റെഡ് സിഗ്നൽ മറികടക്കരുത്; മുന്നറിയിപ്പുമായി പൊലീസ്
text_fieldsറെഡ് സിഗ്നല്‍ മറികടന്ന കാര്‍ അപകടത്തിൽപെടുന്ന ദൃശ്യം
അബൂദബി: റെഡ് സിഗ്നല്‍ ലംഘിക്കുന്നതിനെതിരെ താക്കീതുമായി അബൂദബി പൊലീസ്. നഗരത്തിലെ ഒരു കവലയില്‍ റെഡ് സിഗ്നല്‍ മറികടന്ന കാര്‍ ഉണ്ടാക്കിയ അപകടദൃശ്യം പുറത്തുവിട്ടുകൊണ്ടാണ് പൊലീസിന്റെ മുന്നറിയിപ്പ്. അബൂദബി മോണിറ്ററിങ് ആന്‍ഡ് കണ്ട്രോള് സെന്ററുമായി സഹകരിച്ച് അബൂദബി പൊലീസ് നടത്തിവരുന്ന യുവര്‍ കമന്റ് സംരംഭത്തിന്റെ ഭാഗമായാണ് പൊലീസ് വിഡിയോ പുറത്തുവിട്ടത്.
റെഡ് സിഗ്നല്‍ അവഗണിച്ച് കവലയില്‍നിന്ന് ഇടത്തേക്കു തിരിഞ്ഞ് മറ്റൊരു റോഡ് മുറിച്ചുകടക്കുകയായിരുന്ന കാറിലേക്ക് ഈ വഴിയില്‍ വേഗത്തിലെത്തിയ ബസ് ഇടിക്കുകയായിരുന്നു. കാറിലിടിച്ച ബസ് മറിയുകയും ചെയ്തു. ഇടിയേറ്റ കാറും പൂര്‍ണമായി തകര്‍ന്നു.
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതോ ഇന്റര്‍നെറ്റില്‍ തിരയുന്നതോ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതോ ആണ് റോഡില്‍നിന്ന് ശ്രദ്ധമാറുന്നതിനും ഇതുമൂലം അപകടങ്ങള്‍ക്കും കാരണമാവുന്നതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. റോഡില്‍ ശ്രദ്ധിക്കാതെ വരുമ്പോഴാണ് റെഡ് സിഗ്നല്‍ തെളിയുന്നത് കാണാതെപോവുന്നത്.
ഇത് ഗുരുതരമായ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നും പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. റെഡ് സിഗ്നല്‍ മറികടക്കുന്നത് 1000 ദിര്‍ഹം പിഴയും 12 ട്രാഫിക് പോയന്റ് ചുമത്തുന്നതിനും വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുന്നതിനും കാരണമാവും. പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കുന്നതിന് 50,000 ദിര്‍ഹം നല്‍കണം. ഡ്രൈവറുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്തേക്കാം. മൂന്നുമാസത്തിനുള്ളില്‍ തിരിച്ചെടുത്തില്ലെങ്കില്‍ വാഹനം പരസ്യമായി ലേലം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

