Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightDil ki Dhadkanchevron_rightസ്മാർട്ട്...

സ്മാർട്ട് ട്രാവൽസിന്‍റെ വിജയയാത്ര

text_fields
bookmark_border
Afi 262221
cancel
camera_alt

സ്​മാർട്ട്​ ട്രാവൽസ്​ എം.ഡി അഫി അഹ്​മദ്​



ഫി അഹ്മദിന്‍റെ ജീവിതവും എ.പി.ജെ. അബ്ദുൽകലാമിന്‍റെ വാക്കുകളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. മൂന്ന് പതിറ്റാണ്ട് മുൻപ് അബൂദബിയിലെ കുടുസുമുറിയിൽ കണ്ണുതുറന്നിരുന്ന് സ്വപ്നങ്ങൾ കണ്ടതിന്‍റെ ഫലമാണ് ഇന്നത്തെ സ്മാർട്ട് ട്രാവൽസ്. ഹൈസ്കൂൾ പഠനം പൂർത്തിയാക്കി കുടുംബക്കാരുടെ വാസ കേന്ദ്രമായ അബൂദബിയിൽ എത്തുമ്പോൾ മനസ്സിൽ ഒരുപാട് വലിയ സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. കൈയിൽ പണമില്ലാതിരുന്ന കാലത്ത് വലിയ ബിസിനസുകൾ സ്വപ്നം കണ്ടതിന്‍റെയും ഡിപ്രഷന്‍റെ കാലത്ത് മടങ്ങിവരവ് സ്വപ്നം കണ്ടതിന്‍റെയും ബാക്കി പത്രമാണ് ഇന്നത്തെ അഫി അഹ്മദ്. തന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച, പ്രചോദിപ്പിച്ച, കൈപിടിച്ചുയർത്തിയ യു.എ.ഇയെ കുറിച്ച് സ്മാർട്ട് ട്രാവൽസിന്‍റെ അമരക്കാരൻ അഫി അഹ്മദ് മനസ് തുറക്കുന്നു.

രാജയങ്ങളിൽ തളർന്നുപോയിരുന്നെങ്കിൽ അഫി അഹ്മദ് ഇപ്പോൾ വലിയൊരു തോൽവിയാകുമായിരുന്നു. ജീവിതത്തിൽ പലതവണ പരാജയപ്പെട്ട മനുഷ്യനാണ്. ജോലി ചെയ്യാത്ത മേഖലകളില്ല. റസ്റ്റാറൻറ്, സൂപ്പർമാർക്കറ്റ്, ഗ്രോസറി, സെയിൽസ്മാൻ, ട്രാവൽ ഏജൻസി ജീവനക്കാരൻ... അങ്ങിനെ നിരവധി ജോലികൾ. എല്ലാം അവസാനിച്ചെന്ന് കരുതിയ രോഗക്കിടക്കയിൽ നിന്ന് പോലും സടകുടഞ്ഞെഴുന്നേറ്റതാണ് അഫിയുടെ ചരിത്രം. മൂന്ന് പതിറ്റാണ്ട് മുൻപ് ഒന്നുമല്ലാതെ ഈ മണ്ണിൽ വന്നിറങ്ങിയ അഫിയുടെ യു.എ.ഇ ജീവിതത്തെ മൂന്ന് അധ്യായമായി തിരിക്കാം.



