Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightDil ki Dhadkanchevron_rightതണലായ മണ്ണിൽ...

തണലായ മണ്ണിൽ തലയുയർത്തി...

text_fields
bookmark_border
chemex
cancel
camera_alt

മുഹമ്മദ് അബ്ദുല്ല ഗാലിബ്​ കർബാഷിനും മകൻ റിസ്‌വാനുമൊപ്പം അബ്​ദുറസാഖ്​ ചീരാപുരത്ത്

വിജയത്തിലേക്ക്​ നേരായ വഴി ഒന്നേയുള്ളൂവെന്ന്​ വിശ്വസിക്കുന്നയാളാണ്​ അബ്​ദുറസാഖ്​ ചീരാപുരത്ത്. ആ വഴി കഠിനാധ്വാനത്തിന്‍റേതാണ്​. യു.എ.ഇയിൽ നാലരപതിറ്റാണ്ടിന്‍റെ ജീവിതാനുഭവം അദ്ദേഹത്തിനുണ്ട്​. മൂല്യങ്ങളും ശരികളും മുറുകെപ്പിടിച്ച് അധ്വാനിച്ചതിന്‍റെ ഫലമായി അഭിമാനകരമായ ഒരു സ്ഥാപനം കെട്ടിപ്പടുത്തു​. ജോലി തേടിവന്ന സാധാരണ നാട്ടിൻപുറത്തുകാരനിൽ നിന്ന്​ ഇന്ന്​​ 200ലേറെ തൊഴിലാളികളുള്ള വലിയ കമ്പനിയുടെ ഉടമയായി അദ്ദേഹം വളർന്നു. ആ വഴിയിൽ തണലായി നിന്ന ഇമാറാത്തിലെ അനുഭവങ്ങൾ​ ഓർത്തെടുക്കുന്നു....


1977 ആഗസ്റ്റ്​ 31, കേരളത്തിൽ നിന്ന്​ ഒരു ചെറുപ്പക്കാരൻ ദുബൈയിൽ വിമാനമിറങ്ങി. ഗൾ​ഫെന്ന സ്വപ്നഭൂമിയിലേക്ക്​ മലയാളി യുവാക്കളുടെ കുടിയേറ്റം ശക്​തിപ്പെട്ടു തുടങ്ങിയ ആദ്യകാലമായിരുന്നു. കേട്ടറിഞ്ഞ കഥകളിലെ സ്വർഗഭൂമി പക്ഷേ ആ യുവാവിനെ​ സ്വീകരിച്ചത്​ കൊടും ചൂടിലേക്കാണ്​. നേരത്തെയെത്തിയ ജ്യേഷ്ഠൻ ഹാരിസിന്‍റെ ഫുജൈറ മസാഫിയിലെ മിലിറ്ററി ക്യാമ്പിലെ ജോലി സ്ഥലത്തേക്കാണ്​ നേരെ പോയത്​.

പട്ടാളക്കാർക്കുള്ള ഈസാ മൂസ എന്നയയാളുടെ ഉടമസ്ഥതയിലുള്ള സ്റ്റോറും അതിനോടനുബന്ധിച്ചുള്ള താമസ സ്ഥലവുമായിരുന്നു. മിലിട്ടറിക്കാർക്കുള്ള ഭക്ഷണമാണ് ലഭിച്ചിരുന്നത്​. ഈത്തപ്പനയോലകൾ കൊണ്ടുണ്ടാക്കിയ റൂമിലെ ഫാനിന്​ ചുവടെ ചൂട് കാറ്റിൽ​ കിടന്ന രാത്രി കാലങ്ങളിൽ കട്ടിൽ പുറത്തെടുത്തിട്ട്​ തെളിഞ്ഞ ആകാശത്തിന്​ കീഴിൽ കിടന്നുറങ്ങാറുണ്ടായിരുന്നു. ​എയർകണ്ടീഷനോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത സാഹചര്യമായിരുന്നു.

വന്നതിന്‍റെ പിറ്റേന്ന്​ മുതൽ ജോലി അന്വേഷിച്ചു നടക്കാൻ തുടങ്ങി. ദുബൈയിൽ വന്നത് ഹൗസ്​ ബോയ്​യു​ടെ വിസയിലായതിനാൽ പഠിച്ച സിവിൽ എൻജിനീറിങുമായി ബന്ധപ്പെട്ട ജോലി കിട്ടിയെങ്കിലും സ്‌പോൺസറുടെ റിലീസ് കിട്ടാൻ ബുദ്ധിമിട്ടായതിനാൽ അതൊന്നും നടന്നില്ല. വരുമ്പോൾ ഇ​ത്രയും ചൂട്​ പ്രതീക്ഷിക്കാത്തതിനാൽ കഠിനമായിരുന്നു ആദ്യ ദിനങ്ങൾ.

