ഗർഭസ്ഥ ശിശുവിന്‍റെ മരണം: ദമ്പതികൾക്ക് രണ്ട് ലക്ഷം ദിർഹം നഷ്ടപരിഹാരം
text_fieldsദുബൈ: പ്രസവത്തിനിടെ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്ക് രണ്ട് ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് ദുബൈ സിവിൽ കോടതി. യുവതിയെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും ചേർന്ന് തുക നൽകണമെന്നാണ് വിധി. ഡോക്ടർമാർക്കും നഴ്സുമാർക്കും ഗുരുതരമായ ചികിത്സാ പിഴവ് സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നതായി അൽ ഖലീജിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.
കോടതി അന്തിമ വിധി പുറപ്പെടുവിച്ചത് മുതൽ പണം നൽകുന്നത് വരെ അഞ്ച് ശതമാനം പലിശയും കോടതി ചെലവുകളും പ്രതികൾ നൽകണമെന്ന് കോടതി നിർദേശിച്ചു. ചികിത്സ പിഴവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തിൽ ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രയാസം നേരിട്ടതിൽ 4,99,000 ദിർഹം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് അറബ് ദമ്പതികളാണ് കോടതിയെ സമീപിച്ചത്.
ഗർഭാവസ്ഥയുടെ തുടക്കം മുതൽ സ്വകാര്യ ആശുപത്രിയിലാണ് ദമ്പതികൾ ചികിത്സ തേടിയിരുന്നത്. എങ്കിലും പ്രസവ സമയത്തുണ്ടായ ചികിത്സ പിഴവ് മൂലം കുഞ്ഞ് മരണപ്പെടുകയായിരുന്നു. കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് പരിശോധിക്കുന്നതിലും മുന്നറിയിപ്പുകൾ അവഗണിച്ചതുമാണ് മരണത്തിന് കാരണമായതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. സംഭവത്തിൽ ദമ്പതികൾ ദുബൈ ഹെൽത്ത് അതോറിറ്റിയിൽ പരാതി സമർപ്പിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ ലയബിലിറ്റി കമ്മിറ്റി വിശദമായ പരിശോധന നടത്തുകയും ചികിത്സ പിഴവ് കണ്ടെത്തുകയുമായിരുന്നു. മെഡിക്കൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഡോക്ടർമാരും നഴ്സുമാരും വീഴ്ച വരുത്തിയതായും ഇവർ വിലയിരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

