Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘നിരാശയേറെ; പക്ഷേ...

‘നിരാശയേറെ; പക്ഷേ അഭിമാനകരം’

text_fields
bookmark_border
‘നിരാശയേറെ; പക്ഷേ അഭിമാനകരം’
cancel

ദുബൈ: ഏറ്റുമുട്ടുന്നത്​ കരുത്തരോടാണ്​. കിരീടം കൈയിലേന്തിയവരോട്​. അതു​കൊണ്ടുതന്നെ പ്രതീക്ഷകൾ ഒരുപാടൊന്നുമുണ്ടായിരുന്നില്ല അവർക്ക്​. എന്നാലും, യു.എ.ഇയിലെ ഓരോ ഈജിപ്​ഷ്യൻ പൗരനും ലോകത്തോടൊപ്പം ആ ചരിത്ര​പോരാട്ടത്തിന്​ കൺപാർത്തത്​ അതിരുകളില്ലാത്ത വിജയമോഹത്തോടെയാണ്​. ലയണൽ മെസ്സിക്കുമേൽ മുഹമ്മദ്​ സലാഹ്​ കളിയഴകിന്‍റെ വിസ്മയച്ചെപ്പു തുറക്കുന്നതായിരുന്നു അവരുടെ സ്വപ്നങ്ങളിൽ നിറഞ്ഞുനിന്നതത്രയും.

കളി കാൽമണിക്കൂറാകവേ, മർവാൻ ആത്തിയ വലതുവിങ്ങിൽനിന്ന്​ തൊടുത്തുവിട്ട ക്രോസിൽ യാസർ ഇബ്രാഹിമിന്‍റെ​ ഹെഡർ അർജന്‍റീന വലതുളച്ചുകയറിയപ്പോൾ യു.എ.ഇയിലെ ഫാൻസോണുകളിലും കഫേകളിലും വീടുകളിലുമൊക്കെ പ്രതീക്ഷകളുടെ അമിട്ടുപൊട്ടി. മെസ്സിയുടെ പെനാൽറ്റി, മുസ്തഫ ഷൊബൈർ ഇടതുവശത്തേക്ക്​ പറന്നുവീണ്​ തട്ടിയപ്പോൾ ആവേശം ഇരട്ടിയായി. കേളികേട്ട അർജന്‍റീന നിരയെ വരച്ചവരയിൽനിർത്തി ഈജിപ്ത്​ ഇരമ്പിയാർക്കാൻ തുടങ്ങിയതോടെ ​വിജയമോഹങ്ങൾ ഒഴുകിപ്പരന്നു. കടുത്ത അർജന്‍റീന ആരാധകരൊഴികെ യു.എ.ഇയിലെ മറ്റെല്ലാവരും സലാഹിനും കൂട്ടുകാർക്കുംവേണ്ടി ആർപ്പുവിളിച്ചു.

രണ്ടാംപകുതിയിലും ആവേശക്കാഴ്ചകൾ തുടർന്നു. മുസ്തഫ സിക്കോ ലീഡ്​ ഇരട്ടിയാക്കിയതിന്‍റെ വമ്പൻ ആഹ്ലാദം വാറിലൊടുങ്ങി. അതുപക്ഷേ, ആത്​മവിശ്വാസത്തെ ബാധിക്കാതെ അതിലും മൂർച്ചയുള്ളൊരു കൗണ്ടർ അറ്റാക്കിങ്ങിൽ രണ്ടാം ഗോൾ യാഥാർഥ്യമായപ്പോൾ ഈജിപ്ത്​ വിജയം ഉറപ്പിച്ച പ്രതീതിയായിരുന്നു. കളി അവസാന ഘട്ടത്തിലെത്തിനിൽക്കേ, അർജന്‍റീനക്ക്​ പുറത്തേക്കുള്ള വഴികാട്ടി ഈജിപ്ത്​ ചരിത്രത്തിലെ വമ്പൻ അട്ടിമറിക്ക്​ മിനിറ്റുകൾ മാത്രമകലെ. ദുബൈയിലെ കഫേകൾ ഉൾപ്പെടെ ഈജിപ്തുകാർ കൂട്ടമായി കളി കാണുന്ന ഇടങ്ങളിൽ ആഹ്ലാദം അതിന്‍റെ പരകോടിലെത്തിത്തുടങ്ങുകയായിരുന്നു.

