യു.എ.ഇക്ക് തോൽവി: ട്വന്റി20 പരമ്പര കിവീസിന്
text_fieldsമലയാളിതാരം ബാസിൽ ഹമീദ്
ദുബൈ: ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ ചരിത്രവിജയം ആവർത്തിക്കാൻ യു.എ.ഇക്കായില്ല. ഞായറാഴ്ച നടന്ന മൂന്നാം മത്സരത്തിൽ കിവീസിന് അനായാസ ജയം. ഇതോടെ സന്ദർശകർ 2-1ന് പരമ്പര സ്വന്തമാക്കി.
ഞായറാഴ്ച നടന്ന മത്സരത്തിൽ യു.എ.ഇയെ 32 റൺസിന് തോൽപിച്ചാണ് കിവീസ് പരമ്പര നേടിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് നേടിയ 166 റൺസിന്റെ വിജയലക്ഷ്യം മറികടക്കാൻ യു.എ.ഇക്ക് ആയില്ല. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസാണ് യു.എ.ഇയുടെ സ്കോർ. ഒരു സിക്സറും രണ്ട് ബൗണ്ടറിയുമടക്കം പുറത്താകാതെ 24 റൺസ് എടുത്ത മലയാളിതാരം ബാസിൽ ഹമീദും, 36 പന്തിൽനിന്ന് 42 റൺസെടുത്ത അയാൻ അഫ്സൽ ഖാനും യു.എ.ഇ നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ന്യൂസിലൻഡിന്റെ വിൽയങ്ങും മാർക് ചാപ്മാനും അർധസെഞ്ച്വറി നേടി.

