പുതിയ സൗരോർജ പ്ലാന്റ് നിർമിക്കാൻ ‘ദീവ’
text_fieldsമുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോളാർ പാർക്ക്
ദുബൈ: തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പുവരുത്തുന്നതിനായി ബാറ്ററി സംഭരണ ശേഷിയുള്ള സോളാർ പ്ലാന്റ് നിർമിക്കാൻ പദ്ധതിയുമായി ദുബൈ വൈദ്യുത-ജല അതോറിറ്റി(ദീവ). ശുദ്ധ ഊർജരംഗത്ത് യു.എ.ഇ വലിയ മുന്നേറ്റം ലക്ഷ്യംവെക്കുന്ന പശ്ചാത്തലത്തിലാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. അബൂദബി 600 കോടി ഡോളറിന്റെ പദ്ധതി കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.
മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോളാർ പാർക്കിന്റെ ഏഴാംഘട്ട പദ്ധതിയിൽ 1.6 ജിഗാവാട്ട് പി.വി, 1000 മെഗാവാട്ട് സംഭരണശേഷിയുള്ള ബാറ്ററിയുമായി സംയോജിപ്പിക്കുമെന്നും ‘ദീവ’ അറിയിച്ചു. പദ്ധതിയുടെ ഉപദേശങ്ങൾക്കായി ‘ഡെലോയിറ്റി’ന്റെ നേതൃത്വത്തിൽ ഗ്ലോബൽ കൺസോർട്യത്തെയാണ് ഏൽപിച്ചിരിക്കുന്നത്. സുസ്ഥിര സമ്പദ്വ്യവസ്ഥയെ ഉന്നത നിലവാരത്തിലേക്ക് പദ്ധതി ഉയർത്തുകയും വലിയരീതിയിൽ വിദേശ നിക്ഷേപം ആകർഷിക്കുകയും ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ജി.സി.സിയുടെ പുനരുപയോഗ ഊർജമേഖലയിൽ സാങ്കേതിക പുരോഗതി കൈവരിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
പദ്ധതി പൂർത്തിയാകുന്നതോടെ ലോകത്തെ സമാനസ്വഭാവമുള്ള ഏറ്റവും വലിയ പ്ലാന്റുകളിലൊന്നായി ഇത് മാറും. 2027നും 2029നും ഇടയിൽ ഘട്ടംഘട്ടമായി പൂർത്തിയാക്കാനാണ് ആസൂത്രണം ചെയ്യുന്നത്. യു.എ.ഇയിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ടാമത്തെ സോളാർ പദ്ധതിയാണിത്.
സൂര്യപ്രകാശത്തിന്റെ സാന്നിധ്യം ആശ്രയിച്ചായിരിക്കും ഉൽപാദനം നടക്കുക. 2050 ആകുമ്പോഴേക്കും ‘നെറ്റ് സീറോ’ കൈവരിക്കുകയെന്ന ലക്ഷ്യം പ്രഖ്യാപിച്ച ആദ്യത്തെ ഗൾഫ് രാജ്യമായ യു.എ.ഇ, ഫോസിൽ ഇന്ധന ഉപയോഗം കുറക്കുന്നതിന് ആണവ റിയാക്ടറുകളെയും ആശ്രയിക്കുന്നുണ്ട്. അബൂദബിയിൽ സർക്കാർ നിയന്ത്രണത്തിലുള്ള മസ്ദാർ 5.2 ജിഗാവാട്ട് സോളാർ പ്രോജക്റ്റാണ് നിർമിക്കുന്നത്. അതിന്റെ ബാറ്ററി സ്റ്റോറേജ് സിസ്റ്റത്തിലൂടെ 1 ജിഗാവാട്ട് വരെ ബേസ്ലോഡ് പവർ നൽകാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