കളി, 11 മിനിറ്റ്​ ബാക്കിയിരിക്കേ മെസ്സിയുടെ അളന്നുമുറിച്ച ക്രോസിൽ ക്രിസ്ത്യൻ റൊമേറോയുടെ ഹെഡർ ഷൊബൈറിനെ കീഴടക്കിയപ്പോഴും ഈജിപ്തുകാർക്ക്​ പ്രതീക്ഷയുണ്ടായിരുന്നു. പ്രതിരോധം കനപ്പിച്ച്​ വിജയം പിടി​ച്ചടക്കാമെന്ന പ്രതീക്ഷകൾക്കുമേൽ മെസ്സിയുടെ ചാട്ടുളി തുളച്ചുകയറിയതിനു പിന്നാലെ ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസിന്‍റെ ഗോൾ. മനസ്സിൽ നുരപൊന്തിയ ആഹ്ലാദം ഒറ്റയടിക്ക്​ ഇല്ലാതായിപ്പോയ ഈജിപ്​ഷ്യൻ ആരാധകർ തരിച്ചിരുന്നു. റഫറിയുടെ തീരുമാനങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി അവർ രോഷംകൊണ്ടു. അവസാന വിസിൽ മുഴങ്ങുമ്പോൾ വിസ്മയവിജയം കൺമുന്നിൽനിന്ന്​ ഊർന്നുപോയതിന്‍റെ നൊമ്പരം അവരിൽ അത്രയേറെ ആഴത്തിലുണ്ടായിരുന്നു.

ദുബൈ വേൾഡ്​ ​ട്രേഡ്​ സെന്‍റർ ഫാൻസോണിൽ ബിഗ്​ സ്​ക്രീനിൽ കളി കാണാനെത്തിയവരിൽ ഈജിപ്ത്​ ആരാധകരായിരുന്നു മുഴുവനും. ആദ്യഗോളിന്​ ആവേശം അലകടലായ ഇവിടെ ആദ്യപകുതിക്കുശേഷമുള്ള ഇടവേള ആടിയും പാടിയും അവർ ആഘോഷിക്കുകയായിരുന്നു. രണ്ടാംഗോളിൽ വിജയം ഉറപ്പിച്ച്​ ഉന്മാദത്തിലായ അവർ പക്ഷേ, അന്തിമ വിസിലോടെ നിരാശയുടെ പടുകുഴിയിലേക്ക്​ തള്ളപ്പെട്ടു. തകർന്ന ഹൃദയത്തോടെയാണ്​ എല്ലാവരും ഫാൻസോൺ വിട്ടുപോയത്​. ‘മത്സരശേഷം ആകെ തകർന്നുപോയി. വിജയം ഉറപ്പിച്ചതായിരുന്നു ഞങ്ങൾ. ആദ്യപകുതിയിൽ തികഞ്ഞ മേധാവിത്വം കാട്ടി. എന്നാൽ, റഫറിയുടെ പല തീരുമാനങ്ങളും സംശയാസ്പദമായിരുന്നു. ഈ മത്സരഫലത്തിൽ വളരെ നിരാശയുണ്ട്. പക്ഷേ, ഞങ്ങളുടെ ടീം കാഴ്ചവെച്ച പോരാട്ടവീര്യത്തെയോർത്ത്​ എക്കാലവും അഭിമാനിക്കും​’ -ഈജിപ്​ഷ്യൻ ദമ്പതികളായ ഇസ്സാമും ലൈലയും പറഞ്ഞു.

‘അവസാന നിമിഷം വരെ തങ്ങളുടെ പക്കലുള്ളതെല്ലാം നൽകി അവർ പോരാടി. ഞങ്ങൾക്ക് വിജയിക്കാൻ കഴിയാത്തതിൽ തീർച്ചയായും നിരാശയുണ്ട്, പക്ഷേ ഈ ടീം ഞങ്ങളെ അഭിമാനഭരിതരാക്കി. പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിലും, ഞങ്ങൾ ചരിത്രം സൃഷ്ടിച്ചു കഴിഞ്ഞു. ഇത് ഓരോ ഈജിപ്തുകാരനും ആഘോഷിക്കാൻ കഴിയുന്ന ഒന്നാണ്’ -ഇനായ പറഞ്ഞു.

ഈജിപ്തിന്റെ ഈ വീരോചിതമായ പോരാട്ടത്തെ ആദരിക്കുന്നതിനായി യു.എ.ഇയിലെ പ്രമുഖ ഭക്ഷണശാലകളിലൊന്ന്​ തങ്ങളുടെ വിവിധ ശാഖകളിൽ മത്സരം തത്സമയം സംപ്രേക്ഷണം ചെയ്ത സമയത്ത്​ ഈജിപ്ത് ജേഴ്സി ധരിച്ചെത്തിയ ആരാധകർക്ക് സൗജന്യമായി ഐസ്ക്രീം വിതരണം ചെയ്തു. അർജന്റീനയെ വിജയത്തിൽ അഭിനന്ദിക്കുന്നതോടൊപ്പം, ‘ഈജിപ്ത്​ ഇപ്പോഴും വിജയികൾ തന്നെയാണ്’ എന്നാണ് റെസ്റ്റോറന്റ് ഗ്രൂപ്​ തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചത്.

