ദേര ക്ലോക്ക് ടവർ നവീകരണം പുരോഗമിക്കുന്നു
text_fieldsദുബൈ: നഗരത്തിന്റെ വളർച്ചക്ക് നിശ്ശബ്ദസാക്ഷിയായ ചരിത്രപ്രസിദ്ധമായ ദേര ക്ലോക്ക് ടവറിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ദുബൈയുടെ ഭാവി സാമ്പത്തിക, നഗരവികസന പദ്ധതികളുടെ ചുവടുപിടിച്ചാണ് നവീകരണം ആരംഭിച്ചത്. മേയിലാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ക്ലോക്ക് ടവറിന്റെ നവീകരണം പൂർത്തിയായിട്ടുണ്ട്. നിലവിൽ ടവറിന് ചുറ്റുമുള്ള റൗണ്ട് എബൗട്ടിന്റെ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പൂന്തോട്ടം മനോഹരമാക്കൽ, നിലത്ത് പുതിയ കല്ലുകൾ പതിക്കൽ, ബഹുവർണ വെളിച്ച സംവിധാനം ഒരുക്കൽ, ഫൗണ്ടേഷൻ പുതുക്കൽ എന്നിവയാണ് ഇനി പൂർത്തിയാക്കാനുള്ളത്. ദുബൈ മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.1963ൽ നിർമിതമായ ക്ലോക്ക് ടവർ ഉമ്മു ഹുറൈർ സ്ട്രീറ്റിനും ആൽ മക്തൂം സ്ട്രീറ്റിനും ഇടയിലെ കവലയിലാണ് സ്ഥിതിചെയ്യുന്നത്. നഗരത്തിലെ പ്രധാന ലാൻഡ്മാർക്കുകളെല്ലാം നവീകരിക്കുന്നതിന്റെ ഭാഗമായാണ് ക്ലോക്ക് ടവറിനും പുതുമോടി വരുത്തുന്നതെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു.

