മരുഭൂമിയിൽ രാപ്പാർക്കാൻ തിരക്ക്; പരിശോധന തുടങ്ങി
text_fieldsഷാർജ: ശീതകാലം രാജ്യത്തെ പുതപ്പിച്ചതോടെ മരുഭൂമിയുടെ ഹൃദയത്തോടലിയാൻ സന്ദർശകരുടെ തിരക്ക് കൂടി. ഷാർജയിലെ മരുപ്രദേശങ്ങളിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. മരുഭൂമിയിൽ രാപ്പാർക്കാനാണ് മിക്ക കുടുംബങ്ങളും എത്തുന്നത്. ഇതിൽ സ്വദേശി, വിദേശി വ്യത്യാസമില്ല. ഇരുളിലാണ്ട് കിടന്നിരുന്ന മരുഭൂമിയിപ്പോൾ വെളിച്ചത്തിലുണർന്നിരിക്കുകയാണ്. എന്നാൽ മരുഭൂമിയിലേക്ക് സന്ദർശക പ്രവാഹം കൂടിയതോടെ ശക്തമായ പരിശോധനയുമായി പരിസ്ഥിതി സംരക്ഷണ വിഭാഗവും രംഗത്തുണ്ട്.
മരുഭൂമിയുടെ തനത് ആവാസ വ്യവസ്ഥക്ക് ഭംഗം വരാത്ത രീതിയിലെ പ്രവർത്തനങ്ങൾ മാത്രമാണ് അനുവദിക്കുന്നത്. ഇറച്ചി ചുടുന്നവർ ബാക്കി വരുന്ന കരിയും മറ്റ് അവശിഷ്ടങ്ങളും ഏത് വിധത്തിൽ നീക്കം ചെയ്യണമെന്നതിനെ കുറിച്ചും അവ മരുഭൂമിയിൽ ഉപേക്ഷിച്ച് പോയാൽ ഏത് തരത്തിലുള്ള പ്രത്യാഘാതങ്ങളാണ് സംഭവിക്കുക എന്നതിനെ കുറിച്ചും ഉദ്യോഗസ്ഥർ സന്ദർശകർക്ക് മനസിലാക്കി കൊടുക്കുകയും അതുമായി ബന്ധപ്പെട്ട ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്യുന്നു.
ഷാർജയിലെ ബീച്ചുകൾ, ഉദ്യാനങ്ങൾ, പട്ടണവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശങ്ങൾ, വിമാനതാവള പരിസരം എന്നിവിടങ്ങളിൽ ഇറച്ചി ചുടുന്നതിനും ഹുക്ക വലിക്കുന്നതിനും വിലക്കുണ്ട്. എന്നാൽ മരുപ്രദേശങ്ങളിൽ നിബന്ധനകളോടെ ഇതാകാം. മലീഹ, ബറാഷി, അൽ ഫായ മരുഭൂമികളിലാണ് കൂടുതൽ സന്ദർശകർ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