അബ്​ദുറസാഖ്​ ചീരാപുരത്ത്

എന്നാൽ ജീവിതത്തിന്‍റെ പൊള്ളുന്ന യാഥാർഥ്യങ്ങളിൽ നിന്ന്​, ചുട്ടുപൊള്ളുന്ന മരുഭൂമിയിലേക്ക്​ വന്നിറങ്ങിയ ആ ചെറുപ്പക്കാരന്​ ഈ നാട്​ തണലായി. പതിയെയാണെങ്കിലും വളർത്തിവലുതാക്കി. നാലരപ്പതിറ്റാണ്ട്​ പിന്നിടുമ്പോൾ കഠിനാധ്വാനത്തിലൂടെ 'കെമക്സ്​' എന്ന സുപരിചത ബ്രാൻഡ്​ യു.എ.ഇയിലും മറ്റ് രാജ്യങ്ങളിലും നമ്മുടെ കേരളത്തിലും എത്തിക്കുവാൻ കഴിഞ്ഞു. ഇന്ന്​ ഇമാറാത്തിന്‍റെ മണ്ണിൽ തലയുയർത്തി നിൽക്കുന്ന ആ വ്യക്​തിത്വമാണ്​ അബ്​ദുറസാഖ്​ ചീരാപുരത്ത്.

തലശേരിയിലെ ബാല്യം, പഠനം

കണ്ണൂർ ജില്ലയിലെ തലശ്ശേരി നാരങ്ങാപ്പുറം പ്രദേശത്ത്​ ജനിച്ച അബ്​ദുറസാഖിന്‍റെ പിതാവ്​ സി.എൻ അബ്​ദുൽഖദർ എന്ന സി.എൻ കാവു കുരുമുളക്​ കയറ്റുമതി ബിസിനസുകാരനായിരുന്നു. എന്നാൽ കിഡ്​നി രോഗം കാരണം 42വയസാകുമ്പോഴേക്ക്​ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ഇതോടെ ചീരാപുരത്ത്​ പാത്തുട്ടിയെന്ന ഉമ്മ മാത്രമായി 11മക്കൾ അടങ്ങിയ കുടുംബത്തിന്‍റെ തണൽ. മൂത്ത മകൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോ​ഴാണ്​ പിതാവിന്‍റെ മരണം.

അന്ന്​ അബ്​ദുറസാഖ്​​ ആറാം ക്ലാസിലായിരുന്നു. ​ബാല്യം കടക്കുന്നതിന്​ മുമ്പ്​ പൊരുതി ജീവിക്കാനായിരുന്നു വിധി. മിടുക്കനായി തന്നെ പഠിച്ചു. അന്നത്തെ കാലത്ത്​ എസ്​.എസ്​.എൽ.സി വരെ ഒരു ക്ലാസിലും തോൽക്കാതെ വിജയിക്കുക എന്നത്​ ശ്രമകരമായിരുന്നു. അത്​ നേടിയെടുത്തത്​ പഠനത്തിൽ പ്രോൽസാഹനമായി. ഇന്നു തലശ്ശേരിയിലെ ഏറ്റവും കൂടുതൽ ബിൽഡിംഗ് സമുച്ചയങ്ങളുള്ള നാരങ്ങാപ്പുറം അക്കാലത്ത്​ അഞ്ചു പത്തേക്കറോളം നെൽ വയലായിരുന്നു​. അന്ന്​ ഓരോ സീസണിലും ആ വയലിൽ ഭാരത് സർക്കസ്, ഗ്രേറ്റ് ഇൻഡ്യൻ സർക്കസ് എന്നിവ മാറി മാറി വരാറുണ്ടായിരുന്നു.

ആ സമയങ്ങളിൽ അബ്​ദുറസാഖ്​ വീട്ടിന്‍റെ മുൻവശത്ത്​ ചെറിയ പെട്ടിക്കട പോലെ ഉണ്ടാക്കി ഓറഞ്ചും സർബത്തുമൊക്കെ വിൽക്കുമായിരുന്നു. അങ്ങനെ​ ചെറുപ്പത്തിലേ ഒരു കച്ചവട മനസ്​ ഉണ്ടായി. പിതാവിന്‍റെ പാരമ്പര്യത്തിലും മാതാവിന്‍റെ കുടുംബത്തിലും എല്ലാം കച്ചവടം അലിഞ്ഞുചേർന്നിരുന്നു.