അധ്യായം ഒന്ന് -പരീക്ഷണ കാലം

1992ൽ ആണ് അഫി അഹ്മദ് ആദ്യമായി പ്രവാസത്തിന്‍റെ രുചി നേരിട്ടറിയുന്നത്. ഇവിടെയെത്തിയ ഉടൻ ആദ്യം ചെയ്തത് ഉപ്പ യു.പി.സി അഹ്മദ് ഹാജിയെ നാട്ടിലേക്ക് തിരിച്ചയക്കുക എന്നതായിരുന്നു. ജോലി തേടിയുള്ള അലച്ചിലിനിടയിൽ കൈവെക്കാത്ത മേഖലകൾ കുറവാണ്. പക്ഷെ, ഒന്നിലും തൃപ്തിപോരായിരുന്നു. കാരണം, സ്വപ്നങ്ങൾക്ക് അത്രയേറെ വലുപ്പമുണ്ടായിരുന്നു. കുറച്ചു കൂടി വിദ്യ സമ്പന്നനായാൽ നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ വേഗത്തിൽ നേടിയെടുക്കാം എന്ന തിരിച്ചറിവ് തുടർപഠനത്തിന് നാട്ടിലേക്കുള്ള വഴിയൊരുക്കി. എന്തോ ഒക്കെ കൈയിലുണ്ടന്നെ ആത്മവിശ്വാസം കൈവന്നതോടെ വീണ്ടും വിമാനം കയറി. റിയൽ എസ്റ്റേറ്റ് മേഖലയിലായിരുന്നു ആദ്യ നോട്ടം. 98ൽ ഷാർജയിലേക്കുള്ള തിരിച്ചു വരവാണ് ജീവിതം മാറ്റിമറിച്ചത്​. ഇവിടെ വെച്ച്​ അമ്മാവൻമാരായ നസീറിനും ജബ്ബാറിനും മജീദിനുമൊപ്പം ചേർന്നു. അവരുടെ ഗ്രോസറി ഏൽപിച്ചതാണ് വഴിത്തിരിവായത്. ഇതിന് ശിഖിരങ്ങൾ മുളച്ചു.

ഈ സമയത്ത് ഗ്രോസറിയുടെ തൊട്ടുമുൻപിൽ വലിയൊരു കെട്ടിടം ഉയർന്നുവന്നിരുന്നു. അതിന്‍റെ ഉടമയോട് ഈ കെട്ടിടം ഏറ്റെടുത്ത് നടത്താൻ തയാറാണെന്ന്​ അഫി അറിയിച്ചു. ആഴ്ചകൾക്കുള്ളിൽ ഇതിനുള്ളിലെ ഫ്ലാറ്റുകളെല്ലാം അഫി വാടകയ്ക്ക് ആളെ കണ്ടെത്തി നൽകി. മോശമല്ലാത്ത കമീഷനും കിട്ടിതുടങ്ങി. ഈജിപ്ത് സ്വദേശിയായ ആതിഫ് സിദ്ദീഖി ഈ കെട്ടിടം ഏറ്റെടുത്തതോടെ ജോലി അദ്ദേഹത്തിനൊപ്പമായി. അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള അറ്റ്ലാൻറ ട്രാവൽ ആൻഡ് ടൂറിസം കമ്പനിയിലെ പി.ആർ.ഒയായാണ് തുടങ്ങിയത്. ഈ സമയത്ത് യു.എ.ഇയിൽ വിസ മാറണമെങ്കിൽ മറ്റേതെങ്കിലും രാജ്യത്ത് പോയി മടങ്ങിവരണമെന്ന നിയമമുണ്ടായിരുന്നു. ഇതിന് വലിയ ചെലവ് വന്നിരുന്നു. നിരവധി റഷ്യൻ വിമാനങ്ങൾ ചാർട്ടർ ചെയ്തിരുന്ന അറ്റ്ലാന്‍റ ട്രാവലിന്​ എന്തുകൊണ്ട് വിസ ചെയ്ഞ്ചിനായി വിമാനം ചാർട്ടർ ചെയ്തുകൂടാ എന്ന ആശയം അഫിയുടെ മനസ്സിൽ തോന്നിയത് ട്രാവൽ രംഗത്ത്​ വിപ്ലവം തന്നെ സൃഷ്ടിച്ചു നിരവധി റഷ്യക്കാരുമായി വിമാനങ്ങളെത്തി കാലിയായി മടങ്ങുന്ന സമയമായിരുന്നു അത്. ഈ വിമാനങ്ങളിൽ കയറ്റി യാത്രക്കാരെ കുറഞ്ഞ ചിലവിൽ തിരിച്ചെത്തിച്ച് വിസ മാറാനുള്ള സൗകര്യമൊരുക്കുകയായിരുന്നു അഫി. ഇതിനു ശേഷമാണ് കിഷ്, കിഷം തുടങ്ങി എയർലൈൻസ്​ വിസ ചേഞ്ച് സംവിധാനം കൊണ്ടുവന്നത്. ഇത് മറ്റ് ട്രാവൽ ഏജൻസികളും ഏറ്റെടുത്തതോടെ പ്രവാസികളുടെ വിസ ചേഞ്ച് എന്ന ഒരു വലിയ കടമ്പ എളുപ്പത്തിലാക്കി.


