അബൂദബിയില്‍ കണ്ടല്‍ക്കാട് സംരക്ഷണത്തിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോം
text_fieldsഅബൂദബി: എമിറേറ്റിലെ കണ്ടല്‍ക്കാടുകളുടെ സംരക്ഷണവും വനവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാനും ഏകോപിപ്പിക്കാനുമായി ഡിജിറ്റല്‍ പ്ലാറ്റ്ഫോം പുറത്തിറക്കി അബൂദബി പരിസ്ഥിതി ഏജന്‍സി. ഡോള്‍ഫിന്‍ എനര്‍ജി ലിമിറ്റഡിന്റെ അഞ്ചു വര്‍ഷത്തെ സാമ്പത്തിക സഹായത്തോടെ, അബൂദബി മാംഗ്രോവ് ഇനിഷ്യേറ്റീവിന് കീഴിലാണ് പ്ലാറ്റ്ഫോം വികസിപ്പിച്ചത്.
19 സജീവ പദ്ധതികളില്‍ നിന്നുള്ള വിവരങ്ങള്‍ ഒറ്റ സിസ്റ്റത്തിലേക്ക് ഏകോപിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ഉപഗ്രഹ ചിത്രങ്ങള്‍, ഫീല്‍ഡ് സര്‍വേകള്‍, മറ്റ് ഡാറ്റകള്‍ എന്നിവ ഉപയോഗിച്ച് 1775 ഹെക്ടറിലധികം വരുന്ന കണ്ടല്‍ക്കാടുകളുടെ വളര്‍ച്ചയും പുരോഗതിയും ഈ പ്ലാറ്റ്ഫോം തത്സമയം ലഭ്യമാക്കും. നിലവില്‍ 1.85 കോടിയിലധികം കണ്ടല്‍ തൈകള്‍ നട്ടുവളര്‍ത്തുന്ന പദ്ധതികള്‍ ഈ പ്ലാറ്റ്ഫോം വഴി നിരീക്ഷിക്കുന്നുണ്ട്. ഇതില്‍ 1.04 കോടിയിലധികം തൈകള്‍ മികച്ച രീതിയില്‍ വളര്‍ന്നതായി കണ്ടെത്തി. 46.94 ശതമാനമാണ് നിലവിലെ സംരക്ഷണ വിജയ നിരക്ക്.
ശാസ്ത്രീയ അടിത്തറയിലൂന്നിയുള്ള ആസൂത്രണത്തിനും കണ്ടല്‍ക്കാടുകളുടെ ദീര്‍ഘകാല സംരക്ഷണത്തിനും ഈ ഡിജിറ്റല്‍ സംവിധാനം ഏറെ സഹായകരമാകുമെന്ന് പരിസ്ഥിതി ഏജന്‍സി ടെറസ്ട്രിയല്‍ ആന്‍ഡ് മറൈന്‍ ബയോഡൈവേഴ്‌സിറ്റി ഡിവിഷന്‍ ആക്ടിങ് ഡയറക്ടര്‍ മൈത മുഹമ്മദ് അല്‍ ഹമേലി പറഞ്ഞു. വെറുമൊരു മരം നടീല്‍ എന്നതിനപ്പുറം പരിസ്ഥിതി വ്യവസ്ഥയുടെ വീണ്ടെടുപ്പും പ്രതിരോധശേഷിയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അവര്‍ വ്യക്തമാക്കി.
യു.എ.ഇയിലെ കണ്ടല്‍ക്കാടുകളുടെ വലിയൊരു പങ്കും അബൂദബിയിലാണ്. ഏകദേശം 176 ചതുരശ്ര കിലോമീറ്റര്‍ മേഖലയില്‍ ഇവ വ്യാപിച്ചുകിടക്കുന്നു. 2022ല്‍ ആരംഭിച്ച അബൂദബി മംഗ്രോവ് ഇനിഷ്യേറ്റീവ് ഇതുവരെ കണ്ടല്‍ക്കാട് ഗവേഷണങ്ങള്‍ക്കും സംരക്ഷണത്തിനുമായി 50 ലക്ഷത്തിലധികം ദിര്‍ഹം സമാഹരിച്ചിട്ടുണ്ട്. 15 പ്രാദേശിക സംഘങ്ങളും എട്ട് അന്താരാഷ്ട്ര സംഘടനകളും കൂട്ടായ്മയില്‍ പങ്കാളികളാണ്.
ഡേറ്റയും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തി മികച്ച പാരിസ്ഥിതിക തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പദ്ധതി വഴി സാധിക്കുമെന്ന് ഡോള്‍ഫിന്‍ എനര്‍ജി കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ അബ്രാര്‍ അല്‍ മഹ്‌മൂദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

