പ്രതിരോധ എക്സ്പോ: ഒപ്പുവെച്ചത് ആയിരം കോടി ദിർഹത്തിന്റെ കരാറുകൾ
text_fieldsഅബൂദബിയിൽ ആരംഭിച്ച പ്രതിരോധ എക്സ്പോയായ ഐഡക്സിൽ സന്ദർശനം നടത്തുന്ന ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
അബൂദബി: അന്താരാഷ്ട്ര പ്രതിരോധ പ്രദർശനമായ ഐഡക്സിന്റെ ആദ്യ രണ്ടു ദിവസം ഒപ്പുവെച്ചത് ഏകദേശം ആയിരം കോടി ദിർഹത്തിന്റെ കരാറുകൾ. മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ പ്രതിരോധ എക്സ്പോയാണ്, അബൂദബിയിൽ നടക്കുന്ന ഐഡക്സ്. യു.എ.ഇ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്വതന്ത്ര അതോറിറ്റി തവാസുൻ കൗൺസിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ആകെ 977 കോടി ദിർഹത്തിന്റെ പതിനെട്ടു കരാറുകളാണ് യാഥാർഥ്യമായത്. രണ്ടാം ദിനം മാത്രം 508 കോടി ദിർഹത്തിന്റെ അഞ്ചു കരാറുകൾ ഒപ്പുവെച്ചതായി തവാസുൻ വക്താവ് മാജിദ് അഹ്മദ് അൽ ജബരി പറഞ്ഞു.
അബൂദബി ആസ്ഥാനമായ പ്രതിരോധ കമ്പനി ക്ലാഡിയസ് എയ്റോസ്പേസുമായി ഒപ്പുവെച്ച കരാറാണ് ഇതിൽ പ്രധാനപ്പെട്ടത്. അത്യാധുനിക അൽഹേദ മിസൈൽ സംവിധാനം വികസിപ്പിക്കുന്നതിനാണ് കരാർ. 376 കോടി ദിർഹമാണ് മൂല്യം. സൈന്യത്തിന് പടക്കോപ്പുകൾ നിർമിച്ചു നൽകാൻ ഇന്റർനാഷനൽ ഗോൾഡൻ ഗ്രൂപ്പുമായും തവാസുൻ ധാരണയിലെത്തി. 49.2 കോടി ദിർഹത്തിന്റെ കരാറാണിത്.
നാവിക സേനയുടെ സാങ്കേതിക പിന്തുണക്കായുള്ള ഉപകരണങ്ങൾ നിർമിക്കുന്നതിന് ഫ്രഞ്ച് ആസ്ഥാനമായ എം.ബി.ഡി.എ കോർപറേഷനുമായി 3.2 കോടി ദിർഹത്തിന്റെ കരാറും ഒപ്പുവെച്ചിട്ടുണ്ട്. എയർക്രാഫ്റ്റിന്റെ ഭാഗങ്ങൾ നിർമിക്കാൻ ഇറ്റലി ആസ്ഥാനമായ അഗസ്റ്റ വെസ്റ്റ്ലാൻഡുമായും ധാരണയായി. ഒരാഴ്ച നീളുന്ന പ്രതിരോധ പ്രദർശനത്തിൽ 41 രാജ്യങ്ങളിൽനിന്നുള്ള 1565 കമ്പനികളാണ് പങ്കെടുക്കുന്നത്. ഡ്രോണുകളും ടാങ്കുകളും ഉൾപ്പെടെ 3000ത്തിലേറെ പ്രതിരോധ ഉൽപന്നങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ എന്നിവർ പ്രദർശനം കാണാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

