സ്വദേശിവത്കരണം; സമയപരിധി 30ന് അവസാനിക്കും
text_fieldsഅബൂദബി: 50തോ അതിന് മുകളിലോ ജീവനക്കാരുള്ള സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ ഒരു ശതമാനം സ്വദേശികളെ നിയമിക്കാനുള്ള ഈ വർഷത്തെ സമയ പരിധി ജൂൺ 30ന് അവസാനിക്കും. നിശ്ചിത സമയപരിധിക്കുള്ളിൽ ലക്ഷ്യം കൈവരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ തൊഴിലാളിയൊന്നിന് 20,000 ദിര്‍ഹം വീതം പിഴ ചുമത്തുമെന്ന് മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം മുന്നറിയിപ്പു നൽകി.
നിര്‍ദേശങ്ങള്‍ കമ്പനികള്‍ പാലിച്ചിട്ടുണ്ടോയെന്ന് ജൂലൈ ഒന്നു മുതല്‍ മന്ത്രാലയം ഉറപ്പാക്കിത്തുടങ്ങും. പുതുതായി ജോലിയില്‍ നിയമിച്ചിട്ടുള്ള സ്വദേശി പൗരന്മാരെ സോഷ്യല്‍ ഇന്‍ഷുറന്‍സ് നിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നും ഇവര്‍ക്കായുള്ള സംഭാവനകള്‍ സ്ഥിരമായി നല്കുന്നുണ്ടോ എന്നും മന്ത്രാലയം പരിശോധിക്കും. ഇതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കെതിരെ പിഴ ചുമത്തും. യോഗ്യരായ ഇമാറാത്തി ജീവനക്കാരെ കണ്ടെത്തുന്നതിന് സഹായിക്കുന്ന നാഫിസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി സ്വദേശിവത്കരണത്തില്‍ പുരോഗതി കൈവരിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം കമ്പനികളെ ഓര്‍മപ്പെടുത്തുകയും ചെയ്തു.
സ്വദേശിവത്കരണത്തില്‍ മികവ് പുലര്‍ത്തുന്ന കമ്പനികള്‍ക്ക് എമിററ്റൈസേഷന്‍ പാര്‍ട്ണേഴ്സ് ക്ലബില്‍ അംഗത്വം നല്‍കുന്നതടക്കമുള്ള പിന്തുണ നല്‍കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ അംഗത്വം ലഭിക്കുന്ന കമ്പനികള്‍ക്ക് മന്ത്രാലയത്തിന്റെ സര്‍വിസ് ഫീസില്‍ 80 ശതമാനം വരെ ഇളവ് ലഭിക്കും.
2022ന്റെ പകുതി മുതല്‍ 2025 ഏപ്രില്‍ വരെയുള്ള കാലയളവില്‍ വ്യാജ സ്വദേശിവത്കരണം നടപ്പാക്കിയതടക്കമുള്ള കൃത്രിമങ്ങള്‍ നടത്തിയ 2,200 സ്ഥാപനങ്ങളെ കണ്ടെത്തി. ഇവക്കെതിരെ നിയമനടപടിയും സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.മൂന്നുതരം നിയമലംഘനങ്ങളാണ് പിഴ ചുമത്തുന്നതിന് മന്ത്രാലയം ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
പിഴ ചുമത്താനുള്ള മൂന്ന് കാരണങ്ങൾ
1. വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്യുകയും കമ്പനി ഇമാറാത്തി ടാലന്റ് കോംപറ്റീറ്റിവ്നസ് കൗണ്‍സിലില്‍ (നാഫിസ്) നിന്ന് പിന്തുണ സ്വീകരിക്കുകയും ചെയ്ത ശേഷവും സ്വദേശി ജോലിയില്‍ ചേരാതിരിക്കുക.
2. ജോലിയില്‍ ചേര്‍ന്നശേഷം സ്ഥിരമായി ജോലിയില്‍ ഹാജരാവാതിരിക്കുക.
3. ജീവനക്കാരന് ജോലിയില്‍നിന്ന് പിന്‍വാങ്ങുകയും എന്നാല്‍ ഇക്കാര്യം കമ്പനി കൗണ്‍സിലിനെ അറിയിക്കാതിരിക്കുകയും ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