എസ്​.എസ്​.എൽ.സിക്ക്​ ശേഷം തിരൂർ പോളിടെക്നിക്കിൽ സിവിൽ എൻജിയറിങിന്​ സെലക്ഷൻ കിട്ടി. ഗൾഫിൽ സിവിൽ എൻജിനീയറിങിന്​ സാധ്യതയുണ്ടെന്ന്​ കേട്ടതിനാലാണ്​ സിവിൽ തെരഞ്ഞെടുത്തത്​. ഗൾഫിലുള്ള ജ്യേഷ്ഠന്‍റെയും അമ്മാവൻമാരുടെയും സഹായത്തോടെ ഒക്കെയാണ്​ അന്ന്​ പഠനം പൂർത്തിയാക്കിയത്​. പഠിച്ച്​ പാസയ ഉടൻ മാനന്തവാടിയിൽ ഓവർസീയറായി സർക്കാർ സർവീസിൽ കുറച്ചുകാലം ജോലി ചെയ്തു. അപ്പോഴാണ് ഗൾഫിലേക്ക്​ വിസ വന്നത്​.

അബ്​ദുറസാഖും സഹോദരങ്ങളും പിതാവിനും അമ്മാവനുമൊപ്പം. 1960കളിൽ എടുത്ത ചിത്രം

ദുബൈയുടെ ചൂടിൽ പുതിയ ജീവിതം

ഗൾഫിലെത്തിയപ്പോൾ മസാഫയിലെ സ്​റ്റോറിൽ ഈത്തപ്പന ഓലകൊണ്ട്​ മറച്ച റൂമിലായിരുന്നു​ താമസം. ആദ്യ നാളുകളിൽ തന്നെ ജോലി അന്വേഷണം തുടങ്ങി. നേരത്തെ മനസിലാക്കിയത്​ പോലെ ജോലി എളുപ്പത്തിൽ കിട്ടില്ലെന്ന്​ തിരിച്ചറിഞ്ഞു. അക്കാലത്തെ ദുബൈ ഇപ്പോഴും ഓർമകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്​.​ അന്നത്തെ ദുബൈ അബുദാബി റോഡ് എന്ന ശൈഖ്​ സായിദ്​ റോഡിൽ ആകെയുണ്ടായിരുന്നത്​ രണ്ട്​ കെട്ടിടമായിരുന്നു. അതിലൊന്നായ വേൾഡ്​ ട്രേഡ്​ സെന്‍റർ നിർമാണം നടക്കുകയായിരുന്നു. അതായിരുന്നു അന്നത്തെ യു.എ.ഇയിലെ ഏറ്റവും ഉയരമുള്ള ​െകട്ടിടം​. മറ്റൊന്ന്​ ഇന്നത്തെ ഫസ്റ്റ്​ ഇന്‍റർചേഞ്ചിനടുത്തുള്ള ഏറ്റവും പഴയ ​െടായോട്ട ബിൽഡിങായിരുന്നു. ആ ബിൽഡിങ്ങിന് മുകളിൽ ടൊയോട്ടയുടെ അഡ്വെർടൈസ്‌മെന്‍റ്​ സൈൻബോർഡ് വെച്ചത് കാരണമാണ് അങ്ങിനെ പേര് വന്നത്. അതായിരുന്നു അന്നത്തെ ഒരു ലാൻഡ് മാർക്ക്. തെരുവു വിളക്കുക​ളൊക്കെ കുറവായിരുന്നു​. അടിസ്ഥാന സൗകര്യങ്ങളൊക്കെ ഉണ്ടായിവരുന്ന​തേയുള്ളൂ.

തുടക്കകാലത്ത്​ കുറേ ദിവസങ്ങൾ ജോലിയില്ലാതെ നടന്നപ്പോൾ റാശിദ്​ ആശുപ​ത്രിയിൽ മെയിൻറനൻസ്​ വിഭാഗത്തിൽ ഒരു അഭിമുഖത്തിന്​ പ​ങ്കെടുത്തു. അത് കഴിഞ്ഞു മടങ്ങുമ്പോഴാണ് അവിടെയുള്ള നഴ്​സിങ്​ ഇൻസ്റ്റിറ്റ്യൂട്ടിൽ പുരുഷൻമാർക്ക്​ രണ്ടുവർഷ നഴ്​സിങ്​ കോഴ്​സുണ്ടെന്ന്​ അറിഞ്ഞത്​. ഹൗസ്​ബോയ്​യുടെ വിസ ആയതിനാൽ പാസ്​പോർട്ടിൽ 10 മാസത്തെ വിസ അടിച്ചിരുന്നില്ല. സ്​പോൺസരുടെ റിലീസും കിട്ടിയിരുന്നില്ല. അപ്പോൾ എങ്ങിനെങ്കിലും ഒരു വിസ സ്റ്റാമ്പ് ചെയ്തു കിട്ടാനുള്ള ശ്രമത്തിലായി. നഴ്​സിങ്​ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓരോ ആറു മാസവും 30 പേർക്ക് അഡ്​മിഷൻ നൽകുമായിരുന്നു. അപേക്ഷിച്ചപ്പോൾ അഭിമുഖവും പരീക്ഷയും കഴിഞ്ഞ്​ പ്രവേശനം കിട്ടി.

