ഡിജിറ്റൽ വികസനം ‘എല്ലാവർക്കും സാങ്കേതികവിദ്യ സേവനം’ എന്ന തത്ത്വത്തിൽ
text_fieldsസിട്ര ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഓപറേഷൻസ് സെക്ടർ ആക്ടിങ് ഹെഡ് ലയാലി അൽ മൻസൂരി ലോക ഇൻഫർമേഷൻ സൊസൈറ്റി ഉച്ചകോടി ഉന്നതതല ഫോറത്തിൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ‘എല്ലാവർക്കും സാങ്കേതികവിദ്യ സേവനം’ എന്ന തത്ത്വത്തിലാണ് രാജ്യത്തെ ഡിജിറ്റലൈസേഷൻ നടപടികളെന്ന് കുവൈത്ത് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഓപറേഷൻസ് സെക്ടർ ആക്ടിങ് ഹെഡ് ലയാലി അൽ മൻസൂരി. ജനീവയിൽ നടന്ന ലോക ഇൻഫർമേഷൻ സൊസൈറ്റി ഉച്ചകോടിയുടെ ഭാഗമായി ഉന്നതതല ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ. എല്ലാവരെയും ഉൾക്കൊള്ളുന്നതും കാര്യക്ഷമവുമായ ഇ-സേവനങ്ങൾ നൽകുന്നത് സൗകര്യത്തിന് മാത്രമല്ല, സാമൂഹിക അനിവാര്യതയും ദേശീയ വികസന അജണ്ടയുടെ അടിസ്ഥാനവുമാണെന്നും അവർ പറഞ്ഞു.
ഡിജിറ്റലൈസേഷൻ രംഗത്ത് കുവൈത്തിന്റെ നേട്ടങ്ങളും അവർ ചൂണ്ടിക്കാട്ടി. 2021ൽ 13 സർക്കാർ സ്ഥാപനങ്ങളിലെ സേവനങ്ങൾ നൽകുന്ന സഹൽ ഏകീകൃത ഗവൺമെന്റ് ആപ്ലിക്കേഷൻ ആരംഭിച്ചു.
ഇത് ഇപ്പോൾ 2.8 ദശലക്ഷത്തിലധികം ഉപയോക്താക്കൾക്ക് സേവനം നൽകുകയും 100 ദശലക്ഷത്തിലധികം ഇടപാടുകൾ പ്രോസസ് ചെയ്യുകയും 40 സർക്കാർ ഏജൻസികളിൽനിന്ന് 450 ലധികം സേവനങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. പ്രതിമാസം ശരാശരി 4.5 ദശലക്ഷം ഇടപാടുകൾ സഹൽ വഴി നടക്കുന്നതായും ചൂണ്ടിക്കാട്ടി.
ഏഴ് സർക്കാർ സേവനങ്ങളെ സംയോജിപ്പിച്ച് സംയോജിത ഡിജിറ്റൽ പ്രക്രിയയായ ‘ന്യൂബോൺസ് ജേർണി’ ആരംഭിച്ചു. 2022-ൽ സഹൽ ബിസിനസ് ആരംഭിച്ചത് മറ്റൊരു നേട്ടമായി. ഇത് ഇപ്പോൾ 18 സർക്കാർ ഏജൻസികളിൽനിന്ന് 212 പ്രത്യേക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇന്നുവരെ 515,000 ത്തിലധികം ഇടപാടുകൾ പൂർത്തിയായി.
കൃത്രിമ ബുദ്ധി, സൈബർ സുരക്ഷ, നൂതന നെറ്റ്വർക്കുകൾ, സുസ്ഥിര ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവ അടക്കം ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ മനസിലാക്കലാക്കുന്നതിന്റെ ഭാഗമായാണ് സിട്ര ഉച്ചകോടിയിൽ പങ്കെടുത്തതെന്നും ലയാലി അൽ മൻസൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

