സമയങ്ങളിൽ ഭക്ഷണ വസ്തുക്കൾ പ്രദർശിപ്പിക്കുന്നതിനുള്ള പെർമിറ്റിനും അപേക്ഷ സമർപ്പിക്കാം. 5,000 ദിർഹമാണ് പെർമിറ്റ് ഫീസ്.സ്ഥാപനത്തിന്റെ മുൻ ഭാഗത്തുള്ള നടപ്പാതയിൽ ഭക്ഷണം പ്രദർശിപ്പിക്കാമെങ്കിലും മണൽനിറഞ്ഞ ഇടമാകാൻ പാടില്ല. ഭക്ഷണം പ്രദർശിപ്പിക്കുന്നത് തുരുമ്പെടുക്കാത്ത ലോഹ പാത്രങ്ങളായിരിക്കണം.
മിനിമം 100 സെന്റിമീറ്റർ ഉയരമുള്ളതും സ്ലൈഡിങ് അല്ലെങ്കിൽ വിജാഗിരിയുള്ള വാതിലുകൾ ഉള്ളതുമായ ഗ്ലാസ് അലമാരകളിൽ ആയിരിക്കണം ഭക്ഷണം പ്രദർശിപ്പിക്കേണ്ടത്. അലൂമിനിയം ഫോയിൽ, സുതാര്യമായ പ്ലാസ്റ്റിക് കണ്ടെയ്നറുകൾ എന്നിവയിൽ പൊതിഞ്ഞിരിക്കണം. ഉചിതമായ താപനിലയിലായിരിക്കണം ഉൽപന്നങ്ങൾ സൂക്ഷിക്കേണ്ടത്. റഫ്രിജറേറ്ററിൽ സൂക്ഷിച്ചതോ ഫ്രോസണോ ആവാൻ പാടില്ല. ലൈസൻസുള്ള സ്ഥാപനങ്ങളിലായിരിക്കും ഭക്ഷ്യ ഉൽപന്നങ്ങൾ തയാറാക്കേണ്ടത്. അർഹരായവർക്ക് ഷാർജ മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴിയാണ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് പെർമിറ്റ് സേവനങ്ങൾക്ക് അപേക്ഷിക്കേണ്ടത്. റമദാനിന്റെ പകൽ സമയങ്ങളിൽ ഭക്ഷണം തയാറാക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും എല്ലാ വർഷവും മുനിസിപ്പാലിറ്റി പ്രത്യേക പെർമിറ്റ് അനുവദിച്ച് വരുന്നുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയാറാക്കുന്നത് തടയാൻ റമദാനിൽ പ്രത്യേക പരിശോധനകളും മുനിസിപ്പാലിറ്റി നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