വിസ അടിച്ചു കിട്ടുമെന്നതിനാൽ രണ്ടുവർഷം പിന്നീട്​ അവിടെ പഠിക്കാൻ തീരുമാനിച്ചു. അങ്ങിനെ വീണ്ടും ഒരു കോളേജ് ലൈഫ്. എഞ്ചിനീറിങ് കഴിഞ്ഞു വന്ന ഞാൻ ഒരു ബന്ധം പോലുമില്ലാത്ത അനാട്ടമി ഫിസിയോളജി പഠിക്കാൻ തുടങ്ങി. വിസ സ്റ്റാമ്പ്​ ചെയ്തു കിട്ടി എന്ന ആശ്വാസത്തോടെ ജോലി അന്വേഷണം തുടർന്നു. രണ്ടു വർഷത്തെ കോഴ്​സ്​ പാസായ ശേഷം അവിടെ ഓപറേഷൻ തിയേറ്ററിൽ അനസ്‌തെറ്റിക് ടെക്നീഷ്യൻ ജോലി കിട്ടി. രണ്ട്​ വർഷത്തിന്​ ശേഷം അവിടെ നിന്നും ട്രാൻസ്ഫർ വാങ്ങി എയർപോർട്​, സിപോർട്​, ജബൽ അലി ക്ലിനിക്കുകൾ തുടങ്ങി ആരോഗ്യ വകുപ്പിൽ തന്നെ പലയിടത്തും ജോലി ചെയ്തു. അതിനിടയിൽ മാഹി പെരിങ്ങാടി സ്വദേശിനി തച്ചർപറമ്പത്ത്​ റംലയെ വിവാഹം ചെയ്തു. കുടുംബത്തെ ദുബൈയിലേക്ക്​ എത്തിച്ചു. മക്കളായ ഫാത്തിമ മുഹമ്മദ്​ നദീം, റിസ്‌വാൻ അബ്​ദുറസാഖ്​ എന്നിവർ ജനിച്ചതും വളർന്നതും ഇവിടെതന്നെയായിരുന്നു.

ബിസിനസിലെ പരീക്ഷണ കാലം

ജോലിക്കിടയിൽ സ്​കോട്ടിഷ്​ പൗരനായ ഒരാളുടെ കൂടെ ഹൈജീൻ ഉൽപന്നങ്ങളുടെ വിതരണത്തിന്​ പാർട്​ടൈമായി ചേർന്നിരുന്നു. ഇ​പ്പോൾ ചെയ്യുന്ന ബിസിനസിന്‍റെ തുടക്കമായിരുന്നു അത്​. സ്​ക്കോട്ടിഷുകാരനുമായിട്ടുള്ള ബന്ധം ഔട്ഡോർ സെയിൽസിന്​ പ്രോചോദനമായി. അന്ന്​ റസ്റ്റാറന്‍റുകളും മറ്റും സാധാരണ സോപ്പ് ഉപയോഗിച്ചിരുന്ന കാലമായിരുന്നു. ലിക്വിഡ്​ ഹാൻഡ്​ സോപ്പ്​ എന്നത് പലർക്കും പുതുമയായിരുന്നു. സത്വയിലെ ഷൗക്കത്ത്​ റസ്റ്ററന്‍റ്​ ഹംസാക്കയാണ് (അദ്ദേഹം കുറച്ചു വർഷം മുമ്പ് മരണപ്പെട്ടു) ആദ്യമായി ഒരു ഡിസ്പെൻസറും ലിക്വിഡ് ഹാൻഡ് സോപ്പും വാങ്ങിയത്. പിന്നെ ഞാൻ വിൽക്കാൻ ശ്രമം നടത്തിയത് ഡിഷ് വാഷ് ലിക്വിഡ് ആയിരുന്നു.