'നിങ്ങൾ അറബികളുടെ ഹീറോകൾ'; ഈജിപ്തിനെ പ്രശംസിച്ച് ശൈഖ്​ മുഹമ്മദ്

അർജന്‍റീനയുടെ വല ക​ുലുക്കിയപ്പോൾ ഈജിപ്ത്​ താരങ്ങളുടെ ആഹ്ലാദം

ദുബൈ: ലോകകപ്പ്​ പ്രീക്വാർട്ടർ ഫൈനലിൽ നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനക്കെതിരെ തകർപ്പൻ പോരാട്ടവീര്യം കാഴ്ചവെച്ച ഈജിപ്ത്​ ടീമിനെ മുക്​തകണ്ഠം പ്രശംസിച്ച്​ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ആസ്വാദ്യകരവും മനോഹരവുമായ കളിയിലൂടെ ഈജിപ്ത് ടീം ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയെന്ന് അദ്ദേഹം പറഞ്ഞു. ഈജിപ്ഷ്യൻ ടീം അവസാന നിമിഷം വരെ പോരാടിയെന്നും അവർ എല്ലാ അറബികളുടെയും ഹീറോകളാണെന്നും എക്‌സിലെ തന്റെ പോസ്റ്റിൽ ശൈഖ്​ മുഹമ്മദ്​ കൂട്ടിച്ചേർത്തു.

‘ഇന്ന് നമ്മൾ കണ്ടത് ഈജിപ്ഷ്യൻ അറബ് വീര്യത്തിന്റെ പോരാട്ടമാണ്.. ലോക ചാമ്പ്യന്മാർക്കെതിരെ അവസാന നിമിഷം വരെ ഈജിപ്തിന്റെ ഫറോവമാർ പോരാടി.. അവരുടെ ആ ഈജിപ്ഷ്യൻ വീര്യത്തിൽ നമ്മൾ അഭിമാനിക്കുന്നു. ആസ്വാദ്യകരവും മനോഹരവുമായ ഈ മത്സരത്തിന് നമ്മളും ഒപ്പം ലോകവും അവർക്ക് നന്ദി പറയുന്നു.. അടുത്ത തവണ ഇതിലും മികച്ച രീതിയിൽ തിരിച്ചുവരാൻ സാധിക്കട്ടെ.. നിങ്ങൾ ഹീറോകളായി നിങ്ങളുടെ അറബ് ജന്മനാട്ടിലേക്ക് മടങ്ങും.. എല്ലാ അറബികളുടെയും കണ്ണിൽ നിങ്ങൾ എക്കാലവും ഹീറോകളായി തുടരും’ -അദ്ദേഹത്തിന്‍റെ എക്സ്​ പോസ്റ്റ്​ ഇതായിരുന്നു.

2026 ലോകകപ്പിൽ ഫറോവമാരുടെ പ്രകടനം അഭിനന്ദനാർഹവും അഭിമാനകരവുമായിരുന്നുവെന്ന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബൈ എയർപോർട്ട് ചെയർമാനുമായ ശൈഖ്​ അഹമ്മദ് ബിൻ സയീദ് ആൽ മക്തൂം പറഞ്ഞു. മികച്ച പോരാട്ടവീര്യവും മനസ്സാന്നിധ്യവും നിറഞ്ഞ പ്രകടനമാണ് ഈജിപ്ത്​ കാഴ്ചവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച അറ്റ്‌ലാന്റയിൽ നടന്ന മത്സരത്തിൽ അർജന്റീന 3-2ന്​ ഈജിപ്തിനെ പരാജയപ്പെടുത്തിയാണ്​ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്​. രണ്ടുഗോളിന്​ പിന്നിട്ടുനിന്ന്​ തോൽവി മുന്നിൽകണ്ടശേഷം അവസാന നിമിഷങ്ങളിൽ നേടിയ മൂന്ന് ഗോളുകളിലൂടെയാണ് അർജന്റീന തിരിച്ചുവരവ് നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsfootballdisappointedproudFIFA World Cup 2026
News Summary - 'Very disappointing; but proud'
Next Story