(യു.എ.ഇ അന്താരാഷ്​ട്ര വ്യാപാര വകുപ്പ്​ മന്ത്രി ഡോ. താനി ബിൻ അഹ്​മദ്​ അൽ സിയൂദിയിൽ നിന്ന്​ അഫി അഹ്​മദ്​ ആദരം ഏറ്റുവാങ്ങുന്നു)

അധ്യായം രണ്ട് -വീഴ്ചയും ഉയർച്ചയും

2004ലാണ് സ്വന്തമായി ബിസിനസ് എന്ന ആഗ്രഹം മനസ്സിൽ കലശലായത്. ഷാർജ സിറ്റി സെൻറിൽ വാച്ച് കട തുടങ്ങിയെങ്കിലും കൂടെയുണ്ടായിരുന്നയാൾ അസലായി വഞ്ചിച്ചു. ഈ വീഴ്ചയിൽ നിന്ന് കൈപിടിച്ചുയർത്താം എന്ന വാഗ്ദാനവുമായി മറ്റൊരു സ്പോൺസർ എത്തി. ബെഡ്ഷീറ്റ് ബിസിനസ് നടത്താമെന്നായിരുന്നു വാഗ്ദാനം. ഭാര്യയുടെയും മറ്റും പണ്ടം വിറ്റും വായ്പയെടുത്തും ഇയാൾക്ക് പണം നൽകിയെങ്കിലും വീണ്ടും വഞ്ചിക്കപ്പെട്ടു.

