ദുബൈയിൽ നീതിയുടെ നിഷ്പക്ഷത ഉറപ്പാക്കാൻ പ്രത്യേക വകുപ്പ്
text_fieldsദുബൈ: ദുബൈയിൽ കോടതി നടപടികളുടെ നിഷ്പക്ഷത ഉറപ്പാക്കാൻ പ്രത്യേക വകുപ്പ് നിലവിൽ വന്നു. യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ജുഡീഷ്യൽ ഇൻസ്പെക്ഷൻ വകുപ്പിന് അംഗീകാരം നൽകിയത്. ജുഡീഷ്യൽ രംഗത്തുള്ളവരുടെ പ്രവർത്തനം വിലയിരുത്താനും അവർക്കെതിരായ പരാതികളിൽ നടപടിയെടുക്കാനുമാണ് വകുപ്പ് രൂപവത്കരിച്ചത്. നീതിന്യായ രംഗത്തുള്ളവരുടെ പ്രവർത്തനവും പ്രകടനവും വകുപ്പ് നിരീക്ഷിക്കും.
ജുഡീഷ്യറിയുടെ കൃത്യത, നിഷ്പക്ഷത എന്നിവ ഉറപ്പാക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മുന്നോട്ടുവെച്ച നിർദേശങ്ങളിലൊന്നായിരുന്നു ഇത്തരമൊരു വകുപ്പ്. ജുഡീഷ്യൽ രംഗത്തുള്ളവരുടെ പ്രവർത്തനം ഈ വകുപ്പ് വാർഷികാടിസ്ഥാനത്തിൽ വിലയിരുത്തുകയും സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുകയും ചെയ്യും. ജുഡീഷ്യൽ അതോറിറ്റിക്ക് എതിരെയും അതിലെ അംഗങ്ങൾക്കെതിരെയും ഉയരുന്ന പരാതികളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും വകുപ്പ് വ്യക്തമാക്കുന്നുണ്ട്. പരാതികളിൽ നിഷ്പക്ഷമായ നടപടി വകുപ്പ് കൈക്കൊള്ളും. വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ദൗത്യസംഘം രൂപവത്കരിച്ച് കോടതികൾ, പബ്ലിക് പ്രോസിക്യൂഷൻ എന്നിവയിൽ സന്ദർശനം നടത്തി കാര്യങ്ങൾ വിലയിരുത്തും. ജുഡീഷ്യൽ ഇൻസ്പെക്ഷൻ വകുപ്പ് ആവശ്യപ്പെടുന്ന വിവരങ്ങൾ, കണക്കുകൾ എന്നിവ ലഭ്യമാക്കാൻ ബന്ധപ്പെട്ട അതോറിറ്റികൾ ബാധ്യസ്ഥരായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

