നിർമാണ സ്ഥലത്തെ തട്ടിൽ നിന്ന് വീണ തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു
text_fieldsഅബൂദബി: അഞ്ച് മാസം മുമ്പ് റാസൽഖൈമയിലെ അൽ ഖുആല ബിൽഡിങ് മെയിൻറനൻസ് എന്ന കമ്പനിയിലെ കെട്ടിട നിർമാണ സൈറ്റിൽ സ്കാഫോൾഡിങിൽ നിന്ന് വീണ് പരിക്കേറ്റ കൽപണിക്കാരൻ ചികിൽസയിലിരിക്കെ മരിച്ചു. നാഗർകോവിൽ കുശവൻകുഴി കാരങ്കാട് പേതുരുവിെൻറ മകൻ മരിയ സ്റ്റീഫൻ രാജാണ് (56) ശനിയാഴ്ച രാവിലെ മരിച്ചത്. ഉം അൽ ഖുവൈൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.ജനുവരി ആറിനാണ് റാസൽഖൈമ ശാമിലെ നിർമാണ സൈറ്റിൽ നാല് മീറ്റർ ഉയരത്തിലുള്ള സ്കാഫോൾഡിങിൽ തേപ്പുപണിക്കിടെ കാൽവഴുതി വീണത്. ഉടൻ ഷാമിലുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചു. എന്നാൽ, കഴുത്തൊടിഞ്ഞ നിലയിൽ ഗുരുതരാവസ്ഥയിൽ അവിടെ നിന്ന് റാസൽഖൈമ സഖർ ആശുപത്രിയിലേക്കു മാറ്റി. ഐ.സി.യുവിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ജനുവരി 20ന് കഴുത്തിൽ ശസ്ത്രക്രിയ നടത്തി. കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് സഖർ ആശുപത്രിയിൽ നിന്ന് മാർച്ച് പകുതിയോടെ ഉമ്മുൽ ഖുവൈൻ ആശുപത്രിയിലേക്ക് മാറ്റിയതായി കമ്പനി അധികൃതർ അറിയിച്ചിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 21നാണ് മരിയ സ്റ്റീഫൻ റാസൽഖൈമയിലെത്തിയത്. സുഹൃത്തു വഴി അൽ ഖുആല കമ്പനിയുടെ സന്ദർശക വിസയിലാണ് ജോലിക്കെത്തിയത്. അബൂദബിയിലെ മുസഫ വ്യവസായ നഗരിയിലെ അൽ ജസീറ മെറ്റൽ ഇൻറസ്ട്രീസ് ആൻഡ് പെയിൻറിങ് കമ്പനിയിലെ ജീവനക്കാരനാണ് മകൻ വിപിൻ. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പാക്കിസ്താനി കമ്പനി ഉടമ മകനെ ഫോണിൽ വിളിച്ചറിയിച്ചത്. ഇന്ത്യൻ എംബസി അധികൃതരെ സമീപിക്കാൻ സാമൂഹിക പ്രവർത്തകനായ വി.ടി.വി. ദാമോദരെൻറ സഹായം തേടിയപ്പോഴാണ് മരണ വിവരം അറിയുന്നത്. അബൂദബിയിലുള്ളവർക്ക് മറ്റു സ്ഥലത്തേക്ക് പോകാനും വരാനും യാത്രാവിലക്കുള്ളതിനാൽ ഉമ്മുൽ ഖുവൈനിലുള്ള പിതാവിെൻറ മൃതദേഹം കാണാൻ പോലും വിപിനായിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതിനൊപ്പം വിപിൻ നാട്ടിൽ പോകും. എന്നാൽ, മൃതദേഹം നാട്ടിലെത്തിക്കാനുള്ള സാമ്പത്തിക സഹായം ഇന്ത്യൻ എംബസിയിൽ നിന്നു ലഭ്യമാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. മരിയ സ്റ്റീഫെൻറ ഭാര്യ: തങ്കറാണി. മറ്റ് മക്കൾ: ആൻസിലിൻ സൈജി, ആൻസിലിൻ ലിൻസി. പിതാവിെൻറ മരണ വിവരം നാട്ടിലറിയിച്ചിട്ടില്ലെന്ന് വിപിൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