തുടർച്ചയായ രണ്ട് അടി കിട്ടിയതോടെ മാനസീകമായി തളർന്നു. ഡിപ്രഷനിലായി. ശരീരം ശോഷിച്ചു. കവിളെല്ലാം മെലിഞ്ഞ് ഒട്ടി. സ്ഥിരം അസുഖബാധിതാനായി. ഒടുവിൽ കോഴിക്കോട്ടേക്കുള്ള യാത്രയിൽ വിമാനത്തിൽവെച്ച് കോമ സ്റ്റേജിലായി. വിമാനം മദ്രാസിൽ ഇറക്കിയ ശേഷം അപ്പോളോ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോഴാണ് മനൈഞ്ചറ്റീസാണന്നെറിഞ്ഞത്. ഒരുവർഷത്തോളം അവസ്ഥ വളരെ മോശമായിരുന്നു. ഈ സമയത്തെല്ലാം പഴയ ഈജിപ്ഷ്യൻ അർബാബായ ആതിഫ് സിദ്ദീഖി ഒപ്പമുണ്ടായിരുന്നു (ഇദ്ദേഹത്തോടുള്ള സ്നേഹസൂചകമായാണ് രണ്ടാമത്തെ മകന് ആതിഫ് എന്ന് പേരിട്ടത്). യു.എ.ഇയിൽ നിന്നെടുത്ത ലോൺ അദ്ദേഹം തന്നെ അടച്ചുകൊണ്ടിരുന്നു. തന്നെ ഒരു കൂടെപ്പിറപ്പിനെ പോലെ കണ്ടത് കൊണ്ടാവാം അദ്ദേഹം വീണ്ടും വിളിച്ചുകൊണ്ടിരുന്നതെന്ന്​ അഫി പറയുന്നു. അദ്ദേഹത്തിന്‍റെ നിർബന്ധത്തിന് വഴങ്ങി വീണ്ടും പഴയ ഓഫിസിൽ മടങ്ങിയെത്തി. പ്രത്യേകിച്ച് ജോലിയൊന്നുമുണ്ടായിരുന്നില്ല. അസുഖത്തിന് ശേഷം വീണ്ടും വാഹനം ഓടിക്കാനുള്ള കോൺഫിഡൻസ് ഉണ്ടായിരുന്നില്ല. ഒരുദിവസം രണ്ടും കൽപിച്ച് ഓഫിസിൽ നിന്ന് നിർബന്ധിച്ച് വാഹനത്തിന്‍റെ താക്കോലും വാങ്ങി വണ്ടിയിൽ കയറി. ദുബൈയിൽ നിന്ന് ഷാർജയിലേക്ക് യാത്ര. ഒന്നരമണിക്കൂറോളം എടുത്ത് ഷാർജയിലെത്തി. താൻ ഒ.കെയാണന്നെ് മനസിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു. ഷാർജയിൽ നിന്ന് തിരിച്ചും ഡ്രൈവ് ചെയ്തു. ആത്മവിശ്വാസം വീണ്ടെടുക്കാൻ ഈ ഡ്രൈവിങ് ഏറെ സഹായിച്ചതായി അഫി പറയുന്നു. പിന്നീട് ജീവിതത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു.

ഷാർജ ഗവണ്മെന്‍റിന്‍റെ അധീനതയിലുള്ള ട്രാവൽ ഏജൻസിയിൽ നിന്ന് ജോലിക്കായുള്ള വിളി വരുന്നത് വരെ ഈജിപ്ഷ്യൻ അർബാബിനൊപ്പമായിരുന്നു. ഈ സമയത്ത് ട്രാവൽ ഏജൻസി മേഖലയിലെ ട്രെൻഡ് സെറ്ററാവാൻ അഫിക്ക് കഴിഞ്ഞു. പല സ്ഥാപനങ്ങളിൽ നിന്നും വൻ ശമ്പളത്തിൽ ജോലി ഓഫറുകളും വന്നിരുന്നു. ആ സമയത്തെ ഗവൺമെന്‍റ്​ ട്രാവൽ ഏജൻസിയുടെ ജനറൽ മാനേജർ ആയിരുന്ന ജമാൽ അബ്ദുൽ നാസറാണ് അഫിയെ അവിടെ ഉയർന്ന പോസ്റ്റിൽ നിയമിച്ചത്. രണ്ട് വർഷം കൊണ്ട് അവിടെ സീനിയർ മാനേജറായി. ട്രാവൽ ഏജൻസിയിൽ കോംപോ എന്ന ആശയവും മറ്റു പല ഓഫറുകളും കൊണ്ടുവന്നത് ഈ സമയത്താണ്. വിസയുടെ പരസ്യം ആദ്യമായി ചെയ്തത് അഫിയായിരുന്നു.


(മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന്​ പുരസ്​കാരം ഏറ്റുവാങ്ങുന്നു)