ആദ്യം അഞ്ചു ലിറ്ററിന് കാനിൽ വിറ്റുപോയത്​ സത്വയിലെ തന്നേ ഇസ്തംബൂൾ എന്ന തുർക്കിഷ്​ റസ്റ്ററൻറിലായിരുന്നു​. അതോടെ വിറ്റുപോകുമെന്ന ആത്മവിശ്വാസം വന്നു. തുടർന്ന്​ റസ്റ്ററൻറുകളിലൊക്കെ പോയി വിൽപന തുടങ്ങി. സ്​കോട്ടിഷുകാരൻ തന്നെയാണ്​ ഡിസ്പൻസർ ഘടിപ്പിക്കുകയും മറ്റുമൊക്കെ ചെയ്തിരുന്നത്​. കുറച്ചു കഴിഞ്ഞപ്പോൾ സ്​കോട്ടിഷ്​ പൗരൻ നാട്ടിലേക്ക്​ മടങ്ങി. അദ്ദേഹത്തിന്‍റെ പാർട്​ണറായിരുന്ന സ്വദേശി ബിസിനസ്​ ഏറ്റെടുത്ത്​ നടത്താൻ ആവശ്യപ്പെട്ടു. അങ്ങനെ 12വർഷത്തിന്​ ശേഷം 1990ൽ ആരോഗ്യ വകുപ്പിലെ ജോലിയിൽ നിന്ന്​ രാജിവെച്ചു​. കുറച്ചുകഴിഞ്ഞ്​ നാട്ടിൽ പോയി തിരിച്ചെത്തിയപ്പോൾ കമ്പനി ചില പ്രശ്നങ്ങളൊക്കെയായി പൂട്ടി. അതോടെ വീണ്ടും ഹെൽത്​ ഡിപാർട്​മെൻറിൽ ആംബുലൻസ്​ വിഭാഗത്തിൽ ജോലിക്ക്​ പ്രവേശിച്ചു. അതിനിടയിലും കെമിക്കൽസ്​ വിതരണം ചെയ്യുന്ന ജോലി പാർട്​ടൈമായി തുടർന്നു.

ഫെയ്​ഫ കെമിക്കൽസ്​ ജനറൽ മാനേജർ കണ്ണൂർ സ്വദേശി രാജ്​മോഹന്‍റെ ഉൽപന്നമായിരുന്നു വിറ്റിരുന്നത്​. അദ്ദേഹം എന്നും മനസ്സിൽ ഓർമിക്കുന്ന നല്ല വ്യക്തിത്വത്തിന്‍റെ ഉടമയാണ്. കെമിക്കൽ എൻജിനീയർ കൂടിയായതിനാൽ അദ്ദേഹത്തിൽ നിന്നും കെമിക്കൽ ബിസിനസ്​ പഠിക്കാൻ സാധിച്ചു. പിന്നീട്​ മുഹമ്മദ്​ അബ്​ദുല്ല ഗാലിബ്​ കർബാഷ്​ എന്ന ഇപ്പോഴത്തെ സ്പോൺസർ പാർട്ണറെ യാദൃശ്​ചികമായി പരിചയപ്പെട്ടു.

ബിസിനസിൽ അതീവ തൽപരനായ അദ്ദേഹവുമായി ധാരണയായി. ഒരു പൈസപോലും നിക്ഷേപമില്ലാതെ 50-50 എന്ന ധാരണയിലാണ്​ ബിസിനസിന്​ തുടക്കമിട്ടത്​. ഡെലിവറി, വെയർ ഹൗസ്​, ഓഫിസ്​ എന്നിവ അദ്ദേഹത്തിന്‍റെ പൂർണ ഉത്തരവാദിത്തത്തിലും, മെറ്റീരിയൽ സോഴ്‌സിങ്, പർച്ചെസിങ്, ഫണ്ടിംഗ്, സെയിൽസ് കളക്ഷൻ എന്നീ കാര്യങ്ങൾ എന്‍റെ പൂർണ ഉത്തരവാദിത്തലും ചെയ്യാം എന്ന വാക്കാലുള്ള കരാറോടെ ബിസിനസിന് തുടക്കമിട്ടു. കൂടിക്കാഴ്ചയുടെ ആദ്യദിനം 'നിങ്ങളുടെ ഒരു ഫിൽസ്​ ഞാൻ എടുക്കില്ല' എന്ന എന്‍റെ വാക്കിന്​ 'നിന്‍റെ അര ഫിൽസ്​ ഞാനെടുക്കില്ല' എന്നായിരുന്നു സ്​പോൺസറുടെ മറുപടി. അങ്ങനെ ഓഫിസ്​ ജോലിക്കായി അദ്ദേഹത്തിന്‍റെ സ്റ്റാഫായ റഹീം എന്ന ഹൈദരാബാദുകാര​നെ നിയമിച്ച്​ പ്രവർത്തനം തുടങ്ങി.

രണ്ടു വർഷം ഞങ്ങൾ രണ്ടു പേരും പരസ്പര മനസ്സിലാക്കി പഠിച്ച ശേഷം കെമക്സ്​ എന്ന കമ്പനിക്ക് രൂപം കൊടുത്തു. പാർട്​ണറുടെ കമ്പനിയായ മുഹമ്മദ്​ അബ്​ദുല്ല ഗാലിബ്​ ​ട്രേഡിങ്​​ എന്ന പേരും ആക്ടിവിറ്റിയും എല്ലാം മാറ്റി പുതിയ ഒരു കമ്പനിയായി.

