ദുബൈയിൽ 'ഡിജിറ്റൽ നാടോടി'കൾ വർധിക്കുന്നു
text_fieldsദുബൈ: ഏറ്റവും വേഗത്തിൽ വളരുന്ന ലോകത്തെ പത്ത് വിദൂര തൊഴിൽ ഹബുകളിൽ ദുബൈയും സ്ഥാനം പിടിച്ചു. അമേരിക്കൻ പട്ടണങ്ങളായ മിയാമിക്കും ഡെൻവെറിനും ഒപ്പമാണ് എമിറേറ്റ് ഇക്കാര്യത്തിൽ എണ്ണപ്പെടുന്നത്. 'നോമാഡ് ലിസ്റ്റ്' നടത്തിയ വിശകലനത്തിൽ ലോകത്ത് ഇക്കാര്യത്തിൽ ആറാം സ്ഥാനമാണ് ദുബൈക്ക്. മെക്സികോ, സ്പെയിൻ, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളിലെ നഗരങ്ങളാണ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ. നിലവിൽ 1800 വിദൂര ജോലിക്കാർ ദുബൈയിൽ ഉണ്ടെന്ന് നൊമാഡ് ലിസ്റ്റ് ചൂണ്ടിക്കാണിക്കുന്നു. ഡിജിറ്റൽ നാടോടികൾ എന്ന് വിളിക്കപ്പെടുന്ന വിദൂര തൊഴിലാളികൾ വ്യത്യസ്ത രാജ്യങ്ങളെ തൊഴിലിടമായി ഉപയോഗിക്കുന്നവരാണ്. 2021ൽ 71 ശതമാനം വളർച്ച ദുബൈ ഇക്കാര്യത്തിൽ കൈവരിച്ചു.
യു.എ.ഇയിൽ താമസിച്ച് വിദൂര ജോലികൾ ചെയ്യുന്ന വിദേശികൾക്ക് വിസ അനുവദിക്കുമെന്ന് മാർച്ചിൽ അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് വിദൂര തൊഴിലുകൾക്ക് ദുബൈയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയത്. ലോകത്തിെൻറ വിവിധ പ്രദേശങ്ങളിൽനിന്ന് യാത്രക്കും മറ്റുമുള്ള സൗകര്യങ്ങളാണ് എമിറേറ്റിനെ പ്രഫഷനലുകളുടെ ആശാകേന്ദ്രമാക്കിയത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിദൂര തൊഴിൽ ഹബ്ബുകൾക്ക് വലിയ പ്രാധാന്യമാണ് കൈവന്നത്.
യു.എ.ഇയിൽ ഏകവർഷ വിസയാണ് വിദൂരജോലിക്കും താമസത്തിനും അനുവദിക്കുന്നത്. മറ്റൊരു രാജ്യത്തായിരിക്കും ഇത്തരക്കാരുടെ കമ്പനി. കമ്പനി യു.എ.ഇയിൽ രജിസ്റ്റർ ചെയ്തില്ലെങ്കിലും ജോലിക്ക് തടസ്സമുണ്ടാകില്ലെന്നതാണ് വിസയുടെ മെച്ചം. വിസാ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് പ്രവർത്തിച്ചാൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