2008ൽ 'ഗൾഫ് മാധ്യമത്തി'ലൂടെയാണ് വിസയുടെ ആ പരസ്യം വന്നത്. പുറത്ത് നിന്നുള്ള ഏജൻറുമാർ വിസ തരാമന്നെ് പറഞ്ഞ് പലരെയും പറ്റിച്ചിരുന്ന സമയായിരുന്നു അത്. ബ്രോക്കർമാർ വഴി വിസക്ക് പണം നൽകരുതെന്നും ട്രാവൽ ഏജൻസിയിൽ അപേക്ഷിക്കാമെന്നും കാണിച്ച് 'ഗൾഫ് മാധ്യമ'ത്തിൽ നിരന്തരം പരസ്യം നൽകി. ഇതോടെ ആളുകൾ ട്രാവൽ ഏജൻസികളിലേക്ക് ഒഴുകിയെത്തി. കൂടുതൽ ട്രാവൽ ഏജൻസികൾ വിസ ക്വാട്ട എടുത്ത് ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് നിമിത്തമായി. വിസ തട്ടിപ്പിന് കൂച്ചുവിലങ്ങിടാനും ഈ പരസ്യം സഹായിച്ചു. ട്രാവൽ ഏജൻസികൾ കൂടുതൽ സമയം പ്രവർത്തിക്കാനും തുടങ്ങി. ഒരു സർവീസിന്‍റെ കൂടെ ഒരെണ്ണം ഫ്രീ എന്ന ഓഫർ അവതരിപ്പിച്ചു. കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങാം എന്ന ആശയവും മുന്നോട്ടുവെച്ചു. പിന്നീട് അവിടെ നിന്ന് ജനറൽ മാനേജരായി പുതിയ ട്രാവൽ കമ്പനിയിലേക്ക് ചുവടുമാറി. 280 ദിർഹമിന്‍റെ വിസക്ക് 280 ദിർഹം ഗിഫ്റ്റ് വൗച്ചർ നൽകി വിസയുടെ നിരക്ക് കുറച്ചതോടെ ആളുകൾ കൂടുതൽ വിസയെടുത്ത് തുടങ്ങി. അക്കാലത്ത് ഒരു മാസത്തെ വിസയ്ക്ക് 600 മുതൽ 1000 വരെ ആയിരുന്നു ഈടാക്കിയിരുന്നത്. ഇത് സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കി ഒരു വിപ്ലവം സൃഷ്ടിച്ചു. ആർക്കും യു.എ.ഇയിലേക്ക്​ വിസിറ്റ് വിസയിൽ സന്ദർശകരായി എത്തിക്കാമെന്ന വിശ്വാസം ഉണ്ടാക്കിയെടുക്കാൻ ഇത്​ സഹായിച്ചു.


(മമ്മൂട്ടി​ പുരസ്​കാരം സമ്മാനിക്കുന്നു)

അധ്യായം മൂന്ന് -സ്മാർട്ടാവുന്നു

മറ്റു കമ്പനികളിൽ ജോലി ചെയ്യാതെ സ്വന്തമായി ട്രാവൽ ഏജൻസി എന്ന ഭാര്യയുടെ ആഗ്രഹമാണ് 'സ്മാർട്ട് ട്രാവൽ'" എന്ന ആശയത്തി​േലക്ക്​ എത്തിയത്​. 2015 ൽ ആ ആഗ്രഹം സഫലമായി സ്മാർട്ട് ട്രാവൽ ആരംഭിച്ചു. വൻ ശമ്പളമുള്ള സമയമാണത്, പരാജയപ്പെട്ടാൽ ശമ്പളത്തിന്‍റെ ഗ്രേഡ് ഇടിയുമന്നെന്നെല്ലാം പറഞ്ഞെങ്കിലും ഭാര്യ വിട്ടില്ല. കുടുംബക്കാരോടും സുഹൃത്തുക്കളോടും ഉപദേശം തേടി. 2015 ജൂൺ 12ന് സ്മാർട്ട് ട്രാവൽസ് ഷാർജയിൽ തുറന്നു.

