പൊരിവേനലിലും കുളിർ കാഴ്ചയായി സാക്കിർ മരുഭൂമിയിലെ തടാക വിസ്മയം
text_fieldsഷാർജ: കളിമണ്ണ് മെനഞ്ഞെടുത്ത് കത്തുന്ന കനലിൽ ചുട്ടെടുത്ത് അദ്ഭുത ശിൽപ്പങ്ങൾ കേരളീയർക്ക് പുത്തനറിവല്ല. എന്നാൽ ചുട്ട് പഴുത്ത മണൽ കടഞ്ഞെടുത്ത് തടാകം തീർത്ത പ്രകൃതിയുടെ മഹാശിൽപ വിസ്മയം നമുക്കൊരു അദ്ഭുത കാഴ്ച തന്നെയാകുമെന്ന് ഉറപ്പ്. അൽഐനിലെ വിശാലമായ സാക്കിർ മരുഭൂമിയിലാണ് ഇൗ കാഴ്ച. തടാകം പുലരിയുടെ കസവണിയുമ്പോൾ തങ്ക വർണമാകുന്ന ജലോപരിതല വേദിയിൽ തിലാപ്പിയ മത്സ്യങ്ങളുടെ രസനടനം. അൽഐനിെൻറ സൗഭാഗ്യമായ ജബൽ അഫീത്ത് മലനിരകളിൽ നിന്ന് വെറും 15 കിലോമീറ്റർ അകലത്തിൽ, അബൂദബി–അൽഐൻ ട്രക്ക് റോഡിനോട് ചേർന്ന് കിടക്കുന്ന ഈ തടാകം ഇന്നും സഞ്ചാരികൾക്കും നാട്ടുകാർക്കും വിസ്മയമാണ്. ഇത് രൂപപ്പെട്ടത് എങ്ങനെയാണ് എന്നതിനെ കുറിച്ച് ഇന്നും കെട്ടുകഥകൾ മാത്രമാണുള്ളത്.
അൽ ഐനിലെ നിർമാണ മേഖലകളിലും മറ്റും ഉപയോഗിച്ച ശേഷം ബാക്കി വന്ന വെള്ളം ഈ ഭാഗത്തേക്ക് ഒഴുക്കി വിടുകയും ഈ വെള്ളം ഭൂഗർഭ ജലത്തോടൊപ്പം ചേർന്ന് തടാകമായി മാറുകയും ചെയ്തുവെന്നാണ് ഒരു വാദം. തടാകം രൂപപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇതിെൻറ ജനനത്തെ കുറിച്ച് ഇന്നും കൃത്യമായ അറിവില്ല. എന്നാൽ ഒരു കാലത്ത് മരുകപ്പലുകളും മരുക്കാറ്റും ആർത്തുല്ലസിച്ച് നടന്നിരുന്ന പ്രദേശം ഇന്ന് ദേശാടന കിളികളുടെയും അനേകം ജലജീവികളുടെയും ഇഴജന്തുക്കളുടെയും ആവാസ മേഖലയാണ്.

രാത്രിയിൽ ജബൽ അഫീത്ത് ദീപാലങ്കാരത്തിൽ ആറാടുമ്പോൾ പഴനിയിലെ മൈനാക പൊൻമുടി ഓർമയിലെത്തും. തടാകത്തിൽ ദീപമണിഞ്ഞ മലയൊരു വലിയ കാവടി പോലെ തെളിയും. തടാകം രൂപപ്പെട്ടതോടെ ഇതിെൻറ കരയിൽ കുറ്റിച്ചെടികൾ വളരാൻ തുടങ്ങി.
നാട്ടിലെ കൈത കുളങ്ങളുടെ ചന്തമാണ് ചിലഭാഗങ്ങളിൽ തടാകത്തിന്. കുറ്റിച്ചെടികൾക്കിടയിൽ കൂട് വെച്ച കിളികളുടെ കീർത്തനങ്ങൾ കേൾക്കാൻ പുലരിയിലെത്തണം. സൂര്യൻ കിരണങ്ങൾ രാകി മിനുക്കുന്നതിന് മുമ്പ് തന്നെ പക്ഷികളുണർന്ന് തടാകത്തിലിറങ്ങി നീന്തി തുടിക്കും. പുലർച്ചെ തന്നെ സഞ്ചാരികളുടെ വരവ് തുടങ്ങും.

പക്ഷികളുടെ നീരാട്ടും തിലാപ്പികളുടെ ആറാട്ടും കാമറയിൽ പകർത്തും. വിശാലമായ തടാകത്തിൽ ഇറങ്ങുന്നതിന് വിലക്കുണ്ട്. പോരാത്തതിന് ചിലഭാഗങ്ങളിൽ തേളുകളുടെ സാന്നിധ്യമുണ്ട്. മരുഭൂമിയിലെ തേളുകൾ വിഷമുള്ളവയാണ്. അത് കൊണ്ട് തടാകത്തിെൻറ കരയിലൂടെ നടക്കുമ്പോൾ ശ്രദ്ധ അനിവാര്യം.
മരുഭൂമിയിലെ ചൂട് ആസ്വദിക്കുവാനെത്തിയ പക്ഷികൾക്ക് വിരുന്നൊരുക്കുന്ന തിരക്കിലാണിപ്പോൾ സാക്കിർ മരുഭൂമി. കടൽ പിൻവാങ്ങിയ പ്രദേശമെന്ന ഒരു വാദം നിലനിൽക്കുന്ന മേഖലയാണിത്. ജബൽ അഫീത്തിൽ ഇതിെൻറ ചില അടയാളങ്ങൾ വായിച്ചെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
