ദുബൈയിലെ ദേരയിൽ മൂന്ന് പൈതൃകപാതകളുടെ വികസനം പൂർത്തിയായി
text_fieldsദേരയിൽ വികസനം പൂർത്തിയാക്കിയ പൈതൃക പാതകളുടെ ഭാഗം
ദുബൈ: നഗരത്തിന്‍റെ ചരിത്രത്തോളം പഴക്കമുള്ള വ്യാപാര, വാണിജ്യ കേന്ദ്രമായ ദേരയിൽ മൂന്ന് പൈതൃകപാതകളുടെ വികസനം പൂർത്തിയാക്കി ദുബൈ മുനിസിപ്പാലിറ്റി. ദേര മാർക്കറ്റ് കേന്ദ്രീകരിച്ച് 95 ലക്ഷം ദിർഹം ചെലവഴിച്ചാണ് 1,784 മീറ്റർ നീളത്തിൽ പാതകളുടെ വികസനം നടപ്പാക്കിയത്. താമസക്കാരുടെയും സന്ദർശകരുടെയും അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം, മാർക്കറ്റിന്‍റെ ചരിത്രപരമായ സ്വഭാവം സംരക്ഷിക്കുക കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്.
ദേര ഗ്രാൻഡ് സൂഖിലെ 500ലേറെ കടകൾക്ക് സഹായകരവുമാണ് പദ്ധതി. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും എമിറേറ്റിന്റെ സമ്പന്നമായ നാഗരിക പൈതൃകം പ്രദർശിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ദുബൈ മുനിസിപ്പാലിറ്റി പദ്ധതി രൂപപ്പെടുത്തിയത്. ദുബൈയുടെ പൈതൃക മേഖലകളുടെ സംരക്ഷണ പദ്ധതിക്ക് മുതൽകൂട്ടാവുന്നതും ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനുമായി യോജിക്കുന്നതുമാണ് സംരംഭം.
ഗോൾഡ് സൂഖ് പാത (995 മീറ്റർ), അൽ അഹ്മദിയ സ്കൂൾ ഹെറിറ്റേജ് ആക്സിസ് (430 മീറ്റർ), സ്പൈസ് സൂഖ് ആക്സിസ് (359 മീറ്റർ) എന്നിവയാണ് വികസിപ്പിച്ച മൂന്ന് പാതകൾ. ആകെ 25,800 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതും ഗോൾഡ് സൂഖിനും അൽ അഹ്മദിയ പ്രദേശത്തിനും പുറമേ ഹെർബ്സ് മാർക്കറ്റ്, സ്പൈസ് സൂഖ്, യൂടെൻസിൽസ് സൂഖ്, പെർഫ്യൂം മാർക്കറ്റ്, കാർപറ്റ് മാർക്കറ്റ്, ടെക്സ്റ്റൈൽസ് സൂഖ്, ഹൗസ്ഹോൾഡ് മാർക്കറ്റ് എന്നിവയുൾപ്പെടെ ഏഴ് പരമ്പരാഗത വിപണികളെ ബന്ധിപ്പിക്കുന്നതുമാണിത്.
മാർക്കറ്റുകളെ ചുറ്റുമുള്ള ചരിത്ര സ്മാരകങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് വികസിപ്പിച്ച പാതകൾ. സംസ്കാരം, ഷോപ്പിങ്, ടൂറിസം എന്നിവ സംയോജിപ്പിച്ച് സന്ദർശകർക്ക് മികച്ച അനുഭവം സമ്മാനിക്കാനാണിത് ലക്ഷ്യമിടുന്നത്. പൊതു ഇടങ്ങളുടെ നവീകരണം, 210 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ തുണികൊണ്ടുള്ള ഷേഡിങ് ഘടനകൾ, ബിൻ നയീം പള്ളിക്ക് പിന്നിൽ 200 ചതുരശ്ര മീറ്റർ മേലാപ്പ് എന്നിവ വികസനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
കടകളുടെ മുൻഭാഗങ്ങളിലെ ലൈറ്റിങ് നവീകരിച്ചതും 38 സൂചന ബോർഡുകളും 154 ഫ്ലോർ മാർക്കിങ്ങുകളും സ്ഥാപിച്ചതും 770 ചതുരശ്ര മീറ്റർ നടപ്പാതകൾ മെച്ചപ്പെടുത്തിയതും പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയിട്ടുണ്ട്. വർത്തമാനത്തിലെയും ഭാവിയിലെയും വേഗതക്കനുസരിച്ച് മുന്നേറി നഗരത്തിന്‍റെ ആഴത്തിൽ വേരൂന്നിയ പൈതൃകത്തെ ആദരിക്കുന്നതാണ് പദ്ധതിയെന്ന് ദുബൈ മുനിസിപ്പാലിറ്റി പബ്ലിക് ഫെസിലിറ്റീസ് ഏജൻസി സി.ഇ.ഒ ബാദിർ അൻവാഹി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

