മരുഭൂമി പാര്‍ക്കുന്ന മദാമിലെ വീടുകള്‍
text_fieldsഷാര്‍ജ: ഷാര്‍ജയുടെ ഉപനഗരവും കാര്‍ഷിക- ക്ഷീര മേഖലയുമായ അല്‍ മദാമിന് പണ്ട് കാലത്തൊരു വിളിപേരുണ്ടായിരുന്നു അട്ടപ്പാടിയെന്ന്. മലയാളികള്‍ വിളിച്ചിരുന്ന ഈ പേര് പിന്നിട് സ്വദേശികളും ഏറ്റുവിളിച്ചെങ്കിലും ഏതര്ഥത്തിലായിരുന്നു ആ വിളിയെന്ന് ഇന്നും വ്യക്തമല്ല. യു.എ.ഇക്കുള്ളിലെ ഒമാന്‍ ഭൂവിഭാഗമായ മദയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് അല്‍ മദാം. എന്നാല്‍ മദാം ഇന്ന് വളര്‍ച്ചയുടെ അതിവേഗ പാതയിലാണ്.
അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ തൂക്കം നല്കി സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമി നടപ്പിലാക്കിയ ക്രിയാത്മകമായ പരിഷ്ക്കാരങ്ങള്‍ തന്നെയാണ് ഇതിന് കാരണം.
വികസനത്തിെൻറ സുവര്‍ണ കാലഘട്ടത്തിലേക്ക് കടന്ന മദാമില്‍ പഴയ കാലത്തിെൻറ ചില വിസ്മയ കാഴ്ച്ചകള്‍ പുതിയ തലമുറക്കായി അതേപോലെ കാത്ത് വെച്ചിട്ടുണ്ട്. ഇതിലേറെ കൗതുകമുള്ള കാഴ്ച്ചയാണ് അല്‍ഐന്‍ റോഡിനോട് ചേര്‍ന്നുള്ള പഴയ വീടുകളും പള്ളിയും. കാറ്റിനോടൊപ്പം വിരുന്ന് വന്ന മണല്‍ കൂട്ടങ്ങളാണ് വീടിനുള്ളില്‍ ഇപ്പോള്‍ പാര്‍ക്കുന്നത്.
രാവില്‍ മരുഭൂമിയുടെ നിശബ്ദതയിലൂടെ കുറുക്കനും നായയും ഇവിടേക്ക് വിരുന്ന് വരും. മണലില്‍ മാളങ്ങളുണ്ടാക്കി പെരുച്ചാഴികളും എലികളും പണ്ടേ വാസം തുടങ്ങിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് മുമ്പ് ഷാര്‍ജയിലെ പ്രബലമായ ഒരു ഗോത്രം വസിച്ചിരുന്ന മേഖലയാണിത്. എന്നാല്‍ പുതിയ താമസ മേഖലയിലേക്ക് ഇവര്‍ മാറിയതോടെയാണ് ഇവിടെ ഋതുക്കള്‍ പാര്‍ക്കാന്‍ തുടങ്ങിയത്. പ്രധാന കവാടത്തിലെ ഇരുമ്പ് ഗേറ്റാകെ മണലില്‍ താഴ്ന്ന് കിടക്കുന്ന കാഴ്ച്ചയാണ് ഇവിടേക്ക് വരുന്നവരെ സ്വാഗതം ചെയ്യുക. അകത്ത് കടന്നാല്‍ വീടകങ്ങളിലും മരുഭൂമി കാണാം. കാറ്റിനോടൊപ്പം ദേശങ്ങള്‍ ചുറ്റിയ കഥകൾ അറിയാം. അലമാരക്കുള്ളിലും അടുക്കളയിലും മണല്‍ തന്നെ. സന്ദര്‍ശകരുടെ കാല് പാടുകള്‍ എമ്പാടും പതിഞ്ഞ് കിടപ്പുണ്ട്. പള്ളിയുടെ അകത്തും മണല്‍ കൂനകൾ.
വീടുകള്‍ക്കും പള്ളിക്കും സമീപത്ത് നില്ക്കുന്ന ഗാഫ് മരങ്ങള്‍ക്കും കുറ്റിച്ചെടികള്‍ക്കും ചുവട്ടിലാകെ മണല്‍ പരപ്പുകള്‍ തന്നെ. മരങ്ങൾ പകുതിയിലേറെ മണ്ണില്‍ പുഴ്ന്ന് കിടക്കുകയാണ്. ചില വീടുകളുടെ മേല്കൂരയില് വരെ എത്തിയിരിക്കുന്നു മണല്‍ വാസം. മരുഭൂമിയിലെ ഈ വീടുകളിലേക്ക് അവധി ദിവസങ്ങളില്‍ നിരവധി പേര് എത്താറുണ്ട്. ഫോട്ടോഗ്രഫിയില്‍ താത്പര്യമുള്ള സഞ്ചാര പ്രിയര്‍ തന്നെയാണ് ഇതില്‍ മുന്നില്‍. മണല്‍ പ്രദേശമായത് കാരണം ഇവിടേക്കുള്ള യാത്ര ഫോര്‍വീല്‍ വാഹനങ്ങളിലാക്കുയാണ് നല്ലത്. മറ്റ് വാഹനങ്ങളില്‍ വന്നാല്‍ കുറച്ച് നടക്കേണ്ടി വരും. എത്ര നടന്നാലും ലാഭം തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
