നിലവാരത്തകർച്ച; ഒമ്പത് സർവകലാശാലകൾക്ക് വിലക്ക്
text_fieldsദുബൈ: റേറ്റിങ് ഇടിഞ്ഞതിനാൽ വിദ്യാർഥികളെ സ്വീകരിക്കുന്നതിൽനിന്ന് ഒമ്പത് സർവകലാശാലകൾക്ക് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം വിലക്കേർപ്പെടുത്തി. പുതിയ കോഴ്സുകളും പദ്ധതികളും അവതരിപ്പിക്കുന്നതിൽനിന്ന് ഇവരെ തടയുകയും ചെയ്തു. പുതിയ മൂല്യനിർണയ സംവിധാനം അനുസരിച്ച് തയാറാക്കിയ പട്ടികയിൽ റേറ്റിങ് കുറഞ്ഞ സ്ഥാപനങ്ങൾക്കാണ് വിലക്ക്. ഇവയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം നിലവിൽ അധികൃതർ നിരീക്ഷിക്കുന്നുണ്ട്. വേണ്ടത്ര നിലവാരം പുലർത്താത്തതിനാൽ മൂന്നുവർഷത്തിനിടെ 15 യൂനിവേഴ്സിറ്റികൾ യു.എ.ഇയിൽ അടച്ചുപൂട്ടിയതായി വിദ്യാഭ്യാസ മന്ത്രാലയം ഉപദേഷ്ടാവും അക്കാദമിക് അക്രഡിറ്റേഷൻ കമീഷൻ ഡയറക്ടറുമായ ഡോ. മുഹമ്മദ് യൂസുഫ് ബനിയാസ് പറഞ്ഞു.
ഇതിൽ മൂന്ന് സർവകലാശാലകൾ അടച്ചുപൂട്ടാൻ സ്വമേധയ മുന്നോട്ടുവന്നതാണ്. ഏഴ് യൂനിവേഴ്സിറ്റികൾ മികച്ച നിലവാരം പുലർത്തി. ഖലീഫ യൂനിവേഴ്സിറ്റി, യു.എ.ഇ യൂനിവേഴ്സിറ്റി, ഷാർജ യൂനിവേഴ്സിറ്റി, അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് ഷാർജ, മുഹമ്മദ് ബിൻ റാശിദ് യൂനിവേഴ്സിറ്റി ഫോർ മെഡിസിൻ, എൻ.വൈ.യു അബൂദബി, ദുബൈ ബിർമിങ്ഹാം യൂനിവേഴ്സിറ്റി എന്നിവയാണ് ഏറ്റവും മികച്ച ഏഴ് സർവകലാശാലകൾ. 40 സർവകലാശാലകളെ 'മീഡിയം' വിഭാഗത്തിൽ ഉൾപ്പെടുത്തി. നേരത്തെ അക്രഡിറ്റഡ്, അൺ അക്രഡിറ്റഡ് എന്നീ രണ്ട് വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അത് മികച്ചത്, ഇടത്തരം, മോശം എന്നീ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചു. കാമ്പസുകൾ നേരിട്ട് സന്ദർശിച്ചും വിദ്യാർഥികളോട് സംസാരിച്ചും പഠനം നടത്തിയും വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കുന്നതും റാങ്കിങ് നൽകുന്നതും.
വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ച മാനദണ്ഡങ്ങൾ പുലർത്താൻ കഴിഞ്ഞില്ലെങ്കിൽ റാങ്കിങ് കുറയും. മുന്നറിയിപ്പ് നൽകിയിട്ടും പാലിച്ചില്ലെങ്കിൽ വിലക്കായിരിക്കും അടുത്ത നടപടി. വീണ്ടും മെച്ചപ്പെട്ടില്ലെങ്കിൽ അടച്ചുപൂട്ടും. വികസിത രാജ്യങ്ങളിലെ റേറ്റിങ് സംവിധാനമാണ് യു.എ.ഇയിലും സ്വീകരിച്ചിരിക്കുന്നത്. മികച്ച നിലവാരം പുലർത്തുന്നവക്ക് ഏഴുവർഷത്തേക്ക് ലൈസൻസ് പുതുക്കിനൽകുകയും ചെയ്യുന്നുണ്ട്. ഇവർക്ക് കൂടുതൽ കോഴ്സുകളും പരിപാടികളും അനുവദിക്കും. റാങ്കിങ് താഴെ പോയ സർവകലാശാലകൾക്ക് നിലവിലെ കോഴ്സുകളെയും വിദ്യാർഥികളെയും ഉപയോഗിച്ച് പഠനം തുടരാം. എന്നാൽ, പുതിയ കോഴ്സുകളെയോ വിദ്യാർഥികളെയോ അനുവദിക്കില്ല. മെച്ചപ്പെട്ടില്ലെങ്കിൽ മൂന്നുവർഷം കഴിയുമ്പോൾ ലൈസൻസ് പുതുക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

