പ്രകൃതിയെ അറിയാൻ ദുബൈയിൽ ഡിജിറ്റൽ വേദി
text_fieldsപരിസ്ഥിതിയെ സംരക്ഷിക്കാനും അതിനെ കുറിച്ച അവബോധം പകരാനും ദുബൈ ഭരണകൂടം വളരെയേറെ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയിൽ എമിറേറ്റിലെ മുഴുവൻ നാചുറൽ റിസർവുകളെയും പരിചയപ്പെടുത്തുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിനും തുടക്കം കുറിച്ചിരിക്കയാണ്. ജൈവവൈവിധ്യങ്ങളെ കുറിച്ച് ശരിയായ രീതിയിൽ മനസിലാക്കാൻ ഉപകരിക്കുന്ന ചിത്രങ്ങളും എഴുത്തുകളും ഇതിലുണ്ട്. ദുബൈയിലെ പ്രകൃതിദത്ത റിസർവ് സോണുകളിൽ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ടൂറിസത്തെ പ്ലാറ്റ്ഫോം പ്രോത്സാഹിപ്പിക്കുന്നുണ്ട്. സംരക്ഷിത മേഖലകളെ കുറിച്ച പ്രസക്തമായ എല്ലാ വിവരങ്ങളും സേവനങ്ങളും എളുപ്പത്തിൽ ലഭ്യമാകുന്നതാണ് പ്ലാറ്റ്ഫോം.
പ്രകൃതിദത്ത കേന്ദ്രങ്ങളെ കുറിച്ച വിദ്യാഭ്യാസം നൽകുന്നതിന് ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ശിൽപശാലകൾ, പ്രഭാഷണങ്ങൾ, മറ്റ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച വിവരങ്ങളും സന്ദർശകർക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളും ഇതുവഴി അറിയാനാകും. സന്ദർശകർക്ക് റിസർവ് ഗൈഡിനൊപ്പം ടൂറുകൾ ഷെഡ്യൂൾ ചെയ്യാനും അവ ഉൾക്കൊള്ളുന്ന റിസർവുകളും ജൈവ വൈവിധ്യവും കാണാനും കഴിയും. കൂടാതെ പക്ഷി നിരീക്ഷണ സെഷനുകളിൽ വ്യത്യസ്ത ഇനം പക്ഷികളെക്കുറിച്ച് പഠിക്കാനും സാധിക്കും. നാചുറൽ റിസർവുകളിലെ സന്ദർശന സമയം, നിർദേശങ്ങൾ, സുരക്ഷാ മുൻകരുതലുകൾ, പ്രാദേശിക കാലാവസ്ഥാ പ്രവചനങ്ങൾ, എളുപ്പത്തിൽ എത്തിച്ചേരുന്നതിനായി ദുബൈയിലെ റിസർവ് സ്ഥലങ്ങളുടെ മാപ്പ്, വെർച്വൽ 360-ഡിഗ്രി ടൂർ നടത്താനുള്ള ഓപ്ഷൻ എന്നിവ പ്ലാറ്റ്ഫോമിൽ ലഭിക്കും.
ദുബൈ മുനിസിപ്പാലിറ്റിയാണ് ദുബൈയിലെ പ്രകൃതി കേന്ദ്രങ്ങളുടെ ഭരണം കൈയാളുന്നത്. മൊത്തം 1,297 ചതുരശ്ര കിലോമീറ്റർ വിസ്തീർണമാണ് നാചുറൽ റിസർവുകളുടേത്. ഇത് നഗരത്തിന്റെ മൊത്തം വിസ്തൃതിയുടെ 31 ശതമാനവും ഉൾക്കൊള്ളുന്നുണ്ട്. ഇവയിൽ റാസ് അൽ ഖോർ വന്യജീവി സങ്കേതം, ജബൽ അലി വന്യജീവി സങ്കേതം, ഹത്ത മൗണ്ടൻ റിസർവ് എന്നിവ റാംസർ കൺവെൻഷൻ പ്രകാരം അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ്. 342 ഇനം പക്ഷികൾ, 46 ഇനം സസ്തനികൾ, 51 ഇനം ഉരഗങ്ങൾ, 315 ഇനം സസ്യങ്ങൾ, 188 ഇനം മത്സ്യങ്ങൾ എന്നിവയുൾപ്പെടെ വന്യജീവികളുടെ വലിയ നിരയാണ് റിസർവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