കെമക്സിന്‍റെ പിറവിയും വളർച്ചയും

ബിസിനസ്​ വളർന്നുതുടങ്ങിയപ്പോഴാണ്​ കെമക്സ്​ എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്ത്​ ഉൽപന്നം പുറത്തിറക്കാൻ തുടങ്ങിയത്​. 1992ലാണിത്​. ഫ്രീലാൻസായി ബിസിനസ്​ ചെയ്തിരുന്ന കാലത്ത്​ സ്​കോട്ടിഷുകാരന്‍റെ കമ്പനിയുടെ ​പേര്​ കെമിക്കൽ എക്സ്​പ്രസ്​ എന്നായിരുന്നു. അദ്ദേഹത്തിന്‍റെ ഓർമക്കായാണ്​ 'കെമക്സ്​-കെമിക്കൽ ആൻഡ്​ ഹൈജീൻ പ്രൊഡക്​റ്റ്​സ്​ എൽ.എൽ.സി'എന്ന്​ പേര്​ സ്വീകരിച്ചത്​.

കെമക്സ്​ ആസ്ഥാനം

ഇന്നും അബ്​ദുറസാഖിന്‍റെ റോൾ മോഡൽ ആരെന്ന ചോദ്യത്തിന്​ സ്​കോട്ടിഷുകാരൻ എന്ന മറുപടിയാണ്​ നൽകുക. അതിനിടെ ബിസിനസ് കൂടിയതിന്നനുസരിച്ച്​ സ്റ്റോറേജ്​ ആവശ്യമായി വന്നതോടെ ധാരണ പ്രകാരം പാർട്​ണർ വീടിന്നടുത്തുള്ള അദ്ദേഹത്തിന്‍റെ സ്ഥലം സ്റ്റോറേജിന് വേണ്ടി ഉപയോഗപ്പെടുത്തി. അതും തികയാതെ വന്നപ്പോൾ പിന്നീട്​ സ്വന്തമായി അൽ ഖൂസിൽ പതിനായിരം സ്ക്വയർ ഫീറ്റ് ഭൂമി ലീസിനെടുത്ത്​ രണ്ടു വെയർ ഹൗസ്​ പണിതു.

അവിടെയാണ് ഞങ്ങളുടെ കെമക്സ്​ ഹൈജീൻ കൺസപ്​റ്റ്​സിന്‍റെ ഇപ്പോഴത്തെ ഷോറൂമും റീറ്റെയ്ൽ കൗണ്ടറും സ്ഥിതി ചെയ്യുന്നത്​. അതിന്​ ശേഷം ​ഉത്​പന്നങ്ങൾ സ്വന്തമായി തന്നെ ഉണ്ടാക്കിക്കൂടെ എന്ന ആലോചന വന്നു. അങ്ങനെ രണ്ട്​ വെയർഹൗസ്​ ഉണ്ടായിരുന്നതിൽ​ ഒന്ന്​ ഫാക്ടറിയാക്കി. 1999ലാണ്​ ഫാക്ടറി ഒരുക്കുന്നത്​. അതാണ് കെമക്സ്​ ഡിറ്റർജെന്‍റ്​ ആൻഡ്​ ഡിസ്​ഇൻഫെക്ടന്‍റ്​ ഫാക്​ടറി. പിന്നീട് അതോടു കൂടി തന്നെ പ്ലാസ്റ്റിക്​ ബോട്ടിലുകൾ, ഗാർബേജ് ബാഗ്‌സ് എന്നിവ നിർമിക്കുന്ന കെമക്സ്​ പ്ലാസ്റ്റിക്​ ഫാക്ടറിയും തുടങ്ങി.

ക്ലീനിങ് ആൻഡ് ഹൈജീൻ ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ എന്നാ ലോഗോയുമായി എല്ലാ ഉൽപന്നങ്ങളും ഒരു കമ്പനിയിൽ നിന്ന്​ എന്ന കൺസെപ്​റ്റ്​ എല്ലാവര്ക്കും സ്വീകാര്യമായി. ഈ കാഴ്ചപ്പാട്​ മാർക്കറ്റിൽ ആദ്യമായി അവതരിപ്പിക്കുന്നത് കെമക്സാണ്​​. പിന്നീട്​ ബിസിനസ്​ കുത്തനെ കൂടി. അതോടെ വെയർഹൗസുകൾ കൂടുതലായി വന്നു. പിന്നീടത്​ അഞ്ചു വെയർഹൗസുകളായി. വെയർഹൗസുകൾക്ക്​ വലിയ പണം ചിലവഴിക്കുന്നത്​ ഒഴിവാക്കുക എന്ന ചിന്തയിൽ പിന്നീട്​ ദുബൈ ഇൻഡസ്​ട്രിയൽ സിറ്റിയിൽ അഞ്ച്​ വർഷം മുമ്പ് 49വർഷത്തേക്ക്​ ഭൂമി പാട്ടത്തിനെടുത്തു. ഇവിടെ സ്വന്തമായി കെട്ടിടം പണിത്​ ഫാക്ടറിയുണ്ടാക്കി. കൂടാതെ രണ്ട്​ വർഷം മുമ്പ് അതിന്‍റെ തൊട്ടടുത്ത് വെയർ ഹൗസും തുടങ്ങി. ഇപ്പോൾ നാലുവർഷമായി ഓഫിസും വെയർഹൗസും എല്ലാം അവിടേക്ക്​ മാറ്റി​​.