പിന്നീ ട് മൂന്ന്​ പാർട്ണർമാരെ കൂടി ഉൾപ്പെടുത്തി. ആദ്യം തന്നെ മാനേജരെയും സ്റ്റാഫുകളെയും വച്ച് ജോലി തുടങ്ങിയെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും നേട്ടമുണ്ടായില്ല. ഇതോടെ, മാനേജറുടെ സീറ്റിൽ അഫി തന്നെ ഇരിന്നു. ഒരു വർഷം കൊണ്ട് കമ്പനി ലാഭത്തിലായി. ഇന്ന് യു.എ.ഇയിലെ പ്രമുഖ ട്രാവൽ ഏജൻസിയായി മാറിയ സ്മാർട് ട്രാവൽസിന്‍റെ തുടക്കം അവിടെ നിന്നായിരുന്നു. രണ്ടു വർഷത്തിനുള്ളിൽ 11 ബ്രാഞ്ചുകളിലേക്കും 100 സ്റ്റാഫുകളിലേക്കുമായി സ്മാർട്ട് ട്രാവെൽസ് വളർന്നു.



ശമ്പളം അമ്മമാർക്ക്

ജീവനക്കാരുടെ അമ്മമാർക്ക് ശമ്പളം നൽകുകയന്നെ വിപ്ലവകരമായ തീരുമാനം നടപ്പാക്കിയിരിക്കുകയാണ് അഫി. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് അമ്മമാരുടെ അക്കൗണ്ടിൽ നിശ്ചിത തുക എത്തും. ഈ പണം കിട്ടിയോ എന്ന് മക്കൾ വിളിച്ച് ചോദിക്കണമെന്നും നിർബന്ധമാണ്. പ്രവാസികളായ മക്കൾ വിളിക്കാറില്ലന്നെ പല അമ്മമാരുടെയും പരിഭവം കേട്ടതോടെയാണ് അഫി ഇങ്ങനെയൊരു തീരുമാനമെടുത്തത്. അമ്മമാരെ യു.എ.ഇയിൽ എത്തിക്കണമന്നെതാണ് അടുത്ത പദ്ധതി. മക്കൾ തന്നെ ഇവരെ ആദരിക്കുന്ന പരിപാടി സംഘടിപ്പിക്കും. ഓരോ മാസവും ജീവനക്കാരിൽ നിന്ന് മികച്ച പെർഫോമറെ തെരഞ്ഞെടുത്ത് ലക്ഷം രൂപ വരെ അവരുടെ സ്വപ്ന യാഥാർഥ്യങ്ങൾക്ക് സമ്മാനമായി നൽകുന്നതും സ്മാർട് ട്രാവൽസിന്‍റെ പ്രത്യേകതയാണ്. വിവാഹത്തിന്‍റെ സമയത്തോ വീടുപണിയുടെ നേരത്തോ സഹായിക്കാറുണ്ട്. ജീവനക്കാരാണ് തന്‍റെ വളർച്ചയുടെ മുഖ്യഘടകം എന്നാണ് അഫിയുടെ വിശ്വാസം.

