ഡെലിവറി റൈഡർമാരുടെ വിശ്രമം; എ.സി കണ്ടെയ്നറുകൾക്ക് പകരം ബസുകൾ കേന്ദ്രങ്ങളാക്കാൻ നിർദ്ദേശം
text_fieldsമനാമ: ഡെലിവറി റൈഡർമാർക്കായി ജനവാസ മേഖലകളിൽ സ്ഥാപിച്ചിട്ടുള്ള എയർകണ്ടീഷണർ കണ്ടെയ്നറുകൾക്ക് ബദലായി ബസുകൾ വിശ്രമ കേന്ദ്രങ്ങളാക്കാൻ മുനിസിപ്പൽ കൗൺസിൽ ചെയർമാൻമാർ നിർദ്ദേശിച്ചു. സൗതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തിഫ്, മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ എന്നിവരാണ് ഈ പുതിയ പദ്ധതി മുന്നോട്ടുവെച്ചിരിക്കുന്നത്.
കടുത്ത ചൂടുകാലത്ത് ഡെലിവറി റൈഡർമാർക്ക് ആശ്വാസമേകാൻ തൊഴിൽ മന്ത്രാലയവും തലബാത്തും ചേർന്ന് എസി, തണുത്ത വെള്ളം, ലഘുഭക്ഷണം തുടങ്ങിയ സൗകര്യങ്ങളോടെ ‘ചിൽ സോൺ’ കണ്ടെയ്നറുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇത്തരം കേന്ദ്രങ്ങൾക്ക് സമീപം ആളുകൾ തടിച്ചുകൂടുന്നത് സ്വകാര്യതയെയും സമാധാനത്തെയും ബാധിക്കുന്നുവെന്ന് കാണിച്ച് പ്രദേശവാസികൾ രംഗത്തെത്തുകയായിരുന്നു. കൂടാതെ സ്ഥലങ്ങൾ നിർണ്ണയിക്കുന്നതിൽ തങ്ങളോട് കൂടിയാലോചിച്ചില്ലെന്ന് മുനിസിപ്പൽ കൗൺസിലുകളും വ്യക്തമാക്കി.
ഇതിനെ തുടർന്ന് കണ്ടെയ്നറുകൾക്ക് പകരം സൗദി അറേബ്യയിലെ മാതൃകയിൽ ബസുകൾ വിശ്രമ കേന്ദ്രങ്ങളാക്കി മാറ്റുന്നത് കൂടുതൽ പ്രായോഗികമാകുമെന്ന് ചെയർമാൻമാർ അഭിപ്രായപ്പെട്ടു. ഡെലിവറി കമ്പനികൾ തന്നെ ഇതിനായി ബസുകൾ വിട്ടുനൽകിയാൽ തെരുവുകളിൽ ഇത്തരം താൽക്കാലിക നിർമ്മിതികൾ ഒഴിവാക്കാനും റൈഡർമാർക്ക് സൗകര്യപ്രദമായി വിശ്രമിക്കാനും സാധിക്കും.
തൊഴിലാളികൾക്ക് വിശ്രമകേന്ദ്രം വേണമെന്ന കാര്യത്തിൽ എതിർപ്പില്ലെന്നും എന്നാൽ താമസക്കാരുടെ സ്വകാര്യതയും സമാധാനവും സംരക്ഷിക്കപ്പെടണമെന്നും അബ്ദുല്ല അബ്ദുല്ലത്തിഫ് പറഞ്ഞു. നല്ല ഉദ്ദേശത്തോടെ തുടങ്ങിയ പദ്ധതിയാണെങ്കിലും ജനവാസ മേഖലകളെ ബാധിക്കാത്ത തരത്തിൽ കൂടിയാലോചനകളോടെ വേണം നിർദ്ദേശങ്ങൾ നടപ്പിലാക്കാനെന്ന് അബ്ദുൽ അസീസ് അൽ നാറും കൂട്ടിച്ചേർത്തു.
നിലവിലുള്ള ചിൽ സോണുകളുടെ സ്ഥലങ്ങൾ പുനഃപരിശോധിക്കാനും പുതിയ ബസ് മാതൃക നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായും ഡെലിവറി കമ്പനികളുമായും തുടർചർച്ചകൾ നടത്താനും മുനിസിപ്പൽ കൗൺസിലുകളും ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡും ആവശ്യപ്പെട്ടിട്ടുണ്ട്.

