സൈബർ കുറ്റകൃത്യങ്ങൾ നേരിടേണ്ടത് അനിവാര്യം -ദുബൈ പൊലീസ് മേധാവി
text_fieldsലഫ്. ജനറൽ ദാനി
ഖൽഫാൻ തമീം
ഷാർജ: സൈബർ കുറ്റവാളികളെയും തീവ്രവാദികളെയും നേരിടുന്നത് വളരെ അനിവാര്യമാണെന്ന് ദുബൈ പൊലീസ് ഡെപ്യൂട്ടി ചീഫ് ലഫ്. ജനറൽ ദാനി ഖൽഫാൻ തമീം.
ഷാർജയിൽ നടന്ന പൊലീസ് ഉച്ചകോടിയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ഇതിനായി പുതുതലമുറയിലെ വിദഗ്ധരെ റിക്രൂട്ട് ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റകൃത്യങ്ങൾ വലിയ അളവിൽ ഡിജിറ്റൽ മേഖലയിലേക്ക് മാറിയിരിക്കയാണ്. തീവ്രവാദികൾക്ക് ഇനി സ്ഫോടക വസ്തുക്കൾ ആവശ്യമായി വരില്ല. പകരം വിവര സംവിധാനങ്ങളെ നശിപ്പിക്കാനും പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കാനും ഇ-ബോംബുകൾ ഉപയോഗിക്കും.
കുറ്റകൃത്യങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്നത് ഡിജിറ്റൽ ലോകം മാറ്റിമറിച്ചു കഴിഞ്ഞു. സാങ്കേതിക ശാസ്ത്രജ്ഞരുടെയും ക്രൈം വിദഗ്ധരുടെയും അഭിപ്രായത്തിൽ ഹാക്ക് ചെയ്യാൻ കഴിയാത്ത ഒരു സംവിധാനവുമില്ല. അതിനാൽ സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്താനും തെളിവുകൾ അവതരിപ്പിക്കാനും ക്രൈം സംഭവിക്കുന്നതിന് മുമ്പ് തടയാനും കഴിവുള്ള ഒരു തലമുറയെ നാം തയാറാക്കൽ അനിവാര്യമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് കാലത്ത് ലോകത്താകമാനം സൈബർ ക്രൈമുകളുടെ എണ്ണം കുത്തനെ വർധിച്ചിട്ടുണ്ട്. യു.എ.ഇയിൽ പ്രതിവർഷം 1.66 ലക്ഷത്തിലധികം ആളുകൾ ഇത്തരം കുറ്റകൃത്യങ്ങളുടെ ഇരകളാകുന്നുണ്ട്. ഇതിനെ തടയുന്നതിന് അയൽരാജ്യങ്ങളുമായി ചേർന്ന് ഭീകരതയെ തടയാൻ സഹായിക്കുന്ന നിയമങ്ങൾ കൊണ്ടുവരണമെന്നും ലഫ്. ജനറൽ തമീം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

