‘സേവന കേന്ദ്രങ്ങളില്ലാത്ത ദിനം നാളെ’
text_fieldsദുബൈ: സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ദുബൈയിലെ കേന്ദ്രങ്ങളെല്ലാം നാളെ അടച്ചിടും. ഉപഭോക്താക്കളുടെ ഇടപാടുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ‘സേവന കേന്ദ്രങ്ങളില്ലാത്ത ഒരു ദിനം’ എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങളും സര്‍ക്കാരിലേക്ക് അടക്കേണ്ട ഫീസും സ്മാര്‍ട്ട് ചാനല്‍ വഴി മാത്രമാക്കാനാണ് ദുബൈ ധനവകുപ്പ് ലക്ഷ്യമിടുന്നത്.
ദുബൈയെ ലോകത്തെ ഏറ്റവും സന്തോഷകരമായ നഗരമായി മാറ്റുന്നതിന് വേണ്ടി യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്മാര്‍ട്ട് ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനാവും സേവനകേന്ദ്രങ്ങള്‍ നാളത്തെ ദിനം ഉപയോഗിക്കുക. അടുത്ത പ്രവർത്തി ദിവസം മുതൽ സേവന കേന്ദ്രങ്ങള്‍ സാധാരണപോലെ പ്രവര്‍ത്തിക്കും.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ദുബൈ എയർപോർട്ട്, കോടതികൾ, കസ്റ്റംസ്, ദേവ, മുൻസിപ്പാലിറ്റി, പൊലീസ്, ആർ.ടി.എ തുടങ്ങി 34 പൊതു സ്ഥാപനങ്ങളും നിരവധി സ്വകാര്യ സ്ഥാപനങ്ങളും നൽകുന്ന 950 ൽ ഏറെ സേവനങ്ങൾ സ്മാര്‍ട്ട് ഫോണുകളിലും മറ്റും ലഭ്യമാകുന്ന ആപ്പുകളില്‍ കൂടി മാത്രമെ നാളെ ലഭ്യമാകൂ. ‘ദുബൈ നൗ’ പോലുള്ള സര്‍ക്കാര്‍ ആപ്പുകളിൽ അനവധി സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിമാത്രമാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് പണവും സമയവും ലാഭിക്കാനാവും. ഗതാഗതത്തിരക്ക് കുറക്കുക, ഇന്ധനം ലാഭിക്കുക, കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുക, പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നിവയൊക്കെ പദ്ധതിയുടെ ലക്ഷ്യങ്ങളില്‍പെടുന്നു.