നിലവിൽ യു.എ.ഇ ഔഖാഫിന്‍റെ കീഴിലെ എല്ലാ പള്ളികളിലും ഹൈജീൻ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നത്​ കെമക്സാണ്​. അതിനിടെ മറ്റു രാജ്യങ്ങളിലും സ്വന്തം നാടായ കേരളത്തിലും കെമക്സിനെ വളർത്തി. കേരളത്തിൽ കണ്ണൂർ മട്ടന്നൂരിൽ പ്രവർത്തിക്കുന്ന കമ്പനി, അബ്​ദുറസാഖിന്‍റെ കൂടെ വളരെ സത്യസന്ധതയോടെയും ആത്മാർഥതയോടെയും തുടക്കം മുതൽ ഉണ്ടായിരുന്ന നത്താൽപുരയിൽ ബഷീർ എന്ന പരിചയ സമ്പന്നനായ കെമിസ്​റ്റിന്‍റെ അധീനതയിലാണ്​ പ്രവർത്തിക്കുന്നത്​.

സത്യം ബിസിനസ്​ മന്ത്രം

സത്യസന്ധതയും പരസ്പര വിശ്വാസവും നേർവഴിക്കുള്ള ബിസിനസ് മാത്രം മതിയെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ല എന്നതും തുടക്കം മുതലേ സ്വീകരിച്ച നിലപാടാണ്. അത് അബ്​ദുറസാഖിന്‍റെ ബിസിനസ്​ ധാർമികതയുടെ അടിസ്ഥാനമാണ്​. ഇന്നോളം ബാധ്യതകൾ വരുത്തിവെക്കാതെയാണ്​ മുന്നോട്ടുപോയത്​. ദൈവ സഹായത്താൽ ഇത് വരെയും ഒന്നിനും ഒരു ബാങ്കിനെയും സമീപിച്ചിട്ടില്ല. ചെയ്യുന്ന ബിസിനസ്​ നന്നായി ചെയ്യുക, മറ്റുള്ളവരുമായി താരതമ്യപ്പെടുത്താതിരിക്കുക എന്നത്​ എക്കാലവും സ്വീകരിച്ച നയമാണ്​. ബിസിനസ്​ ​തുടങ്ങുന്ന കാലത്ത്​ എന്തുകൊണ്ട്​ ഹോട്ടൽ, ഗ്രോസറി പോലുള്ള മേഖലകൾ തിരഞ്ഞെടുക്കുന്നില്ലെന്ന്​​ പലരും ചോദിക്കാറുണ്ടായിരുന്നു. പെട്ടെന്ന്​ പണം പെട്ടിയിൽ വീഴുമെന്നതാണ്​ അത്തരം ബിസിനസുകൾക്ക്​ പലരും കണ്ട ഗുണം. എന്നാൽ ദീർഘദൃഷടിയോടെ ബിസിനസ്​ എന്ന കാഴ്ചപ്പാടാണ് സ്വീകരിച്ചത്​.

കെമക്സ്​ തുടങ്ങിയ ആദ്യ അഞ്ചുവർഷം ചിലവിനുള്ള പണമല്ലാതെ ലാഭമായി ഒന്നും കമ്പനിയിൽ നിന്ന്​ എടുത്തിരുന്നില്ല. പെട്ടെന്ന്​ കാഷുണ്ടാക്കാൻ ശ്രമിച്ചാൽ തകർന്നുപോകും. അതിനാൽ സ്വാഭാവിക വളർച്ചയാണ്​ എപ്പോഴും നല്ലതെന്ന ഉപദേശമാണ്​ പുതുതലമുറയോട്​ പങ്കുവെക്കാനുള്ളത്​.

