Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാർജയിൽ 120 കോടി ദിർഹമിന്‍റെ വികസന പദ്ധതികൾ

text_fields
bookmark_border
ഷാർജയിൽ 120 കോടി ദിർഹമിന്‍റെ വികസന പദ്ധതികൾ
cancel

ഷാർജ: ഷാർജയുടെ കിഴക്കൻ, മധ്യ മേഖലകളിൽ 1200 കോടിയിലധികം ദിർഹമിന്‍റെ വികസന പദ്ധതികൾ നടപ്പാക്കുന്നു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് പദ്ധതികൾ പുരോഗമിക്കുന്നത്.

ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി സ്കൂളുകൾ, കായിക സമുച്ചയങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, പാർക്കുകൾ എന്നിവ ഉൾപ്പെടെയുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്.

ഷാർജ ഗവൺമെന്‍റ്​ മീഡിയ ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ഷാർജ പബ്ലിക് വർക്സ് ഡിപാർട്​മെന്‍റ്​ (എസ്​.ഡി.പി.ഡബ്ല്യു) നടപ്പാക്കുന്ന പദ്ധതികളിൽ 83.4 കോടിയിലധികം ദിർഹം കിഴക്കൻ മേഖലക്കും 38.6 കോടിയിലധികം ദിർഹം മധ്യ മേഖലക്കുമാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ നിർമാണം പൂർത്തിയായി കൈമാറിയ പദ്ധതികളും നിലവിൽ നിർമാണ ഘട്ടത്തിലുള്ളവയും ഉൾപ്പെടുന്നു.

കിഴക്കൻ മേഖലയിലെ വലിയ വിഹിതമായ 61.8 കോടി ദിർഹമിന്‍റെ വികസന പദ്ധതികൾ കൽബയിലാണ് നടക്കുന്നത്. 18.4 കോടി ദിർഹം ചെലവിൽ പൂർത്തിയായ വിക്ടോറിയ ഇന്‍റർനാഷനൽ സ്കൂളിന്‍റെ രണ്ടാം ഘട്ടം, 18.5 കോടി ദിർഹമിന്‍റെ വാട്ടർഫ്രണ്ട് സർക്കാർ കെട്ടിടങ്ങളുടെ വികസനം, കൽബ സർവകലാശാലയിലെ 11 കോടി ദിർഹമിന്‍റെ സ്പോർട്സ് കോംപ്ലക്സ് എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. കൂടാതെ, 7.7 കോടി ദിർഹമിന്‍റെ കൽബ ഡിസേബിൾഡ് ക്ലബിന്‍റെ നിർമാണം 76 ശതമാനവും, 3.8 കോടി ദിർഹമിന്‍റെ റോക്ക് ആർട്ട് സെന്‍ററിന്‍റെ നിർമാണം 46 ശതമാനവും പൂർത്തിയായിട്ടുണ്ട്.

കിഴക്കൻ മേഖലയിലെ തന്നെ ഖോർഫക്കാൻ നഗരത്തിൽ 18.8 കോടി ദിർഹമിന്‍റെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിൽ 14 കോടി ദിർഹം ചെലവിട്ട വിക്ടോറിയ ഇന്‍റർനാഷനൽ സ്കൂൾ രണ്ടാം ഘട്ടത്തിന്‍റെ കൈമാറ്റം പൂർത്തിയായി. കൂടാതെ അൽ ലുലുയ്യയിലെ പുതിയ നഴ്സറിയുടെ നിർമാണം പൂർത്തിയാകുകയും സിവിൽ ഡിഫൻസ് സെന്‍റർ ഉൾപ്പെടെയുള്ള സേവന കേന്ദ്രങ്ങളുടെ നിർമാണം പുരോഗമിക്കുകയും ചെയ്യുന്നു. ദിബ്ബ അൽ ഹിസ്നിൽ നഴ്സറി, വാട്ടർഫ്രണ്ട് സൗകര്യങ്ങൾ, ഷാർജ ലേഡീസ് ക്ലബ് ബീച്ച് പാർക്ക് എന്നിവക്കായി 2.9 കോടിയിലധികം ദിർഹവും ചെലവഴിക്കുന്നു. മധ്യ മേഖലയിൽ വിദ്യാഭ്യാസ മേഖലക്കായി മാത്രം 31.2 കോടി ദിർഹമാണ് നീക്കിവെച്ചിരിക്കുന്നത്. ഇതിൽ 18.4 കോടി ദിർഹമിന്‍റെ വി.ഐ.എസ്.എസ് അൽ ദൈദ്, അൽ ദൈദ് സർവകലാശാലയിലെ 8.4 കോടി ദിർഹമിന്‍റെ തിയേറ്റർ, 4.2 കോടി ദിർഹമിന്‍റെ മസ്​ജിദ്​ എന്നിവ ഉൾപ്പെടുന്നു.

കൂടാതെ മലീഹയിൽ 40 കുതിരകളെ പാർപ്പിക്കാൻ ശേഷിയുള്ള 3.2 കോടി ദിർഹമിന്‍റെ ഇക്വസ്ട്രിയൻ ക്ലബ്, അൽ ബതീഹിലെ സിവിൽ ഡിഫൻസ് കെട്ടിടം, ഒട്ടകച്ചന്ത, 2.5 കോടിയിലധികം ദിർഹമിന്‍റെ പാർക്കുകൾ തുടങ്ങിയവയും മധ്യ മേഖലയിലെ മറ്റ് പ്രധാന പദ്ധതികളാണ്.

ഷാർജയിലെ ജനസംഖ്യാ വളർച്ചക്ക്​ അനുസൃതമായി പൊതുസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ പദ്ധതികൾ നടപ്പാക്കുന്നതെന്ന് എസ്‌.ഡി.പി.ഡബ്ല്യു ബ്രാഞ്ചസ് ഡയറക്ടർ എഞ്ചിനീയർ അബ്ദുല്ല അൽ തുനൈജി വ്യക്തമാക്കി. കൃത്യസമയത്ത് ഉയർന്ന ഗുണനിലവാരത്തോടെ നിർമാണം പൂർത്തിയാക്കാൻ ബന്ധപ്പെട്ട മറ്റ് അധികാരികളുമായി സഹകരിച്ചാണ് വകുപ്പ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Development projects worth Dh1.2 billion in Sharjah
Next Story