വിദ്യാഭ്യാസ രംഗത്ത് വികസനം; സമഗ്ര പദ്ധതികൾക്ക് അംഗീകാരം
text_fieldsശൈഖ് ഹംദാന്റെ അധ്യക്ഷതയിൽ നടന്ന ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ യോഗം
ദുബൈ: എമിറേറ്റിന്റെ വിദ്യാഭ്യാസ രംഗത്ത് സമഗ്ര വികസനം ലക്ഷ്യമിടുന്ന നയ, പദ്ധതികൾക്ക് ദുബൈ എക്സിക്യൂട്ടിവ് കൗൺസിലിന്റെ അംഗീകാരം. ഉന്നത വിദ്യാഭ്യാസം, കരിയർ ഗൈഡൻസ് എന്നീ മേഖലകൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് പദ്ധതികൾ.
ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ എമിറേറ്റ്സ് ടവറിൽ ചേർന്ന എക്സിക്യൂട്ടിവ് കൗൺസിൽ യോഗമാണ് ഇതുൾപ്പെടെ വമ്പൻ പദ്ധതികൾക്ക് അംഗീകാരം നൽകിയത്. 2033ഓടെ എമിറേറ്റിലെ മൊത്തം യൂനിവേഴ്സിറ്റി പ്രവേശനത്തിന്റെ 50 ശതമാനം വിദേശ വിദ്യാർഥികളാക്കി മാറ്റുകയാണ് വിദ്യാഭ്യാസ നയത്തിലെ പ്രധാന ലക്ഷ്യം. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ), ദുബൈ ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡി.ഇ.ടി) എന്നിവയായിരിക്കും ഇതിനായുള്ള പദ്ധതികൾക്ക് നേതൃത്വം നൽകുക. ഇതിനായി പുതിയ വിദ്യാർഥി വിസകളും അന്താരാഷ്ട്ര സ്കോളർഷിപ്പുകളും അനുവദിക്കും. ഇതുവഴി ദുബൈയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള സംഭാവന 560 കോടി ദിർഹമാകുമെന്നാണ് പ്രതീക്ഷ.
യുവാക്കൾ ഭാവിയുടെ ശിൽപികളാണെന്നും അവരുടെ അവബോധം, ശുഭാപ്തിവിശ്വാസം, ലോകത്തോടുള്ള തുറന്ന മനസ്സ് എന്നിവയിലൂടെയാണ് അത് രൂപപ്പെടുകയെന്നും ശൈഖ് ഹംദാൻ പറഞ്ഞു. പുത്തൻ അറിവുകളും വൈദഗ്ധ്യങ്ങളും നൽകി യുവാക്കളെ ശാക്തീകരിക്കുന്ന പ്രവർത്തനങ്ങൾ തുടരും. കൂടാതെ ലോകോത്തര നിലവാരമുള്ള അക്കാദമിക, പ്രായോഗിക, ഗവേഷണ അവസരങ്ങളും അവർക്ക് നൽകും. ഇതുവഴി ലോകത്തുടനീളമുള്ള ഏറ്റവും മികച്ച വിദ്യാർഥികളുടെ ലക്ഷ്യസ്ഥാനമായി ദുബൈയെ മാറ്റുകയാണ് ലക്ഷ്യമെന്നും ഹംദാൻ പറഞ്ഞു.
നിലവിൽ അന്താരാഷ്ട്ര യൂനിവേഴ്സിറ്റികളുടെ 37 ബ്രാഞ്ചുകൾ ദുബൈയിൽ പ്രവർത്തിക്കുന്നുണ്ട്. പുതിയ നയങ്ങൾ 2033ഓടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 70 ആക്കി ഉയർത്താൻ സഹായിക്കും. ഇതുവഴി വിദ്യാർഥികൾക്ക് അനുയോജ്യമായ ലോകത്തെ ഏറ്റവും മികച്ച 10 വിദ്യാഭ്യാസ നഗരങ്ങളിൽ ഒന്നായി എമിറേറ്റ് മാറും.
പുതിയ അക്കാദമിക്, കരിയർ ഗൈഡൻസ് നയങ്ങൾ എമിറേറ്റിലെ വിദ്യാർഥികളിൽ 90 ശതമാനത്തിനും അവരുടെ പഠന മേഖലകളിൽ തന്നെ ജോലി ഉറപ്പുവരുത്തുകയും ചെയ്യും. അതേസമയം, 2030ഓടെ എമിറേറ്റിലെ വായുനിലവാരം 90 ശതമാനം ഉയർത്താൻ ലക്ഷ്യമിടുന്ന സമഗ്ര പദ്ധതികൾക്കും കൗൺസിൽ അംഗീകാരം നൽകി.
ദുബൈ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന അതോറിറ്റിയുടെ നേതൃത്വത്തിലായിരിക്കും ഇതിനായുള്ള പദ്ധതികൾ നടപ്പാക്കുക. അതോടൊപ്പം കോർപറേറ്റ് തർക്കങ്ങൾ പരിഹരിക്കുന്നതിന് ദുബൈ ഇന്റർനാഷനൽ മീഡിയേഷൻ സെന്റർ പ്രോജക്ടും നിർമാണ മേഖലയിലെ നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിനായുള്ള പദ്ധതികളും കൗൺസിൽ അംഗീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

