മാജികിലൂടെ അതിശയിപ്പിക്കാൻ ദായാ എത്തുന്നു
text_fieldsദുബൈ: അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായ മജീഷ്യൻ ദായാ എജൂകഫേയിൽ തന്റെ അതിശയ പ്രകടനവുമായി എത്തുന്നു. കുട്ടിക്കാലം മാജിക്കിനെ സ്നേഹിച്ച തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ ഇദ്ദേഹം 20 വർഷത്തിലേറെയായി വിവിധ വേദികളിൽ മാജിക് അവതരിപ്പിക്കുന്നുണ്ട്. 1990കളുടെ തുടക്കത്തിൽ ഒരു നേരംപോക്കായി മാജിക് പരിശീലനം ആരംഭിച്ചതാണ് ദായാ. എന്നാൽ, പിന്നീട് മുഴുസമയം മാജിക്കിലേക്ക് പ്രവേശിച്ച അദ്ദേഹം വ്യത്യസ്തമായ അവതരണത്തിലൂടെയാണ് ഇന്ത്യയിലെയും ആഗോളതലത്തിലെയും വേദികൾ കീഴടക്കിയത്. ദീർഘനാളത്തെ പരിശ്രമത്തിലൂടെ മജീഷ്യനെന്നതിന് പുറമെ ഇല്യൂഷനിസ്റ്റ് എന്നനിലയിലും മികവു തെളിയിക്കാനായി.
മാജിക്കിലെ സാധാരണ രീതികളെ വെല്ലുവിളിച്ചാണ് മാന്ത്രികതയുടെയും അത്ഭുതത്തിന്റെയും പുതിയ മേഖലകൾ ദായാ രൂപപ്പെടുത്തിയത്. 1500ഓളം സ്റ്റേജ് മാജിക് ഷോകളും 5000 ക്ലോസപ് മാജിക്കുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രശസ്തമായ ടി.വി ഷോകളും അവതരിപ്പിച്ചു. സംവേദനാത്മകവും വിസ്മയിപ്പിക്കുന്നതുമായ ഷോകളായതിനാൽ ഇവയെല്ലാം സദസ്സിനെ അത്യധികം വിനോദിപ്പിച്ചിട്ടുണ്ട്. ജർമനി, സ്വീഡൻ, ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളിലെ അന്താരാഷ്ട്ര മാജിക് കൺവെൻഷനുകളിൽ പങ്കെടുത്ത് അവാർഡുകൾ നേടിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെ വലിയ വിദ്യാഭ്യാസ-കരിയർ പ്രദർശനമായ എജൂകഫേയിൽ ആദ്യദിനമായ ഞായറാഴ്ച വൈകീട്ട് 6.30നാണ് ദായയുടെ ഷോ അവതരിപ്പിക്കുക. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആസ്വാദ്യകരമായ അനുഭവമായിരിക്കുമിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