മികച്ചൊരു ബ്രാൻഡാണ്​ യു.എ.ഇ

1977ൽ ദുബൈയിൽ ജോലി അന്വേഷിച്ചു നടന്ന കാലത്ത്​ ഇവിടുത്തെ പ്രതാപമൊക്കെ അവസാനിച്ചല്ലോ ഇപ്പോഴാണോ വരുന്നതെന്ന്​ ഒരാൾ ചോദിച്ചത്​ അബ്​ദുറസാഖ്​ ഇപ്പോഴും​ ഓർക്കുന്നുണ്ട്​. എന്നാൽ എല്ലാ പ്രതിസന്ധി കാലങ്ങളും വിജയകരമായി അതിജീവിച്ച്​ യു.എ.ഇ മുന്നേറിയതിന്​ സാക്ഷിയാകാൻ സാധിച്ചു. യു.എ.ഇ രാഷ്ട്രപിതാവ്​ ശൈഖ്​ സായിദിന്‍റെയും ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ്​ റാശിദിന്റെയും കാഴ്ചപ്പാടുകളാണ്​ ഇതിന്​ സഹായിച്ചത്​.

യു.എ.ഇ എന്നത്​ ശരിക്കുമൊരു ബ്രാൻഡായി ഇന്ന്​ വളർന്നുകഴിഞ്ഞു​. ലോകത്ത്​ പലഭാഗങ്ങളിലും പോകുമ്പോൾ ദുബൈയിൽ നിന്നാണെന്ന്​ പറയുമ്പോൾ ലഭിക്കുന്ന സ്വീകാര്യത അനുഭവിച്ചിട്ടുണ്ട്​. എമിറേറ്റിൽ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം​ എല്ലാ മേഖലയിലും ഇടപെട്ട്​ നവീകരണം കൊണ്ടുവന്നു.

എക്സ്​പോ കൂടി വന്നപ്പോൾ ബ്രാൻഡ്​​ കൂടുതൽ വലുതായി. ​ഇമാറാത്തിൽ തന്നെ ജനിച്ചു വളർന്ന അബ്​ദുറസാഖിന്‍റെ മക്കളും നിലവിൽ ഇവിടെ തന്നെയാണ്​ കുടുംബ ജീവിതം നയിച്ചുവരുന്നത്​. മകൻ റിസ്‌വാൻ കെമക്‌സിലും അവരുടെതന്നെ മറ്റൊരു സ്ഥാപനമായ യൂറോടെക്​ എക്വുപ്​മെന്‍റ്​ ട്രേഡിങ്​ എന്ന കമ്പനിയുടെ അധിപനായും മരുമകൻ സി.പി മുഹമ്മദ്​ നദീം ഷ്​നൈഡർ എന്ന മൾട്ടിനാഷണൽ കമ്പനിയിൽ ട്രേഡ്​ കോംപ്ലിയൻസ്​ മാനേജറായും ജോലിചെയ്യുന്നു. തലമുറകളായി യു.എ.ഇയുടെ സുകൃതം അങ്ങനെ നീണ്ടുപോവുകയാണെന്ന്​ അബ്​ദുറസാഖ്​ നന്ദിയോടെ സ്മരിക്കുന്നു.

മുഹമ്മദ് അബ്ദുല്ല ഗാലിബ്​ കർബാഷ്​; പ്രിയ ഇമാറാത്തി

അബ്​ദുറസാഖിന്‍റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച ഇമാറാത്തി പൗരൻ പാട്​ണറായ മുഹമ്മദ്​ അബ്​ദുല്ല ഗാലിബ്​ കർബാഷാണ്​. കണ്ടുമുട്ടിയതു മുതൽ ഇന്നുവരെ പരസ്പരം വാക്ക്​ പാലിച്ചു മുന്നോട്ടുപോയി. ഇന്നും ബന്ധം തുടരുന്നു. എനിക്കൊരു സഹോദരനുണ്ടെങ്കിൽ അത്​ നീയാണെന്ന്​ അദ്ദേഹം​ പറയുമായിരുന്നു. ഒരിക്കലും സാമ്പത്തിക വിഷയങ്ങളിൽ പരസ്പരം സംശയിക്കുന്ന ഒന്നും ഉണ്ടായില്ല. കുടുംബത്തിലെ കാര്യങ്ങൾ പോലും ഏൽപിക്കുന്ന രൂപത്തിൽ വിശ്വാസമുണ്ട്​​. എല്ലാവരെയും സഹായിക്കുന്ന മനസുള്ള ആളാണ്​. ഇതുവരെ തനിക്ക്​ എത്തിച്ചേരാൻ​ കാരണക്കാരൻ അദ്ദേഹമാണെന്ന്​ പറയാൻ അബ്​ദുറസാഖിന്​ മടിയില്ല. പ്രവാസലോകത്ത്​ മലയാളികൾക്ക്​ അഭിമാനമായ എം.എ യൂസുഫലിയും ആസാദ്​ മൂപ്പനുമെല്ലാം ഏറെപ്രചോദനം നൽകിയ ആളുകളാണെന്നും അദ്ദേഹം ഓർക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:emarat dil ki dhadkandil ki dhadkanuae@50Chemex
News Summary - Chemex - Raised his head on the shady soil
Next Story