വിമാന ടിക്കറ്റ് ബുക്കിങ്, റീഫണ്ട് പരിഷ്കരണവുമായി ഡി.ജി.സി.എ
text_fieldsദുബൈ: ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വിമാന ടിക്കറ്റ് ബുക്കിങ്, റീഫണ്ട് വ്യവസ്ഥകൾ പരിഷ്കരിച്ച് ഉത്തരവിറക്കി. ഈ വർഷം മാർച്ച് 26 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ബുക്കിങ്ങിന്ശേഷം 48 മണിക്കൂറിനുള്ളിൽ സൗജന്യ റദ്ദാക്കൽ, ഏഴു മുതൽ 14 ദിവസത്തിനുള്ളിൽ റീഫണ്ട്, മെഡിക്കൽ എമർജൻസി ആനുകൂല്യങ്ങൾ എന്നിവ പരിഷ്കരണത്തിൽ ഉൾപ്പെടുന്നു. ബുക്കിങ് നടത്തിയതിന് ശേഷം 48 മണിക്കൂറിനകം ടിക്കറ്റ് റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ അധിക ചാർജ് ഈടാക്കാൻ പാടില്ലെന്നാണ് പുതിയ നിർദേശം.
മാറ്റം വരുത്തുന്ന യാത്രക്ക് ബാധകമായ സാധാരണ നിലവിലെ നിരക്ക് മാത്രമേ ഈടാക്കാവൂ. ഈ സൗകര്യം യാത്രക്കാർക്ക് പ്രയോജനപ്പെടുത്തുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം 48 മണിക്കൂർ കാലയളവിൽ ‘ലുക്ക്-ഇൻ ഓപ്ഷൻ’ നൽകണമെന്ന് എയർലൈനുകൾക്ക് ഡി.ജി.സി.എ നിർദേശം നൽകി. എന്നാൽ, ബുക്കിങ് തീയതി മുതൽ ഏഴ് ദിവസത്തിനകം പുറപ്പെടുന്ന ആഭ്യന്തര സർവിസുകൾക്കും 15 ദിവസത്തിനകം പുറപ്പെടുന്ന അന്താരാഷ്ട്ര സർവിസുകൾക്കും ഈ സൗകര്യം ലഭ്യമാകില്ല. ആദ്യ 48 മണിക്കൂറിന് ശേഷം ടിക്കറ്റ് മാറ്റം വരുത്തുകയാണെങ്കിൽ നിലവിലുള്ള റദ്ദാക്കൽ ചാർജുകൾ ബാധകമാകും. ടിക്കറ്റ് നോൺ-റീഫണ്ടബിൾ ആണെങ്കിൽ പോലും യു.ഡി.എഫ്, എ.ഡി.എഫ്, പി.എസ്.എഫ് തുടങ്ങിയ എല്ലാ നിയമപരമായ നികുതികളും യാത്രക്കാരന് തിരികെ നൽകണം. ഇന്ത്യയിലേക്കും തിരിച്ചും സർവിസ് നടത്തുന്ന വിദേശ വിമാന കമ്പനികൾ അതത് രാജ്യങ്ങളിലെ റീഫണ്ട് റൂൾ തുടരണം.
അതേസമയം, റീഫണ്ട് നൽകാനുള്ള സമയപരിധി ഡി.ജി.സി.എ നിർദേശങ്ങളുമായി പൊരുത്തപ്പെടുന്നതാകണം. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം 24 മണിക്കൂറിനകം യാത്രക്കാരൻ ശ്രദ്ധയിൽപ്പെടുത്തുന്ന പേര് പിശകുകൾ തിരുത്തുന്നതിനായി അധിക ഫീസ് ഈടാക്കരുതെന്ന് ഡി.ജി.സി.എ വ്യക്തമാക്കി. ഈ സൗകര്യം എയർലൈനുകളുടെ വെബ്സൈറ്റിലൂടെ നേരിട്ട് ബുക്ക് ചെയ്ത ടിക്കറ്റുകൾക്കാണ് ബാധകം. ട്രാവൽ ഏജന്റ്/പോർട്ടൽ വഴി ടിക്കറ്റ് വാങ്ങിയാലും റീഫണ്ട് നൽകാനുള്ള ഉത്തരവാദിത്തം എയർലൈനുകൾക്ക് തന്നെയായിരിക്കും. റീഫണ്ട് പ്രക്രിയ 14 പ്രവൃത്തി ദിവസത്തിനകം പൂർത്തിയാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. യാത്രാവേളയിൽ യാത്രക്കാരനോ അതേ പി.എൻ.ആറിൽ ഉൾപ്പെട്ട കുടുംബാംഗമോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ടിക്കറ്റ് റദ്ദാക്കേണ്ടിവന്നാൽ, എയർലൈനുകൾ റീഫണ്ടോ ‘ക്രെഡിറ്റ് ഷെൽ’ സൗകര്യമോ നൽകണം. പിന്നീട്, യാത്രക്ക് അനുയോജ്യമാണെന്ന സർട്ടിഫിക്കറ്റ് എയർലൈനിന്റെ എയറോസ്പേസ് മെഡിസിൻ വിദഗ്ധരുടെയോ ഡി.ജി.സി.എ അംഗീകൃത വിദഗ്ധരുടെയോ അഭിപ്രായം ലഭിച്ചതിന് ശേഷമേ റീഫണ്ട് അനുവദിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

