അബൂദബിയിൽ ഡിസ്നി തീം പാർക്ക് വരുന്നു
text_fieldsഅബൂദബിയിൽ ഡിസ്നിയുടെ തീം പാർക്കിന്റെ പ്രഖ്യാപന ചടങ്ങ്
അബൂദബി: ഡിസ്നി ലാന്‍ഡ് അബൂദബിയില്‍ പുതിയ തീം പാര്‍ക്ക് തുറക്കുന്നു. മേഖലയിലെ ആദ്യത്തെയും ലോകത്തിലെ ഏഴാമത്തെയും ഡിസ്നി തീം പാര്‍ക്കാണ് അബൂദബിയില്‍ തുറക്കുക. യാസ് ഐലന്‍ഡില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഡിസ്നി സി.ഇ.ഒ ബോബ് ഐഗര്‍ അബൂദബിയിലെ തീംപാര്‍ക്ക് പ്രഖ്യാപനം നടത്തിയത്.
102 വര്‍ഷത്തെ വാള്‍ട്ട് ഡിസ്നി കമ്പനിയുടെ ചരിത്രത്തില്‍ ഒട്ടേറെ നേട്ടങ്ങളും സവിശേഷ നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. അവയിലൊന്ന് 1955ല്‍ ഡിസ്നി ലാന്‍ഡ് തുറന്നതാണെന്നും 70 വര്‍ഷങ്ങള്‍ക്കു ശേഷം തങ്ങളുടെ ആറ് ഡിസ്നി തീം പാര്‍ക്കുകളിലായി 400 കോടി സന്ദര്‍ശകരെത്തിയതായും അദ്ദേഹം പറഞ്ഞു. അബൂദബിയില്‍ ഡിസ്നി തീം പാര്‍ക്ക് സ്ഥാപിക്കാനുള്ള കരാറിലേര്‍പ്പെടുന്ന മറ്റൊരു മഹാനിമിഷം പ്രഖ്യാപിക്കാനും ആഘോഷിക്കാനുമാണ് ഇവിടെ കൂടിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാസ് ഐലന്‍ഡിന്റെ പതിനഞ്ചാം വാര്‍ഷിക ആഘോഷവേളയിലായിരുന്നു ഡിസ്നി തീം പാര്‍ക്കിന്റെ പ്രഖ്യാപനമുണ്ടായത്. അബൂദബി സാംസ്കാരിക, വിനോദസഞ്ചാരവകുപ്പ് ചെയര്മാന് മുഹമ്മദ് അല്‍ മുബാറക് ചടങ്ങില്‍ സന്നിഹിതനായിരുന്നു. പരമ്പരാഗത വാസ്തുവിദ്യയും നൂതനസാങ്കേതികവിദ്യവും സമന്വയിപ്പിച്ചാണ് പാര്‍ക്കിന്റെ നിര്‍മാണമെന്ന് അധികൃതര്‍ അറിയിച്ചു. സഞ്ചാരികളെ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് ഡിസ്നി തീം പാര്‍ക്ക് നിര്‍ണായക പങ്കുവഹിക്കുമെന്നാണ് ഏവരെയും പ്രതീക്ഷ.
യു.എസിലെ കാലിഫോർണിയ, ഫ്ലോറിഡ, പാരിസ്, ഹോങ്കോങ്, ഷാങ്ഹായ് എന്നിവിടങ്ങളിലാണ് ഡിസ്നിയുടെ മറ്റു തീം പാർക്കുകൾ പ്രവർത്തിക്കുന്നത്. അബൂദബി യാസ് ഐലന്‍ഡിലെ വാട്ടർഫ്രണ്ടിലാണ് ഡിസ്നി പാർക്ക് സ്ഥാപിക്കുക. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലുടനീളമുള്ള പ്രധാന ടൂറിസ്റ്റ് വിപണികളെ ബന്ധിപ്പിക്കുന്ന കവാടമായി ഇത് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത പത്ത് വർഷത്തിനിടെ പാർക്ക് നിർമാണ രംഗത്ത് 6000 കോടി ഡോളർ നിക്ഷേപമെന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ പാർക്ക് അബൂദബിയിൽ സ്ഥാപിക്കുന്നത്. അതേസമയം, എന്ന് പാർക്ക് പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

