പൗര സംഘടനകൾക്ക് ധനസമാഹരണത്തിന് സി.ഡി.എയുടെ അനുമതി വേണം
text_fieldsദുബൈ: പൊതുസംഘടനകൾക്ക് നിയന്ത്രണങ്ങളും നിയമാവലികളും ഏർപ്പെടുത്തി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പുറപ്പെടുവിച്ച പുതിയ നിയമ പ്രകാരം അനുമതിയില്ലാത്ത ധനസമാഹരണവും കുറ്റകരമാണ്.
കമ്യുനിറ്റി ഡവലപ്മെൻറ് അതോറിറ്റി (സി.ഡി.എ)യിൽ നിന്ന് അനുമതിയും അംഗീകാരവും നേടിയ സംഘടനകൾക്കു മാത്രമാണ് പ്രവർത്തന അനുമതി. രാഷ്ട്രീയ പ്രവർത്തനം, വംശീയമോ മതപരമോ ഭിന്നതക്ക് ഇടയാക്കുന്ന പ്രവർത്തനങ്ങൾ, രാഷ്ട്ര സുരക്ഷക്കും ഭരണ സംവിധാനത്തിനും വിരുദ്ധമായ പ്രവർത്തനങ്ങൾ എന്നിവ സംഘടനകൾക്ക് നടത്താനാവില്ല. സംഘടനയുടെ ലക്ഷ്യം, പ്രവർത്തന മേഖല, പ്രദേശങ്ങൾ, അംഗങ്ങൾ എന്നിവയെല്ലാം സംബന്ധിച്ച വിവരവും വ്യക്തമായ ഭരണഘടനയും സി.ഡി.എയെ അറിയിക്കേണ്ടതുണ്ട്. മുൻ കൂട്ടി അറിയിച്ചതിൽ നിന്ന് ഭിന്നമായ പ്രവർത്തനങ്ങൾ അനുവദനീയമല്ല.
സംഘടനകൾ രൂപവത്കരണ ഘട്ടത്തിൽ തന്നെ പ്രവർത്തനത്തിനാവശ്യമായ ഒരു ഫണ്ട് വകയിരുത്തേണ്ടതാണ്. ദേശസാൽകൃത ബാങ്കുകളിലൊന്നിൽ അക്കൗണ്ടും തുടങ്ങിയിരിക്കണം. രാജ്യത്തിന് പുറത്തുള്ള സംഘടനകളുമായി സഹകരണമോ ധാരണയോ അനുവദിക്കില്ല.
പത്രങ്ങളിലോ, സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ള മറ്റു മാർഗങ്ങളിലോ വഴി ഫണ്ട് സമാഹരണത്തിന് പരസ്യം ചെയ്യുന്നതിനു മുൻപ് സി.ഡി.എയിൽ നിന്ന് അനുമതി തേടേണ്ടതുണ്ട്.
അല്ലാത്ത പക്ഷം കർശന നടപടിക്ക് വിധേയമാവും. 500 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയാണ് നിയമലംഘകർക്കു മേൽ ചുമത്തുക. തെറ്റ് ആവർത്തിച്ചാൽ രണ്ടു ലക്ഷം വരെ പിഴയും പ്രവർത്തന അനുമതിയിൽ വിലക്കും ഉൾപ്പെടെ ശിക്ഷകൾക്കും കാരണമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.