ദുബൈയിൽ റോഡ് അപകട മരണനിരക്കിൽ വലിയ കുറവ്
text_fieldsദുബൈ: കഴിഞ്ഞവർഷം അവസാന പാദത്തിൽ ദുബൈയിൽ റോഡ് അപകട മരണനിരക്കിൽ 36.8 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്ക്. 2024ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയ റിപ്പോർട്ടാണ് അധികൃതർ പുറത്തുവിട്ടത്. എമിറേറ്റിലെ ഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമതയും റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ സുരക്ഷാ പദ്ധതികളുടെ ഫലപ്രാപ്തിയുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പൊലീസ് വാർത്തക്കുറിപ്പിൽ പറഞ്ഞു. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് പുറത്തിറക്കിയ കണക്കുകൾ പ്രകാരം ഇതേ കാലയളവിൽ കാൽനടയാത്രക്കാരുടെ മരണസംഖ്യ 50 ശതമാനവും അപകടങ്ങളുമായി ബന്ധപ്പെട്ട മരണങ്ങൾ 44 ശതമാനവും കുറഞ്ഞിട്ടുണ്ട്.
2025 നാലാം പാദത്തിന്റെ പ്രവർത്തന അവലോകന യോഗത്തിലാണ് ഈ നേട്ടങ്ങൾ വിലയിരുത്തിയത്. ക്രിമിനൽ സെക്ടർ വിഭാഗം ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹാരിബ് അൽ ശംസിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കുന്ന സ്മാർട്ട് സംവിധാനങ്ങൾ, ട്രാഫിക് പട്രോളിങ്ങും പരിശോധന ചെക്ക്പോയിന്റുകളും ശക്തിപ്പെടുത്തിയത് എന്നിവ ഉൾപ്പെടെയുള്ള ശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് മേജർ ജനറൽ അൽ ശംസി പറഞ്ഞു.
സൈക്കിളുകൾ, മോട്ടോർസൈക്കിളുകൾ, ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവയുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് ബോധവത്കരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബൈ പൊലീസ് ഡ്രൈവർമാരോട് പ്രസ്താവനയിൽ അഭ്യർഥിച്ചു. ഗുരുതരമായ നിയമലംഘനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുകയാണ് നടപടികളുടെ ലക്ഷ്യമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