ഉപ്പയും ഉമ്മയും കൂടെപ്പിറപ്പുകളും സുഹൃത്തുക്കളുമാണ് പ്രയാണത്തിൽ മുഖ്യപങ്ക് വഹിച്ചവർ. അവർക്ക് കിട്ടുന്ന സൗകര്യം മറ്റ് അമ്മമാർക്കും കിട്ടണമന്നൊണ് ആഗ്രഹം. ഉപ്പയാണ് അഫിയുടെ ജീവിതത്തിലെ വഴികാട്ടി. ജീവിതത്തിലെ യാത്രകളിൽ മറക്കാനാവാത്ത പല വ്യക്തിത്വങ്ങൾ അഫിക്കുണ്ട്, പല പ്രതിസന്ധി ഘട്ടങ്ങളിലും കൈ പിടിച്ചവർ, അബ്ദുൽ കരീം ഹാജി, എം.എം. നാസർ, എം.എം. ഖാദർ, അലിജി, ഫൈസൽ ആതിഫ് സിദ്ദിഖി, ജമാൽ അബ്ദുൽ നാസർ, തോമസ് വർഗീസ്, മുഹമ്മദ് ഷമി, നസ്രു, ഇക്ബാൽ, എസ്.കെ. അബ്ദുല്ല, കരീം ഹാജി, ഭാര്യ സഹോദരൻ അബ്ദുല്ല.. അങ്ങിനെ പോകുന്നു പട്ടിക. പല ജീവകാരുണ്യ പ്രവർത്തനങ്ങളും ഇവിടെയും നാട്ടിലുമായി അഫി ചെയ്തു വരുന്നു. കോവിഡ് കാലത്തു പ്രവാസികൾക്ക് വേണ്ടി പല ഇടപെടലുകളും നടത്തി. പ്രവാസികൾക്ക് നാട്ടിലേക്ക് പോകാൻ വിമാനം ചാർട്ടർ ചെയ്തു. വിസിറ്റ് വിസയിൽ നാട്ടിൽ നിന്ന് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ അധികൃതരെ ബോധിപ്പിച്ചു. ഭാര്യ നുസൈബയും അഞ്ചു മക്കളും അടങ്ങുന്ന കുടുംബവുമായി ഷാർജയിലാണ് താമസം. ഫഹീം, ആതിഫ്, ഫസാൻ, ഹംദാൻ, അഫ്‌നാൻ എന്നിവരാണ് മക്കൾ.


(മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന്​ പുരസ്​കാരം ഏറ്റുവാങ്ങുന്നു. നടൻ മമ്മൂട്ടി സമീപം)

നൻമയുള്ള യു.എ.ഇ

ഗോൾഡൻ വിസ പ്രഖ്യാപിച്ച സമയം തന്നെ അത് കരസ്ഥമാക്കാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചില മലയാളികളിൽ ഒരാളാണ് അഫി. യു.എ.ഇയുടെ മനുഷ്യത്വമാണ് തന്നെ ഏറ്റവുമധികം ആകർഷിച്ച ഘടകമന്നെ് അഫി പറയുന്നു. 'എത്രയോ മനുഷ്യരെയാണ് ഇവർ സഹായിക്കുന്നത്. നിയമത്തിന്‍റെ വഴി വിട്ട് മനുഷ്യത്വത്തിന്‍റെ വഴിയാണ് ഇവർ സ്വീകരിക്കുന്നത്. "ഞങ്ങൾ ഇവിടെയിരിക്കുന്നത് നിങ്ങളെ സഹായിക്കാനാണ്" എന്നാണ് ദുബായ് ഇമിഗ്രേഷൻ ഉന്നതാധികാരി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മാരി ഒരിക്കൽ തന്നോട് പറഞ്ഞതെന്ന്​ അഫി ഇപ്പോഴും ഓർക്കുന്നു. 'കോവിഡ് കാലത്ത് വിസ നീട്ടി നിൽകി. ഇവിടെയുള്ളവർക്ക് നാട്ടിൽ പോകാൻ സൗക്യര്യം ഒരുക്കി. വാക്സിനേഷൻ എല്ലാവർക്കും സൗജന്യമായി നൽകി. ട്രാവൽ ഏജൻസികൾക്ക് വിസ വിൽക്കാനുള്ള അധികാരം നൽകിയത് തന്നെ വലിയ കാര്യമാണ്. മതത്തിന്‍റെയും നിറത്തിന്‍റെയും പേരിലുള്ള ചേരിതിരിവില്ല. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനെ പോലെ യുവത്വവും ഊർജസ്വലനുമായ നേതാവുള്ളപ്പോൾ നമ്മൾ എന്തിന് ഭയക്കണം. ഞാൻ എന്തെങ്കിലുമായിട്ടുണ്ടെങ്കിൽ അത് യു.എ.ഇയിൽ എത്തിയതുകൊണ്ട് മാത്രമാണ്' -അഫി പറയുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:emarat dil ki dhadkan
News Summary - success story of smart travels
Next Story