സാമ്പത്തിക തർക്കം; പരാതിക്കാരന് 30,650 ദിര്‍ഹം നല്കാന് ഉത്തരവ്
text_fieldsപ്രതീകാത്മക ചിത്രം
അബൂദബി: സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ പരാതിക്കാരന് 30,650 ദിര്‍ഹം തിരികെ നല്കാന് പ്രതിയോട് ഉത്തരവിട്ട് അല്‍ ദഫ്റ കോടതി. തർക്കത്തിനിടയാക്കിയ ഇടപാട് ബിസിനസിലെ നിക്ഷേപം എന്നതിനെക്കാൾ പണം വ്യക്തിഗത വായ്പയാണെന്ന് കണ്ടെത്തിയാണ് കോടതി ഉത്തരവ്. 2025 ജൂലൈ 18നാണ് പരാതിക്കാരന് പ്രതിക്കെതിരെ കോടതിയെ സമീപിച്ചത്.
വായ്പയായി നല്കിയ പണവും കോടതിച്ചെലവും ഈടാക്കി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതിക്കാരന് കോടതിയെ സമീപിച്ചത്. 2025 ജനുവരിക്കും മേയ് മാസത്തിനും ഇടയിലായി തവണകളായാണ് പണം നല്‍കിയതെന്നും ജൂണില്‍ തിരികെ നല്‍കാമെന്നായിരുന്നു പ്രതി തന്നെ വിശ്വസിപ്പിച്ചിരുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പറഞ്ഞുറപ്പിച്ച കാലാവധി കഴിയുകയും നിരവധി തവണ ആവശ്യപ്പെടുകയും ചെയ്തിട്ടും ഇയാള്‍ പണം നല്കാന് കൂട്ടാക്കിയില്ലെന്ന് പരാതിയില്‍ പറയുന്നു.
എന്നാല്‍, ഇരുവരും പങ്കാളികളായ ബിസിനസില്‍ നിക്ഷേപിക്കാന്‍ നല്‍കിയതാണ് പണമെന്നും വായ്പയായി തനിക്ക് നല്കിയതല്ലെന്നുമായിരുന്നു എതിര്‍കക്ഷിയുടെ വാദം. ബിസിനസില്‍ നിക്ഷേപിക്കാന്‍ താല്പര്യമുള്ളവര്ക്കായി പരസ്യം നല്‍കിയിരുന്നുവെന്നും ഇതു കണ്ടിട്ടാണ് പരാതിക്കാരന് പണം നല്‍കിയതെന്നും പണം കൈപറ്റിയയാൾ വാദിച്ചു.
പരാതിക്കാരന് താൻ ആവശ്യപ്പെട്ട പ്രകാരം കാര്‍ ലഭ്യമാക്കുകയോ പ്രവര്‍ത്തന ചെലവ് വഹിക്കുകയോ ചെയ്തില്ലെന്നും ഇതിനാല്‍ ബിസിനസ് നഷ്ടത്തിലെത്തിയെന്നും ഇയാള്‍ അവകാശപ്പെട്ടു. എന്നാല്‍, പരാതിക്കാരന് താന്‍ പണം വായ്പയായി നല്കിയതാണെന്നതില് ഉറച്ചുനിന്നു. പണം കൈമാറിയതിന്റെ ബാങ്ക് രേഖകളും ഇദ്ദേഹം ഹാജരാക്കി. പണം കൈപ്പറ്റിയെന്ന് എതിര്‍ഭാഗം അംഗീകരിക്കുകയും എന്നാല്‍ ഇരുവരും തമ്മിലുള്ള എന്തെങ്കിലും കരാറുകളോ ഇയാള്‍ ചെയ്തിരുന്ന ബിസിനസ് എന്താണെന്നോ തെളിയിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു.
വാദത്തിനിടെ പ്രതിഭാഗം പരാതിക്കാരനോട് ശപഥം ചെയ്യാന്‍ ആവശ്യപ്പെടുകയും പരാതിക്കാരന് താന്‍ നല്കിയ പണം വായ്പയാണെന്ന് സത്യം ചെയ്യുകയും ചെയ്തു. ഇതു കണക്കിലെടുത്ത് കോടതി പ്രതിയോട് പരാതിക്കാരനില്‍നിന്ന് കൈപ്പറ്റിയ പണം തിരികെ നല്‍കാനും കോടതിച്ചെലവ് വഹിക്കാനും നിര്‍ദേശം നല്‍കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

